കോഴിക്കോട്: എണ്ണകമ്പനികളടക്കമുള്ള വൻകിട സ്ഥാപനങ്ങൾ സർക്കാരിന് നൽകാനുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു.

2011 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 6883 കോടി രൂപയാണ് നികുതിയിനത്തിൽ സർക്കാറിന് ലഭിക്കാനുള്ളത്. ആ ഭീമമായ സംഖ്യ പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കാതെ വൻകിട കമ്പനികളെയും കുത്തകകളെയും സഹായിക്കുന്ന സമീപനമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അധികലാഭം കൊയ്യുന്ന പെട്രോളിയം കമ്പനികൾ 2000 കോടിയിലധികമാണ് നികുതി കുടിശ്ശിക വരുത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, പെട്രൊനെറ്റ് എൽ.എൻ.ജി, കൊച്ചി റിഫൈനറി തുടങ്ങിയ ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനികളും തൃശ്ശൂരിലെ പുഴയ്ക്കൽ ശോഭ സിറ്റിയും 10 കോടിയിലധികം രൂപയാണ് കുടിശ്ശിക ഇനത്തിൽ സർക്കാരിന് നൽകാനുള്ളത്.

6883.98 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടായിട്ടും അതു പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് സർക്കാറിനെ വിലക്കെടുക്കാൻ കുത്തകകൾക്ക് കഴിയുന്നതുകൊണ്ടാണെന്നും ഈ ഭീമമായ തുക പിടിച്ചെടുക്കാൻ നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അജ്മൽ ഇസ്മായിൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.