കോഴിക്കോട്: സിപിഐ(എം) പ്രവർത്തകനായ ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട അസ്ലമിന്റെ കൊലപാതകത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്റഫ്.

പാടത്ത് പണിയെടുത്താൽ വരമ്പത്ത് കുലി കിട്ടുമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷണന്റെ പ്രസ്താവനയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സിപിഐ(എം) പ്രവർത്തകർ നാടുനീളെ അക്രമങ്ങൾ അഴിച്ച് വിടുന്നത്. ഷിബിൻ വധക്കേസിൽ വെറുതെ വിട്ട പ്രതികൾക്കെതിരെ അക്രമണത്തിനു സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പുണ്ടായിട്ടും ഭരണ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ നിഷ്‌ക്രിയമാക്കുകയാമാണെന്നും മനസിലാക്കാം. അക്രമണത്തിനുള്ള കോടിയേരിയുടെ പരസ്യ ആഹ്വാനം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് അന്നേ കേരളം ചൂണ്ടികാട്ടിയതാണ്. നാദാപുരം മേഖലയിലെ വർഗീയ സ്വഭാവത്തോടെയുള്ള അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ ലീഗ് സ്വീകരിക്കുന്ന നിസംഗതക്ക് മുസ്ലിം സമുദായം കനത്ത വില നൽകേണ്ടി വന്നിട്ടുണ്ട്. വേളത്തെ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ലീഗ് പ്രവർത്തകർ കൊലചെയ്യപ്പെട്ടതിന്റെ മറവിൽ സംഭവത്തെ രാഷ്ട്രീയ വൽകരിച്ച് ദിവസങ്ങളോളം നീണ്ടു നിന്ന അക്രമങ്ങളാണ് ലീഗ് നടത്തിയത്. ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ലീഗും പോഷക സംഘടനകളും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളുടെ നൂറിൽ ഒരംശമെങ്കിലും നാദാപുരം മേഖലയിലെ സിപിഐ(എം) ന്റെ വർഗീയാതിക്രമങ്ങൾക്കെതിരെ നടത്താൻ തയ്യാറായിരുന്നുവെങ്കിൽ ഈ മേഖലയിൽ സമാധാനം നിലനിർത്താൻ കഴിയുമായിരുന്നു. സിപിഐ(എം) ന്റെയും ആർ.എസ്.എസ് ന്റെയും അതിക്രമങ്ങൾക്കെതിരെ മൗനം പാലിക്കുന്ന ലീഗിന്റെ ഇരട്ടത്താപ്പ് കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അഡ്വ. കെ.എം അഷ്റഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.