തിരുവനന്തപുരം :  അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലെ പട്ടയഭൂമിയിലെ കരിങ്കൽക്വാറിക്രഷർ യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.മനോജ്കുമാർ.

നേരത്തെ കർശന വ്യവസ്ഥകളോടെ പ്രവർത്തനാനുമതി നൽകുകയും പിന്നീട് നിയമലംഘനത്തിന്റെ പേരിൽ അടിച്ചുപൂട്ടുകയും ചെയ്ത ക്വാറി യൂണിറ്റുകൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഉത്തരവിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടം (നാല്) പ്രകാരം പതിച്ചുകിട്ടിയ ഭൂമി കൃഷി ആവശ്യങ്ങൾക്കോ വീട് നിർമ്മിക്കാനോ അനുബന്ധ പ്രവർത്തികൾക്കോ മാത്രമേ ഉപയോഗിക്കാവൂ എന്നും ക്വാറി ക്രഷർ അനുബന്ധ യൂണിറ്റുകൾ നടത്താൻ അനുമതിയില്ലെന്നും നിയമവകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു.

ചട്ടത്തിനു വിരുദ്ധമായി ഭൂമി ഉപയോഗിച്ചാൽ പട്ടയം റദ്ദു ചെയ്യാനുള്ള അധികാരം സർക്കാരിനുണ്ട്. 1971ലെ കേരള സ്വകാര്യ വന (നിക്ഷിപ്തമാക്കലും പതിച്ച് നൽകലും) നിയമചട്ടപ്രകാരം സ്വകാര്യവനങ്ങൾ കൃഷിക്കും ഇതര ആവശ്യങ്ങൾക്കും ഉപയോഗിക്കാമെങ്കിലും ക്വാറി നടത്താൻ അതിലെ മൂന്നാംചട്ടം അനുവദിക്കുന്നില്ല. സർക്കാർ തന്നെ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ക്വാറി മാഫിയകളെ സഹായിക്കാൻ രംഗത്തുവരുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. അതിനാൽ നിയമവിരുദ്ധമായ ഈ ഉത്തരവ് പിൻവലിച്ച് കേരളത്തിന്റെ പരിസ്ഥിതിസന്തുലനം നിലനിർത്തുന്നതിനും പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും സർക്കാർ തയ്യാറാവണമെന്നും എം.കെ.മനോജ്കുമാർ ആവശ്യപ്പെട്ടു.