- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി സർക്കാരിന്റെ ശ്രമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ; മതേതര പാർട്ടികളുടെ അജണ്ട ഹിന്ദുത്വ ക്യാൻവാസിലേക്ക് മാറി; ആ പാർട്ടി നേതാക്കൾ മോഹൻ ഭാഗവതിന്റെ ഭാഷയിൽ സംസാരിക്കുന്നത് ബോധപൂർവ്വമാണ് എന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി
കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി സർക്കാർ നടത്തി വരുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി. മതേതര പാർട്ടികളുടെ അജണ്ട ഹിന്ദുത്വ ക്യാൻവാസിലേക്ക് മാറിയതായും കേരളത്തിലുൾപ്പെടെയുള്ള മതേതര പാർട്ടി നേതാക്കൾ മോഹൻ ഭാഗവതിന്റെ ഭാഷയിൽ സംസാരിക്കുന്നത് ബോധപൂർവ്വമാണ് എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി.പി.ഐ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
സംഘ് പരിവാർ പ്രചരിപ്പിക്കുന്ന പൊതുബോധത്തോടൊപ്പം സഞ്ചരിക്കാൻ പാർട്ടികൾ മത്സരിക്കുന്നത് യാദൃശ്ചികമല്ല. മതേതര പാർട്ടികൾ ഫാഷിസത്തിനെതിരാണെന്ന് പറയുകയും ഫാഷിസത്തെ എതിർക്കാതെ ഒളിച്ചോടുകയും ചെയ്യുന്നു. ഫാഷിസം ഉള്ളിടത്തെല്ലാം അതിനെതിരേ ജനാധിപത്യ പരമായി പോരാടുന്ന ദൗത്യമാണ് എസ്.ഡി.പി.ഐ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. അദാനിയുടേയും അംബാനിയുടെയും ജോലിക്കാരായി കർഷകരെ മാറ്റുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിലും ഇടതു പക്ഷ സർക്കാർ ഹിന്ദുക്കളെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഫാഷിസ വിരുദ്ധ സർക്കാരാണ് എന്നാണ് പറച്ചിൽ. എന്നാൽ അധികാരത്തിലിരിക്കുമ്പോൾ ഫാഷിസത്തിനെതിരെ ഒരു ചെറു വിരലനക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല. മറിച്ച് സിപിഎം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം എന്ന് പറയുന്നത് അവരുടെ ബുദ്ധിജീവികളുടെ ഒരു പടിയായി മാറിയിരിക്കുന്നു. സിപിഎം നേതാക്കൾ ഏതെങ്കിലും അവസരത്തിൽ ഇതിനെതിരെ സംസാരിച്ചാൽ മോഹൻ ബാഗവതിന്റെ ഭാഷയാണ് പുറത്ത് വരുന്നത്. ഇവിടെ ഹിന്ദുത്വത്തിനൊപ്പം നിന്നുകൊണ്ട് രാഷ്ട്രീയത്തെ എങ്ങനെ കൊണ്ടു പോകാം എന്നതാണ് അവർ ആലോചിക്കുന്നത്. കോൺഗ്രസ്സും സമാന ചിന്താഗതിക്കാരാണ് എന്നും ഫൈസി ആരോപിച്ചു. ഫാഷിസം മുന്നോട്ട് വയ്ക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടിനെതിരെ ഈ രാജ്യത്തെ മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, പട്ടികജാതിക്കാർ മറ്റു പിന്നോക്ക വിഭാഗക്കാർ തുടങ്ങിയവരെ ഒരു അമിയിൽ ഒരുമിപ്പിച്ച് നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് എസ്.ഡി.പി.ഐയ്ക്ക് ഉള്ളതെന്നും അതിനാൽ എല്ലാ ജനപ്രതിനിധികളും അതിനായി പ്രയത്നിക്കണമെന്നും ഫൈസി പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയി അറക്കൽ, തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ.അബദുൽ ജബ്ബാർ, പി.ആർ.സിയാദ്, കെ.എസ്.ഷാൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി.പി. മൊയ്തീൻ കുഞ്ഞ്, ഇ എസ് കാജാ ഹുസൈൻ, വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന ടീച്ചർ,മുസ്തഫ മാസ്റ്റർ, ബഷീർ കണ്ണാടിപ്പറമ്പ്,ഷെമീർ മാഞ്ഞാലി,വി എം.ഫൈസൽ എന്നിവർ സംസാരിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.