തിരുവനന്തപുരം: തെരുവുനായ്ക്കളുടെ അക്രമണങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരവം മനസ്സിലാക്കി തെരുവു നായകളെ നിയന്ത്രിക്കാൻ കേന്ദ്രനിയമം തടസ്സമാണെങ്കിൽ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെന്റിനോട് സമ്മർദ്ദം ചെലുത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു. 'തെരുവ്നായകളല്ല; മനുഷ്യ ജീവനാണ് പ്രധാനം' എന്ന മുദ്രാവാക്യമുയത്തി എസ്.ഡി.പി.ഐ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ ജീവനെടുക്കുന്ന ശത്രുക്കളുടെ രൂപത്തിലേക്ക് തെരുവ്നായകൾ വളർന്നിരിക്കുന്നു. മുഖംകടിച്ച് പറിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും നിസ്സഹായാവസ്ഥ എത്രയോ ദയനീയ രൂപങ്ങൾ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. എന്നിട്ടും അക്രമകാരികളായ നായകളെ എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്യുകയാണ് ഇപ്പോഴും. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ ഇന്ത്യയിൽ നിയമമുണ്ട്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിന്റെ പതിനൊന്നാം വകുപ്പിൽ ഇക്കാര്യം പ്രത്യേകമായി പറയുന്നുണ്ട്.ക്രിമിനൽ നടപടി പ്രകാരം ഈ മൃഗങ്ങളെ കൊല്ലുന്നതിന് കലക്ടർമാർക്ക് അധികാരമുണ്ട്. എന്നാൽ തെരുവ് നായകളെ കൊല്ലാൻ അനുമതി തേടുമ്പോൾ സുപ്രീം കോടതിയിലെ കേസും ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) നിയമമാണ് സർക്കാർ പ്രതിബന്ധമായി ചൂണ്ടിക്കാട്ടുന്നത്.

ജനങ്ങൾക്ക് നായകളുടെ കടി കൊള്ളേണ്ടത് വാക്സിൻ മാഫിയകളുടെ ആവശ്യമാണ്. ഇന്ത്യയിൽ ഒരുവർഷം 2,400 കോടിയുടെ പേവിഷ വാക്സിൻ കച്ചവടം നടക്കുന്നതായിട്ടാണ് ഔദ്യോഗിക വിവരം, അനൗദ്യോഗിക കണക്ക് പ്രകാരം 7,000 കോടിക്ക് മുകളിലാണ്. ഇതേ മാഫിയകൾ തന്നെയാണ് തെരുവ്നായകളെ കൊല്ലരുതെന്ന് പറയുന്ന സംഘടനകൾക്ക് രഹസ്യവഴിയിലൂടെ സഹായം ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരാണ് ഈ സംഘടനകൾക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. അതുകൊണ്ട് തന്നെ വാക്സിൻ കമ്പനികളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഭരണഘടനാപരമായ അവകാശം നിർവ്വഹിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ. ഇബ്രാഹീം മൗലവി, ജനറൽ സെക്രട്ടറി പൂന്തുറ നൗഷാദ്, വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, ജില്ലാ സെക്രട്ടറിമാരായ നിസാമുദ്ദീൻ തച്ചോണം, ഷബീർ ആസാദ്, എസ്.ഡി.റ്റി.യു ജില്ലാ ജനറൽ സെക്രട്ടറി നിസാർ പരിക്കുഴി തുടങ്ങിയവർ സംസാരിച്ചു.