ഇരിട്ടി(കണ്ണൂർ): മണ്ണിന്റെ മക്കളായ ആദിവാസികളുടെ അർഹതപ്പെട്ട ഭൂമി ആദിവാസികൾക്കു തന്നെ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. നടത്തിയ ആറളം ഭൂമി പിടിച്ചെടുക്കൽ സമരം പൊലീസ് തടഞ്ഞു. ആദിവാസികളുടെയും ദലിതരുടെയും അവകാശ പോരാട്ടങ്ങൾക്ക് അവസാന ശ്വാസം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആദിവാസികളുൾപ്പെടെ ആയിരങ്ങളാണ് അണിചേർന്നത്.

കീഴ്പ്പള്ളിയിൽ നിന്നു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനമായി ഫാമിലേക്ക് നീങ്ങിയ സമര വോളന്റിയർമാരെ ഫാമിന് ഏതാനും വാര അകലെ കക്കുവ പാലത്തിൽ വച്ചാണ് ഇരിട്ടി പൊലീസ് തടഞ്ഞത്. തുടർന്ന് നേരിയ തോതിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. സമരം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടൻ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു. സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു, എസ്.ഡി.പി.ഐ. നേതാക്കളായ നാസറുദ്ദീൻ എളമരം, സാംകുട്ടി ജേക്കബ്, എം കെ മനോജ് കുമാർ, പി അബ്ദുൽ ഹമീദ് മാസ്റ്റർ, ഉസ്മാൻ പെരുമ്പിലാവ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറി ബി ശംസുദ്ദീൻ മൗലവി, വയനാട് ജില്ലാ പ്രസിഡന്റ് പി ആർ കൃഷ്ണൻ കുട്ടി, സെക്രട്ടറി ടി അബ്ദുന്നാസിർ സംസാരിച്ചു.

ആദിവാസി സമൂഹത്തെ മനുഷ്യരായി കാണാൻ തയ്യാറാവാത്ത ഭരണകൂടങ്ങൾക്കെതിരേ ജനാധിപത്യ രീതിയിൽ പോരാട്ടം തുടരുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം പറഞ്ഞു. ആറളം ഫാമിലെ ഭൂമി യഥാർത്ഥ അവകാശികളായ ആദിവാസികൾക്കു തന്നെ തിരിച്ചു നൽകാൻ അധികൃതർ തയ്യാറാവണം. ഭൂമി തിരിച്ചു കൊടുക്കുംവരെ എസ്.ഡി.പി.ഐ. സമരപാതയിലുണ്ടാവും. അടിസ്ഥാന ജനവിഭാഗത്തിന്റെ ജന്മാവകാശത്തിനു വേണ്ടിയുള്ള സമരം വരാൻ പോകുന്ന പ്രക്ഷോഭങ്ങളുടെ തുടക്കം മാത്രമാണ്. അട്ടപ്പാടിയടക്കമുള്ള ആദിവാസി ഊരുകളിൽ വർധിച്ചു വരുന്ന ശിശുമരണങ്ങളും മറ്റു അടിസ്ഥാന പ്രശ്‌നങ്ങളും എൽ.ഡി.എഫ്.-യു.ഡി.എഫ്. കക്ഷികൾ രാഷ്ട്രീയ കിടമൽസരത്തിനുള്ള വിഷയം മാത്രമാക്കി മാറ്റുകയാണെന്നും ഇവരിൽ നിന്നു മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.