പാലക്കാട് : പാലക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ ആകില്ലെന്ന ബിജെപി നിലപാടിലെ ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലേക്ക്. ഈ മാസം 29 ന് കേന്ദ്രആഭ്യന്തര മന്ത്രി കേരളത്തിൽ എത്തും. സംസ്ഥാനത്തെ ക്രമസമാധാന നില അദ്ദേഹം വിലയിരുത്തും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായും ആശയ വിനിമയം നടത്തും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രിയുടെ വരവ്. ബിജെപി നേതൃത്വവുമായും കേന്ദ്ര ആഭ്യന്തര മന്ത്രി ചർച്ച നടത്തും.

കേരളത്തിൽ ഇനി അമിത് ഷായുടെ സജീവ ശ്രദ്ധയുണ്ടാകുമെന്നാണ് സൂചന. രാഷ്ട്രീയമായി ബിജെപിയെ വളർത്താൻ വേണ്ടി കൂടിയാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള തന്ത്രങ്ങളും അമിത് ഷാ ഒരുക്കും. ക്രൈസ്തവ വിഭാഗങ്ങളുമായും ചർച്ചയുണ്ടാകും. ലൗ ജിഹാദ് വിഷയവും സജീവമായി ചർച്ചയാക്കും. പോപ്പുലർ ഫ്രണ്ടിനെതിരെ ഇതെല്ലാം ആയുധമാക്കാനാകും ശ്രമിക്കുക. പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തെ ഗൗരവമുള്ള വിഷയമായി കണക്കാക്കും. എന്നാൽ ഇതിനെല്ലാം പിന്നിൽ പോപ്പുലർ ഫ്രണ്ടിനും എസ് ഡി പി ഐയ്ക്കും എതിരായ ബിജെപി ഗൂഢാലോചനയാണെന്ന് എസ് ഡി പി ഐയും പറയുന്നു.

സുബൈറിനെ കൊന്നതിലുള്ള പ്രതികാരമായിരുന്നു ശ്രീനിവാസന്റെ കൊല. എന്നാൽ ആർഎസ്എസ് പ്രവർത്തകർ സുബൈറിനെ വകരുത്തിയത് എങ്കിലും അതിന് പ്രാദേശിക ഗൂഢാലോചന സ്വഭാവമാണുള്ളതെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ പാലക്കാട്ടെ തിരിച്ചടി കൊല അങ്ങനെ അല്ല. നിരപരാധിയെയാണ് വകവരുത്തിയത്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. പാവങ്ങളെ ബോംബ് സ്‌ഫോടനത്തിലൂടെ തീവ്രവാദികൾ കൊല്ലുന്നതിന്റെ മറ്റൊരു മോഡലാണ് ശ്രീനിവാസനെ കൊന്നതെന്നാണ് വിലയിരുത്തൽ.

രാജ്യത്തിന്റെ പലഭാഗങ്ങളിലായി പോപ്പുലർഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമെന്ന നിലയിലാണ് ശ്രീനിവാസന്റെ മരണത്തെയും കാണുന്നതെന്ന് ബിജെപിയും കുറ്റപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുക എന്നാതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചു. ഈ സാഹചര്യത്തിലാണ് അമിത് ഷാ കേരളത്തിലേക്ക് എത്തുന്നത്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഗവർണ്ണറുമായി ആഭ്യന്തരമന്ത്രി ചർച്ച നടത്തിയേക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് സുരേന്ദ്രന്റെ ഇന്നത്തെ പ്രസ്താവന.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ട്. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിച്ചപ്പോൾ സർക്കാർ എതിർത്തു. വാദം കേൾക്കുമ്പോൾ പ്രതികളുടെ വാദം കൂടി കേൾക്കണം എന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ പറഞ്ഞത്. എന്ത് വിചിത്രമായ വാദമാണ് ഇത്. പോപ്പുലർ ഫ്രണ്ടിനോട് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ചോദിച്ചു.

സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നുണ്. ഇതാണ് അവർക്ക് അരുംകൊലകൾ ചെയ്ത് കൂട്ടാൻ ഊർജ്ജം നൽകുന്നത്. ഭീകരാവാദ കേസുകൾ അന്വേഷിക്കുന്നകാര്യത്തിൽ കേരള പൊലീസ് വളരെ പിന്നിലാണ്. സർക്കാർ പ്രതികളെ സഹായിക്കുന്ന നിലപാടാണ് കോടതിയിൽ ഉൾപ്പെടെ നടക്കുന്നത്. പൊലീസിന്റെ കൈകളിൽ വിലങ്ങ് വെച്ചിരിക്കുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണമെന്നും സുരേന്ദ്രൻ പറയുന്നു.

വിഷയം കേന്ദ്രസർക്കാരുമായി നിരന്തം ചർച്ച ചെയ്യുകയാണ്. ഈ മാസം 29 ന് കേന്ദ്രആഭ്യന്തര മന്ത്രി കേരളത്തിൽ എത്തും. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രതികളെ സർക്കാർ സഹായിക്കുന്നു. മറ്റൊരു സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ടിന് രാഷ്ട്രീയ സഹായം ഇല്ലെന്നും സുരേന്ദ്ര കുറ്റപ്പെടുത്തുന്നു.

എസ്ഡിപിഐ രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടനയാണ്. രാജ്യത്തെ തകർക്കുന്ന സംഘടന. അത് മറക്കരുത്. സമാധാനത്തിന്റെ കൂടെയാണ് ബിജെപി. ഇന്നും ആത്മസംയമനത്തോടെയാണ് നിൽക്കുന്നത്. എന്നാൽ അത് ദുർബലതയാണെന്ന് കണക്കാക്കി ബിജെപിയെ തുടർച്ചയായി ആക്രമിക്കുകയാണ് പോപ്പുലർഫ്രണ്ട് എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന സിപിഎമ്മിന്റെ ആരോപണത്തിന് മുറുപടിയും സുരേന്ദ്രൻ നൽകുന്നു. രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് പങ്കുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം മറുപടി അർഹിക്കാത്തതാണ്. അവരുടെ കൈയിലല്ലേ ആഭ്യന്തരം എന്റെ മടിയിലല്ലല്ലോ.അങ്ങനെയെങ്കിൽ എന്നെ അറസ്റ്റ് ചെയ്തോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു രംഗത്തു വന്നിരുന്നു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം. ബിജെപി അധ്യക്ഷന്റെ സന്ദശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

പോപുലർ ഫ്രണ്ട് നേതാവ് സുബൈറാണ് പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പാലക്കാട് വന്നിരുന്നു. ഇത് നേതൃത്വത്തിന്റെ പങ്കിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്. കൊലയാളി സംഘം മുൻകൂട്ടി പ്ലാൻ ചെയ്ത് ചില കേന്ദ്രങ്ങളിൽ സംഘടിച്ചിരിക്കുന്നു. ആർഎസ്എസ്-എസ്ഡിപിഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകമുണ്ടായതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.