കണ്ണൂർ: ഭൂമി ഏറ്റെടുക്കൽ ബിൽ നിയമ ഭേദഗതി ചെയ്യാനുള്ള നരേന്ദ്രമോദിയുടെ നീക്കം ആപത്കരമാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ് ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധിസഭ കണ്ണൂർ റബ്‌കോ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിൽ വിജയിച്ചത് നരേന്ദ്രമോദിയോ ബിജെപിയോ അല്ലാ മറിച്ച് കോർപ്പറേറ്റുകളാണ്. അവർക്ക് പ്രത്യുപകാരം ചെയ്തുകൊണ്ടുള്ള ഭരണമാണ് രാജ്യത്ത് നടക്കുന്നത്. കുത്തകകൾക്കുവേണ്ടി നിയമം പോലും മാറ്റിയെഴുതാൻ ഭരണകൂടം തയ്യാറാകുന്നു. നമ്മുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമാറ് വനഭൂമി കോർപ്പറേറ്റകൾക്ക് തീറെഴുതി കൊടുക്കുകയാണ്. എല്ലാ മേഖലകളിലും ആർ.എസ്.എസ് അജണ്ട നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും തകർക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.

എന്ത് ആഹാരമാണ് കഴിക്കേണ്ടതെന്ന് വരെ ഭരണകൂടം തീരുമാനിക്കുകയും, എന്ത് ഭക്ഷണം കഴിക്കണമെന്ന പൗരന്റെ അവകാശം നിഷേധിക്കുകയും ചെയ്യുന്ന  ഫാഷിസം രാജ്യത്ത് നടപ്പിലായി കഴിഞ്ഞുവെന്ന് എ.സഈദ് ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനെതിരായ ശബ്ദങ്ങൾ വളരെ ദുർബലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പതാക ഉയർത്തിയതോടെയാണ് പ്രതിനിധിസഭ ആരംഭിച്ചത്. ഉദ്ഘാടനസമ്മേളനത്തിൽ അഡ്വ കെ എം അഷ്‌റഫ്  അധ്യക്ഷതവഹിച്ചു. ദേശീയ ഉപാധ്യക്ഷൻ സാംകുട്ടി ജേക്കബ് പാർട്ടി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം.കെ മനോജ്കുമാർ പ്രവർത്തന റിപ്പോർട്ടും പി.കെ ഉസ്മാൻ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. ഇ. അബൂബക്കർ, ഇല്യാസ് തുമ്പേ, അഡ്വ കെ എം അഷ്‌റഫ്, പി.അബ്ദുൽ ഹമീദ്, നാസറുദ്ദീൻ എളമരം, തുളസീധരൻ പള്ളിക്കൽ, മുവ്വാറ്റുപുഴ അഷ്‌റഫ് മൗലവി,  കെ.കെ ഹുസൈർ, ജ്യോതിഷ് പെരുമ്പുളിക്കൽ,   നൂർജഹാൻ തൊളിക്കോട്   എ.കെ അബ്ദുൽ മജീദ് സംസാരിച്ചു.

പ്രതിനിധി സഭയുടെ രണ്ടാ ദിവസമായ ഇന്ന് സംസ്ഥാന സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഭാരവാഹിപ്രഖ്യാപനവും നടക്കും. ദേശീയ സമിതി അംഗം ഇല്യാസ് തുമ്പേ തിരഞ്ഞെടുപ്പിന് നേത്യത്വം നൽകും.