കോഴിക്കോട്: കുറ്റ്യാടി വേളത്ത് നസ്‌റുദ്ധീൻ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ കപ്പച്ചേരി ബഷീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തതായി എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങൾ ആണെങ്കിലും പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി ഉയർത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങൾക്കും നയ സമീപനങ്ങൾക്കും കോട്ടം സംഭവിക്കും വിധം അത്യാഹിതം സംഭവിച്ചത് ദൗർഭാഗ്യകരമാണ്. യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം.

സംഭവത്തിൽ വ്യക്തവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണം. വ്യക്തിപരമായ പ്രശ്‌നങ്ങളെ ഒരു കാരണവശാലും രാഷ്ട്രീയവൽക്കരിച്ച് അക്രമങ്ങൾക്ക് പ്രോത്സാഹനമേകരുത്. നാടിന്റെ സമാധാനത്തിനും മനുഷ്യന്റെ ജീവനും സ്വത്തിനും ഹാനികരമാകുന്ന നിലപാട് എസ്.ഡി.പി.ഐ അംഗീകരിക്കുന്നില്ല. സംഭവത്തിൽ തികച്ചും വ്യക്തിപരമായ പ്രശ്‌നത്തിൽ എസ്.ഡി.പി.ഐക്ക് യാതൊരു പങ്കുമില്ല. ഈ സംഭവത്തിന്റെ മറവിൽ പാർട്ടി ഓഫീസുകൾ, വീടുകൾ, വാഹനങ്ങൾ, കടകൾ നശിപ്പിക്കുന്നത് ആവർത്തിക്കരുത്. പൊലീസ് ജാഗ്രതരാകണമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.