പുത്തനത്താണി: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പി. അബ്ദുൽ മജീദ് ഫൈസിയാണ് പ്രസിഡന്റ്. ദേശീയ പ്രസിഡന്റ് എ. സഈദ്, ജനറൽ സെക്രട്ടറി എം.കെ. ഫൈസി എന്നിവരുടെ സാന്നിധ്യത്തിൽ പുത്തനത്താണിയിൽ ചേർന്ന വാർഷിക അവലോകന യോഗത്തിൽ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് പുനഃസംഘടന.

ജനറൽ സെക്രട്ടറിമാരായി എം.കെ. മനോജ്കുമാർ, അജ്മൽ ഇസ്മായീൽ, വൈസ് പ്രസിഡന്റുമാരായി മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ എന്നിവരെ തിരഞ്ഞെടുത്തു. റോയ് അറയ്ക്കൽ, എ.കെ. അബ്ദുൽ മജീദ്, പി.കെ. ഉസ്മാൻ, റൈഹാനത്ത് ടീച്ചർ സെക്രട്ടറിമാർ, ജലീൽ നീലാമ്പ്ര ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
മലപ്പുറം, മഞ്ചേരി സ്വദേശിയായ മജീദ് ഫൈസി ദേശീയ-സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിരുന്നു. നിലവിൽ ദേശീയ സെക്രട്ടറിയാണ്. അഡ്വ. കെ.എം.അഷ്‌റഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് സ്വാഗതവും അജ്മൽ ഇസ്മായീൽ നന്ദിയും പറഞ്ഞു.