കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിയമ ഉപദേശകൻ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുവേണ്ടി കോടതിയിലെത്തിയ സംഭവത്തിലും കശുവണ്ടി കോർപ്പറേഷനിലെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ ചന്ദ്രശേഖരൻ നൽകിയ ഹരജിയുടെ വക്കാലത്ത് ഏറ്റെടുത്ത സംഭത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫ്.

അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് കയ്യടി വാങ്ങിയ ഉടനെ തന്നെയാണ് മുഖ്യമന്ത്രിയുടെ നിയമ ഉപദേശകന്റെ ഇടപെടൽ. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മാർട്ടിനുവേണ്ടി ഹാജരായതിന് തൊട്ടുപിന്നാലെയാണ്, സർക്കാർ എതിർ കക്ഷിയായ അഴിമതി കേസിൽ ദാമോദരന്റെ ഓഫീസ് വാദിഭാഗത്തുള്ളത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കും എന്ന തോന്നലുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുക മാത്രമാണ് മുഖ്യമന്ത്രിചെയ്യുന്നത്. അതേസമയം അഴിമതിക്കാരെ രക്ഷപ്പെടുത്തുന്നതിന് നിയമ ഉപദേശകന്റെ സേവനം നൽകുകയും ചെയ്യുന്നു. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുക തന്നെചെയ്യും.

ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിച്ചതിനെതിരെ എം.കെ ദാമോദരൻ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി വി എസ് അച്ചുതാനന്ദൻ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത് എന്നതും ഇതിനോട് ചേർത്ത് വായിക്കണം. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി നിലകൊള്ളുന്ന ഒരാൾക്കുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ കോടതിയിലെത്തിയിട്ടും ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കാൻ പോലും പ്രതിപക്ഷം തയ്യാറായിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.