- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ആലപ്പുഴയിൽ പൊലിഞ്ഞത് ഷാനിന്റെയും രഞ്ജിതിന്റെയും ജീവൻ; ഇന്ന് പാലക്കാടിന്റെ നോവായി സുബൈറും ശ്രീനിവാസനും; കൊലയ്ക്ക് മറുകൊലയുമായി ആർ.എസ്.എസ്-എസ്.ഡി.പി.ഐ. വൈര്യം; വിറങ്ങലിച്ച് കേരളം; നോക്കുകുത്തിയായി ഇന്റലിജൻസും പൊലീസും
പാലക്കാട്: രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. ജില്ലയിൽ കനത്ത ജാഗ്രത പുലർത്തുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും 24 മണിക്കൂർ തികയുംമുമ്പേയാണ് ആർ.എസ്.എസ്. നേതാവ് ശ്രീനിവാസനെയും കൊലപ്പെടുത്തിയത്.
ആർ.എസ്.എസ്-എസ്.ഡി.പി.ഐ. വൈരത്തിന്റെ പുതിയ ഇരകളാണ് സുബൈറും ശ്രീനിവാസനും. കൊലയ്ക്ക് മറുകൊല, കൊലക്കത്തികൊണ്ട് കണക്കുതികച്ച് അക്രമം തുടരുമ്പോൾ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് സംസ്ഥാന ഇന്റലിജൻസും പൊലീസുമെന്നാണ് ആക്ഷേപം ഉയരുന്നത്.
വെള്ളിയാഴ്ച എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്ന് 24 മണിക്കൂർ തികയുംമുമ്പേയാണ് ആർ.എസ്.എസ്. നേതാവിനെയും പാലക്കാട്ട് കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ കണ്മുന്നിലിട്ടാണ് സുബൈറിനെ വെട്ടിക്കൊന്നത്. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പിന്നാലെ മറ്റൊരു കാറിൽ അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാലക്കാട് മേലാമുറിയിൽ ആർ.എസ്.എസ്. നേതാവായ ശ്രീനിവാസനെ വെട്ടിക്കൊന്നത്. മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർ.എസ്.എസിന്റെ മുൻ ശാരീരിക് ശിക്ഷൺ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ.
കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയുടെ ഉള്ളിൽകയറിയാണ് മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിയത്. ഒരു കൊലപാതകം അരങ്ങേറി മണിക്കൂറുകൾക്കുള്ളിൽ പ്രതികാരക്കൊല. പൊലീസിന് വൻ വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നതാണ് ശനിയാഴ്ച മേലാമുറിയിൽ നടന്ന കൊലപാതകം.
2021 നവംബറിൽ ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിതുകൊല്ലപ്പെട്ടതിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും ആരോപിച്ചിരുന്നു. അക്രമികൾ ഉപയോഗിച്ച കാർ സഞ്ജിത്തിന്റേതാണെന്നും കണ്ടെത്തി. ശനിയാഴ്ച രാവിലെ അക്രമിസംഘം സഞ്ചരിച്ച രണ്ടാമത്തെ കാർ മറ്റൊരിടത്ത് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. ഈ കേസിൽ പ്രതികളെ പിടികൂടാൻ പൊലീസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ശനിയാഴ്ച മറ്റൊരു കൊലപാതകവും ഉണ്ടായത്.
മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ ആർ.എസ്.എസ്-എസ്.ഡി.പി.ഐ. വൈര്യത്തെ തുടർന്ന് അരങ്ങേറിയ കൊലപാതകങ്ങൾക്ക് സമാനമായ കണക്കുതീർക്കൽ. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് അന്ന് ആലപ്പുഴയിൽ കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കിടെയായിരുന്നു ഈ രണ്ട് കൊലപാതകങ്ങളും.
ഡിസംബർ 18-ന് രാത്രിയാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നത്. ഈ സംഭവത്തിന്റെ നടുക്കം മാറുംമുമ്പേ രണ്ടാമത്തെ കൊലപാതകവും ജില്ലയിൽ അരങ്ങേറി. ആലപ്പുഴ നഗരത്തിനോട് ചേർന്ന വെള്ളക്കിണറിലെ വീട്ടിൽവെച്ച് രഞ്ജിത്് ശ്രീനിവാസിനെ ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ വീട്ടുകാരുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. ഈ രണ്ട് വധക്കേസുകളിലുമായി ആർ.എസ്.എസ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു.
പാലക്കാട് രണ്ടുവർഷം മുമ്പുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് മേഖലയിൽ ആർ.എസ്.എസ്-പോപ്പുലർ ഫ്രണ്ട് സംഘർഷം ഉടലെടുക്കുന്നത്. ആർ.എസ്.എസ്. പ്രവർത്തകനായ സഞ്ജിതിന്റെ ബൈക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗങ്ങൾക്കുമിടയിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. സംഘർഷത്തിന്റെ തുടർച്ചയായി സഞ്ജിത്തിന്റെ ചായക്കട തീവെച്ച് നശിപ്പിച്ചു. ഇതിനുപിന്നാലെയാണ് എസ്.ഡി.പി.ഐ. പ്രവർത്തകനായ സക്കീർ ഹുസൈന് വെട്ടേറ്റത്.
സക്കീർ ഹുസൈനെ ആക്രമിച്ചതിന് പ്രതികാരമായാണ് 2021 നവംബർ 15-ന് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ മമ്പറത്തുവെച്ച് വെട്ടിക്കൊന്നത്. ഭാര്യയുമായി ബൈക്കിൽ പോകുന്നതിനിടെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ കണ്മുന്നിലിട്ടാണ് അക്രമിസംഘം സഞ്ജിത്തിന്റെ വെട്ടിനുറുക്കിയത്.
സഞ്ജിത്തുകൊലക്കേസിൽ പ്രതികളെ പിടികൂടാൻ വൈകിയത് ഏറെ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. അക്രമികൾ ഉപയോഗിച്ച കാർ മണിക്കൂറുകൾക്കുള്ളിൽ തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചുമാറ്റിയതും പൊലീസിനെ ഞെട്ടിച്ചു. ഒടുവിൽ ആഴ്ചകൾക്ക് ശേഷമാണ് സഞ്ജിത്ത് വധക്കേസിലെ പല പ്രതികളെയും പൊലീസിന് പിടികൂടാനായത്. ഇവരെല്ലാം എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു.
സഞ്ജിത്തുകൊല്ലപ്പെട്ട് നാലുമാസത്തിന് ശേഷമാണ് എസ്.ഡി.പി.ഐ. പ്രവർത്തകനായ സുബൈറിനെ വെട്ടിക്കൊന്നത്. സഞ്ജിത്ത് വധത്തിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുബൈറിനെ ആക്രമിക്കാനെത്തിയവർ സഞ്ചരിച്ച കാർ കൊല്ലപ്പെട്ട സഞ്ജിത്തിന്റേതാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ സഞ്ജിത്തുകൊല്ലപ്പെടുന്നതിന് മുമ്പേ കാർ വർക്ക്ഷോപ്പിലായിരുന്നു എന്നും പിന്നീട് കാറിനെ സംബന്ധിച്ച് അന്വേഷിച്ചില്ലെന്നുമാണ് സഞ്ജിത്തിന്റെ ബന്ധുക്കളുടെ പ്രതികരണം.
പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ മുൻകരുതലുകൾ കടുപ്പിക്കാനാണ് നിർദ്ദേശം. എല്ലാ ജില്ലയിലിലെയും പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഡിജിപിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കാട്ടെ കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തും.
അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കും. കൊലപാതകങ്ങൾ ആവത്തിക്കാതിരിക്കാൻ കരുതൽ അറസ്റ്റിലേക്ക് പോകാനാണ് ഡിജിപി നൽകിയ നിദ്ദേശം. ഇന്നലെ പോപ്പുലർ ഫ്രണ്ട് നേതാവും 24 മണിക്കൂറിനുള്ളിൽ ഇന്ന് ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുൻകരുതലുകൾ കൂടുതൽ കടുപ്പിപ്പിക്കാൻ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്.
പകരത്തിന് പകരം കൊലപാതകങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ പൊലീസിനെ നേരെയും വിമർശനമുയർന്നിട്ടുണ്ട്. കാര്യമായ മുൻകരുതൽ പൊലീസ് കാണിച്ചില്ലെന്നാണ് വിമർശനം. രണ്ടാമത്തെ കൊലപാതകം കൂടിയുണ്ടായതോടെ പാലക്കാട്ട് ക്രമസമാധാനം ഉറപ്പിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചു. നിലവിലെ മൂന്ന് കമ്പനി പൊലീസ് സംഘത്തിന് പുറമെ മൂന്ന് കമ്പനി പൊലീസിനെ കൂടി പാലക്കാട്ടേക്ക് നിയോഗിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്കെത്തും. ജില്ലയിൽ ക്യാമ്പ് ചെയ്തുകൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.
മറുനാടന് മലയാളി ബ്യൂറോ