- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപി പൊലീസിന്റെ പിടിയിലായ അൻഷാദ് ബദറുദ്ദീന്റെ കുടുംബ വീടിന് നേരെ സിപിഎം ആക്രമണം; എസ്ഡിപിഐയുടെ തിരിച്ചടിയിൽ സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീടിനും നാശം; പന്തളം ചേരിക്കൽ വീണ്ടും എസ്ഡിപിഐ-സിപിഎം സംഘർഷത്തിൽ കലുഷിതമാകുമ്പോൾ
പന്തളം: പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും സജീവ പ്രവർത്തകനായ ചേരിക്കൽ നസീമ മൻസിലിൽ അൻഷാദ് ബദറുദ്ദീൻ സ്ഫോടക വസ്തുക്കളുമായി യുപിയിൽ അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ജന്മനാടായ ചേരിക്കലിൽ എസ്ഡിപിഐ-സിപിഎം സംഘർഷം. അൻഷാദിന്റെ കുടുംബവീട് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു.
ബൈക്കിന് കേടുപാടുണ്ടാക്കി. എസ്ഡിപിഐയുടെ തിരിച്ചടിയിൽ സിപിഎം ഏരിയാ കമ്മറ്റിയംഗം ശാന്തപ്പന്റെ വീട് തകർന്നു. ഇരുവിഭാഗത്തിൽപ്പെട്ടവർ പരസ്പരം ആക്രമിച്ചതോടെ ആറു വീടുകളും വാഹനങ്ങളുമാണ് തകർന്നിട്ടുള്ളത്. അൻഷാദിന്റെ അറസ്റ്റും തുടർ വാർത്തകളും പുറത്തു വന്നതിന് പിന്നാലെയാണ് സംഘർഷം നടന്നിരിക്കുന്നത്. എസ്ഡിപിഐ-സിപിഎം സംഘർഷം പതിവായ സ്ഥലമാണ് ചേരിക്കൽ. വ്യാഴാഴ്ച പുലർച്ചെ ഒന്നിനും രണ്ടരയ്ക്കും ഇടയിലാണ് ആക്രമണം നടന്നത്.
എസ്ഡിപിഐ പ്രവർത്തകരായ ചേരിക്കൽ നസീമ മൻസിലിൽ ബദറുദീൻ റാവുത്തറുടെ വീട്, ബൈക്ക്, മുട്ടുപന്തിയിൽ സിദ്ദിഖ് റാവുത്തറുടെ വീട്, പുതുച്ചിറ പുളിമൂട്ടിൽ ജലീലിന്റെ വീട്, കാർ, പനിക്കുഴത്തിൽ ഷാ മൻസിലിൽ ഷാഹിദിന്റെ വീട്, സിപിഎം പന്തളം ഏരിയാ കമ്മിറ്റിയംഗം പികെ ശാന്തപ്പന്റെ വീട്, കെഎസ്ഇബി ഉദ്യോഗസ്ഥൻ കണ്ണങ്കര മുകടിയിൽ ശെൽവരാജിന്റെ കാർ എന്നിവയ്ക്കു നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനാല ചില്ലുകളും കാറിന്റെ ഗ്ലാസുകളും അക്രമികൾ തകർത്തു.
ചില വീടുകളുടെ വാതിലുകളും തകർത്തു. പോപ്പുലർ ഫ്രണ്ടിന്റെ ഭീകര പ്രവർത്തനത്തിനെതിരെ സിപിഎം ബുധനാഴ്ച വൈകിട്ട് ചേരിക്കലിൽ യോഗം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. അൻഷാദിന്റെ കുടുംബവീടാണ് നസീമ മൻസിൽ. പിതാവ് ബദറുദ്ദീൻ റാവുത്തറും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അടൂർ ഡിവൈഎസ്പി വിനോദ് ആക്രമണമുണ്ടായ വീടുകൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷം വ്യാപിക്കാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. ചേരിക്കലിൽ സിപിഎം നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
ചേരിക്കൽ മേഖലയിൽ മുസ്ലിം വീടുകൾ കേന്ദ്രീകരിച്ച് സിപിഎം പ്രവർത്തകർ ആസൂത്രിത ആക്രമണം അഴിച്ചുവിടുകയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ അടൂർ ഡിവിഷൻ പ്രസിഡന്റ് ഷാനവാസ് മുട്ടാർ പറഞ്ഞു. കള്ളക്കേസുകൾ ചമച്ച് യുപി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ചേരിക്കൽ സ്വദേശി അൻഷാദ് ബദറുദ്ദീന്റെ കുടുംബ വീടിനും സമീപത്തെ മറ്റ് വീടുകൾക്കും നേരെയാണ് ആക്രമണം നടന്നത് എന്നദ്ദേഹം പറഞ്ഞു. നിരവധി വാഹനങ്ങളും അടിച്ചു തകർത്തു. സംഘപരിവാരത്തിന്റെ കുപ്രചാരണം ഏറ്റുപിടിച്ചാണ് സിപിഎം പ്രവർത്തകർ പ്രദേശത്ത് വ്യാപകമായി അക്രമം നടത്തുന്നത്.
പ്രകോപനപരമായ നിലയിൽ സിപിഎം പൊതുയോഗം നടത്തിയിരുന്നു. ഈ യോഗത്തിൽ പങ്കെടുത്തവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. സിപിഎം നടത്തിയ പൊതുയോഗത്തിലെ വർഗീയ പരാമർശങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് അക്രമം നടത്തിയത്.
സംഘപരിവാരം മെനഞ്ഞ തിരക്കഥയുടെ ഭാഗമാണ് യുപി പൊലീസ് നടത്തിയ അറസ്റ്റ് എന്ന വസ്തുതകൾ നിലനിൽക്കേ, വർഗീയ ചേരിതിരിവിന് ശ്രമിക്കുന്ന സിപിഎം ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്.
അടുത്തിടെ ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തിയവരും ഇതിന് പിന്നിലുണ്ട്. മുമ്പും പലതവണ മുസ്ലിം വീടുകൾക്ക് നേരെ സിപിഎം പ്രവർത്തകർ വ്യാപകമായി ആക്രമണം നടത്തിയിട്ടുണ്ട്. ആർഎസ്എസിന്റെ ബീ ടീമായി മാറി വർഗീയ ചേരിതിരിവിന് ശ്രമിക്കുന്ന സിപിഎം കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്