- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പേരിൽ കെഎസ്ആർടിസി ജീവനക്കാരന് നേരെ വധശ്രമം; പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം; ബസ് വഴിയിൽ തടഞ്ഞ് കയ്യേറ്റം ചെയ്തത് സംയുക്ത ക്രൈസ്തവ സമിതി പ്രവർത്തകനെ; കുട്ടികൾക്ക് നേരെ ആക്രമണം ഉണ്ടായതായും പരാതി
ഇടുക്കി: തൊടുപുഴ ടൗണിൽ പട്ടാപ്പകൽ എസ്ഡിപിഐ ഗുണ്ടാ വിളയാട്ടം. കെഎസ്ആർടിസി ബസിനുള്ളിൽ വച്ചാണ് സംയുക്ത ക്രൈസ്തവ സമിതി പ്രവർത്തകന് നേരെ എസ്ഡിപിഐ പ്രവർത്തകരുടെ വധശ്രമമുണ്ടായത്. കൊച്ചുകുട്ടികളായ സ്വന്തം മക്കളുടെ മുന്നിൽ വച്ചായിരുന്നു കയ്യേറ്റം. കുട്ടികളേയും ആക്രമിച്ചെന്ന് പരാതിയുണ്ട്. സാരമായി പരിക്കേറ്റ വെള്ളക്കയം സ്വദേശി മധുസുതൻ (മനോജ്) സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ് മധുസുതൻ. കഴിഞ്ഞദിവസം രാവിലെ മുള്ളരിങ്ങാട് വെള്ളക്കയത്ത് നിന്നും കുട്ടികളുടെ ജന്മദിനത്തിന് സമ്മാനം വാങ്ങാൻ അവരുമായി തൊടുപുഴയിലേക്ക് യാത്രചെയ്യുമ്പോഴാണ് മധുസുതന് നേരെ ആക്രമണമുണ്ടായത്. അയാൾ വണ്ണപ്പുറം എത്തിയപ്പോൾ അപരിചിതരായ രണ്ടുപേർ ആ ബസിന്റെ പുറത്തുവന്ന് അയാളോട് പുറത്തേക്കിറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മധുസുതൻ പുറത്തിറങ്ങാൻ തയ്യാറായില്ല.
ബസ് മങ്ങാട്ടുകവല എത്തിയപ്പോൾ എത്തിയപ്പോൾ ഒരുസംഘം എസ്ഡിപിഐ പ്രവർത്തകർ വാഹനം തടയുകയായിരുന്നു. ഈ സമയം പുറകിലിരുന്ന ഒരു യാത്രക്കാരൻ അയാളെ ചൂണ്ടിക്കാണിച്ചിട്ട് ഇറങ്ങിപ്പോയെന്ന് മധുസുതൻ തൊടുപുഴ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.മധുസുതനെ തിരിച്ചറിഞ്ഞതോടെ എസ്ഡിപിഐ പ്രവർത്തകർ അയാളുടെയും മക്കളുടെയും അടുത്തേക്ക് പാഞ്ഞു അടുക്കുകയും അയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിനിടയിൽ ആക്രമി സംഘം 'പോപ്പുലർ ഫ്രണ്ടിനെ നിനക്ക് അറിയാൻ പാടില്ല. സൂക്ഷിച്ചില്ലെങ്കിൽ നീ വിവരം അറിയും' എന്നൊക്കെ ആക്രോശിച്ചതായും പരാതിയിൽ പറയുന്നു. ഇതിനിടയിൽ പേടിച്ചുപോയ കുട്ടികൾ എന്തുചെയ്യണമെന്നറിയാതെ നിസഹായരായി നിൽക്കുകയായിരുന്നു.
അവർ സഞ്ചരിച്ച ബസിൽ ഏകദേശം മുപ്പതിനോടടുത്ത് യാത്രക്കാരും ഉണ്ടായിരുന്നു. എന്നാൽ ആദ്യം ഏതോ പോക്കറ്റടിക്കാരനെ കൈകാര്യം ചെയ്യുന്നുവെന്നാണ് അവർ കരുതിയത്. അതിനാൽ അവർ പ്രശ്നത്തിൽ ഇടപെടാൻ തയ്യാറായില്ല. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് മധുസുതന് ജീവൻ തിരിച്ചുകിട്ടിയതെന്ന് മധുസുതന്റെ സുഹൃത്തുക്കൾ പറയുന്നു. കുട്ടികൾക്കും മർദ്ദനത്തിൽ പരിക്കേറ്റതായി പരാതിയുണ്ട്. മനോജിന്റെ തലയ്ക്കും തലയുടെ പുറകിലും കഴുത്തിലും മാരകമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്. ശരീരമാസകലം ചതവും സംഭവിച്ചിട്ടുണ്ട്. 'കുട്ടികൾ ഉള്ളതുകൊണ്ട് മാത്രം തന്നെ ഇപ്പോൾ കൊല്ലുന്നില്ല' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് അവർ മടങ്ങിയതെന്നും മധുസുതൻ പറയുന്നു.
പരിക്കേറ്റ മധുസുതനെ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തൊടുപുഴ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടെ നിന്നും അദ്ദേഹത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കെഎസ്ആർടിസിയിൽ ടിഡിഎഫ് യൂണിയനിൽ അംഗമായിരുന്നു മധുസുതൻ. എന്നാൽ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന മതപരമായ തർക്കങ്ങളെ തുടർന്ന് കുറച്ചുകാലമായി അയാൾ ബിഎംഎസ് യൂണിയനുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ ഇയാൾ പങ്കുവച്ച ചില പോസ്റ്റുകളുടെ പേരിൽ തർക്കങ്ങളും നിലനിന്നിരുന്നു. ഖുറാൻ സംബന്ധമായി ഈയിടെ മധുസുതൻ പങ്കുവച്ച ഒരു പോസ്റ്റാണ് ആക്രമണത്തിന് കാരണമായതെന്നാണ് കരുതുന്നത്. വിദ്വേഷപരമായ പോസ്റ്റുകൾ പങ്കുവച്ചതിന് മധുസുതനെതിരെ കേസുണ്ടെന്ന് തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ മറുനാടനോട് പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. എട്ട് പേരുള്ള സംഘമാണ് മർദ്ദിച്ചതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും അവർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ