കോഴിക്കോട്: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയ സംഭവത്തിലെ ദുരൂഹത വെളിച്ചെത്തുകൊണ്ട് വരണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. അതിവേഗ കോടതി ശിക്ഷിക്കുകയും ഹൈക്കോടതി ശരിവെക്കുകയും ചെയ്ത വധശിക്ഷ സുപ്രീം കോടതിയിൽ തള്ളപ്പെടുന്നതിന്റെ പിന്നിൽ ഒത്തുകളിയുണ്ടെന്ന സംശയം ദൂരീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. രണ്ട് കോടതികളിലും ഹാജരായ വക്കീലുമാരെ ഒഴിവാക്കി സുപ്രീം കോടതിയിൽ കേസ് വാദിച്ച അഭിഭാഷകന്റെ പരാജയം പ്രോഷിക്ക്യൂഷനു മേൽ സംശയത്തിന്റെ നിഴൽ വീഴ്‌ത്തിയിരിക്കുകയാണ്. പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നതിന് ഉന്നതതല ഗൂഢാലോചന നടന്നതായി സംശയിക്കാവുന്ന സാഹചര്യമാണുള്ളത്. 

പ്രതി കൊലകുറ്റം ചെയ്തതിന് എന്ത് തെളിവാണുള്ളത് എന്ന സുപ്രീം കോടതിയുടെ ചോദ്യം പല സംശയങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.തെളിവുകൾ കൂട്ടി ഇണക്കിയുള്ള കുറ്റമറ്റ കുറ്റപത്രം തയ്യാറാക്കുന്നതിൽ പൊലീസ് പരാജയപ്പെടുകയും കീഴ് കോടതികൾ തെളിവുകളുടെ അഭാവത്തിലും ശിക്ഷ വിധിക്കുകയും ചെയ്തുവെന്ന സംശയം നിയമപാലന രംഗത്ത് അപകടകരമായ ഭീഷണി ഉയർത്തുന്നതാണ്. വൻകിട മയക്കുമരുന്ന് റാക്കറ്റുകൾ യാചക വേഷത്തിൽ കരീയർമാരെ ഉപയോഗിക്കുന്നതിനെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ ഗോവിന്ദ ചാമിയെ കേസ് നടത്തുന്നതിന് സഹായിച്ച സാമ്പത്തിക ശക്തിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.