കോഴിക്കോട്: ദലിതുകൾക്കെതിരായി രാജ്യത്ത് വർദ്ധിച്ച് വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ജനാധിപത്യവിശ്വാസികൾ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സാമൂഹ്യപരമായ കാരണങ്ങളാൽ പിന്നാക്കം പോയ ജനസമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ദൗർഭാഗ്യകരമെന്ന് പറയെട്ടെ, പലപ്പോഴും സർക്കാറുകൾ ഇതിനു തയ്യാറാകുന്നില്ലെന്ന് മാത്രമല്ല വിവേചനപരമായ നിലപാടാണ് ദലിതുകളോട് സ്വീകരിക്കുന്നത്. ദലിതുകളുടെ പുരോഗതിയും വളർച്ചയും തടയുന്നതിന് ബോധപൂർവ്വമായ ഇടപെടലുകളുണ്ടാവുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ദലിതുകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചതായി കാണാം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്തിൽ നടന്നത്. ഗോവധം ആരോപിച്ച് ദലിതുകളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദലിതുകൾക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ( 22 ജൂലൈ, വെള്ളി) ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്നും സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്റഫ് അധ്യക്ഷത വഹിച്ചു, യഹിയ തങ്ങൾ, പി അബ്ദുൽ ഹമീദ്, എ.കെ സലാഹുദ്ദീൻ, ജലീൽ നീലാമ്പ്ര, പി.കെ ഉസ്മാൻ എന്നിവർ സംസാരിച്ചു.