കുവൈത്ത് : ബദൽ മുന്നേറ്റത്തിന് തെരെഞ്ഞെടുപ്പ് വിനിയോഗിക്കാൻ പൗരസമൂഹം തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ ആവശ്യപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള ഘടകം അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിന്റെ ഭാഗമായി ജനപക്ഷ രാഷ്ട്രീയ ബദൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ബദൽ രാഷ്ട്രീയത്തുന്റെ മുന്നേറ്റം അത്യന്താപേക്ഷികമാണ്. ഈ ഒരു ദൗത്യം സംസ്ഥാന ദേശീയ തലത്തിൽ നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ് എസ്ഡിപിഐ. ജനാധിപത്യത്തിന്റെ പഴുതിലൂടെ അധികാരത്തിൽ വന്ന മോദി സർക്കാർ കോർപ്പറേറ്റുകൾക്കുവേണ്ടിയാണ് ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ തണലിൽ ആർ എസ് എസും മറ്റു സംഘപരിവാര ശക്തികളും രാജ്യത്തിന്റെ ചിഹ്നങ്ങളും പൈതൃകങ്ങളും തകർത്തുകൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അജണ്ടകളാകുന്നില്ല. ഭരണം കേവലം കോപ്പറേറ്റുകളുടെ വളർച്ചയാണ് ലക്ഷ്യംവെക്കുന്നത്. സംസ്ഥാന സർക്കാറും കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഭരണപക്ഷമെന്നതും പ്രതിപക്ഷമെന്നതും  ഇടതു പക്ഷമെന്നതും വലതുപക്ഷമെന്നതുമൊക്കെ കേവലം ആലംഗാരികമായിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ പ്രതിപക്ഷദൗത്യംകൂടിയാണ് എസ്ഡിപിഐ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യരാജ്യത്ത് ജനാവകാശങ്ങൾ സംരക്ഷിക്കേണ്ടത് ജനങ്ങളുടെതന്നെ ഉത്തരവാദിത്തമാണ്. എന്നാൽ ഭരണകൂടങ്ങളോടുള്ള ഭീതി ഇതിനൊക്കെ തടസ്സമാവുകയാണ് .
ജനങ്ങൾക്കുവേണ്ടി സംസാരിച്ചാൽ തീവ്രവാദികളും വികസന വിരോധികളുമായി മുദ്രകുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ജനപക്ഷ വികസനത്തിന് ബദൽ രാഷ്ട്രീയ ശക്തിയായി എസ്ഡിപിഐ മുന്നേറുകയാണ്. വരുന്ന തദ്ദേശ തെരെഞ്ഞടുപ്പിൽ പാർട്ടി സംസ്ഥാനത്ത് ശക്തി തെളിയിക്കും. പാർട്ടിയുടെ വിജയത്തിന് പ്രവാസി സമൂഹത്തിന്റെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള ഘടകം പ്രസിഡന്റ്  മുസ്തഫ മുളയങ്കാവ് അധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് പ്രസിഡന്റ് അബ്ദുൽ സലാം പാങ്ങ് ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐയുടെ വിജയത്തിന് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ പൂർണ്ണ പിന്തുണയും സഹകരണവുണ്ടാവുമെന്നും  അതോടൊപ്പംതന്നെ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് പ്രചാരണവും കാംപയിനും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം എക്‌സിക്യുട്ടീവ് അംഗം വഹീദ് മൗലവി, യാത്രാ കുവൈറ്റ് പ്രസിഡന്റ്  അനിൽ ആനാട്, എറണാകുളം ജില്ലാ പ്രസിഡന്റ് എഞ്ചിനീയർ അബ്ദുൽ അബ്ദുറഹീം, അഷ്‌റഫ് കാളത്തോട് എന്നിവർ സംസാരിച്ചു. നവാസ് സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.