- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി മുഴക്കിയ മുദ്രാവാക്യത്തെ അംഗീകരിക്കുന്നില്ല; തിരുത്തലുകൾ സ്വീകരിക്കും; റാലിയിൽ ഉടനീളം മുഴക്കിയ മുദ്രാവാക്യം ആർഎസ്എസിന് എതിരെയെന്നും എസ്ഡിപിഐ

കണ്ണൂർ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ മുഴക്കിയ മുദ്രാവാക്യം ആർ.എസ്.എസിനെതിരെയുള്ള മുദ്രാവാക്യമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. കണ്ണുർ അമാനി ഓഡിറ്റോറിയത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തെ സംഘടന അംഗീകരിക്കുന്നില്ല. അതിലെ പരാമർശങ്ങൾ സാമുദായിക ചേരിതിരിവുണ്ടാക്കാൻ മാത്രം തെറ്റിദ്ധാരണ പരത്തുന്നതാണ്. വളരെ ആഴത്തിലുള്ള തെറ്റിദ്ധാരണകൾ ഇതര സമുഹങ്ങൾക്കിടെയിൽ ഇത്തരം മുദ്രാവാക്യങ്ങൾ ഉണ്ടാകും. ഇതിനെ കുറിച്ചു സംഘടന അന്വേഷണം നടത്തി തിരുത്തലുകൾ സ്വീകരിക്കും.
അതേ സമയം ഫാസിസ്റ്റ് സംഘടനയായ ആർ.എസ്.എസിനെതിരെ പ്രഭാഷണം നടത്തുമ്പോൾ, വിമർശിക്കുമ്പോൾ ഫെയ്‌സ് ബുക്ക് പോസ്റ്റിടുമ്പോൾ, അത് ഹൈന്ദവ വിശ്വാസികൾക്കെതിരാണെന്ന് വരുത്തി തീർക്കുന്നത് ശരിയല്ല. അതു പൊതുബോധത്തിന് സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. ഇത്തരം സംഗതികളിൽ അറിഞ്ഞോ അറിയാതെയോ ആഭ്യന്തര വകുപ്പ് സംഘ്പരിവാറിനെ സഹായിക്കുകയാണ്. ആർ.എസ്.എസിനെതിരെ യുള്ള മുദ്രാവാക്യം മതസ്പർധയുണ്ടാക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല.
വംശീയമായാണ് കേരളത്തിലെ പൊലീസ് നിയമനടപടികൾ സ്വീകരിക്കുന്നത്. ആലപ്പുഴയിൽ നിന്നും വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൊണ്ട് ജയ് ശ്രീരാം പൊലീസ് നിർബന്ധിപ്പിച്ചു വിളിപ്പിക്കുന്ന സാഹചര്യമുണ്ടായി. ഭരണപക്ഷത്തിന്റെ സഹായത്തോടെയാണ് പി.സി ജോർജിന് ജാമ്യം കിട്ടിയത്. ഇത്തരം പരാമർശങ്ങൾ കൂടുതലാവാനാണ് ഇതു ഇടയാക്കുക.
അതേ സമയം പി.എഫ്.ഐയുടെ ജനമഹാസമ്മേളനത്തിൽ മതസ്പർധയുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ചെന്ന പേരിൽ ഒരാളെ അറസ്റ്റു ചെയ്ത്, റിമാൻഡ് ചെയ്തിരിക്കുന്നു. തൃക്കാക്കരയിൽ നാല് വോട്ടുകൾ കിട്ടുന്നതിനാണ് സർക്കാർ ഇങ്ങനെ ചെയ്യുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ. എസ്.ഡി.പി.ഐ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല. നാളെ സ്റ്റേറ്റ് കമ്മിറ്റിയും സെക്രട്ടറിയേറ്റും ചേർന്നതിന് ശേഷം പാർട്ടി നിലപാട് വ്യക്തമാക്കും. പി.സി ജോർജിനെ ഒളിവിൽ കഴിയാൻ ശ്രമിച്ചത് ഇടതു നേതാക്കളാണെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. എന്നാൽ പാർട്ടി അതു വിശ്വസിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷും പി.സി ജോർജും തമ്മിലുള്ള അടുപ്പം എല്ലാവർക്കും അറിയാമെന്നും മുവാറ്റുപുഴ അഷ്‌റഫ് മൗലവി ചുണ്ടിക്കാട്ടി.


