- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നത് അഞ്ചംഗ സംഘമെന്ന് സൂചന; പിതാവിനെ തള്ളിമാറ്റി ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന ആരോപണവുമായി എസ്ഡിപിഐ; ബിജെപിക്ക് ബന്ധമില്ലെന്ന് പാർട്ടി ജില്ലാ നേതൃത്വം; രാഷ്ട്രീയ വൈരാഗ്യമാണോ എന്നത് അന്വേഷിക്കുമെന്ന് പൊലീസ്; നാടിനെ നടുക്കിയ കൊലപാതകത്തിൽ സംസ്ഥാന വ്യാപക ജാഗ്രത
പാലക്കാട്: പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന വ്യാപക ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണം ഉയർന്നതോടെയാണ് ജാഗ്രതാനിർദ്ദേശം വ്യ്ാപകമാക്കിയത്. കൊലപാതക സംഘത്തിൽ ഡ്രൈവർ ഉൾപ്പടെ ഉണ്ടായിരുന്നത് 5 പേരെന്ന് സൂചനയും പുറത്തുവരുന്നുണ്ട്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ.
എലപ്പുള്ളിയിലെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്. ആണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ രംഗത്തുണ്ട്. അതേസമയം, സംഭവത്തിന് പിന്നിൽ രാഷ്ട്രീയവൈരാഗ്യമാണോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, അക്രമിസംഘം ഉപയോഗിച്ച കാർ നേരത്തെ മമ്പറത്തുകൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്നും സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. KL 11 AR 641 എന്ന നമ്പറിലുള്ള കാറിലെത്തിയാണ് അക്രമിസംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ ഇടിച്ചുവീഴ്‌ത്തിയത്. സുബൈറിനെ മാരകമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം ഈ കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിയിൽനിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു സുബൈർ. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയത്. പിന്നാലെ പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിന്റെ കൈകളിലും കാലുകളിലും തലയിലും ഉൾപ്പെടെ വെട്ടേറ്റു. ആക്രമണത്തിന് ശേഷം പ്രതികൾ മറ്റൊരു കാറിൽ രക്ഷപ്പെടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽനിന്ന് വീണ് സുബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. പള്ളിയിൽനിന്ന് പുറത്തിറങ്ങി വീടിന് മുന്നിൽ എത്തിയപ്പോൾ ഒരു കാർ റോഡിൽ കുറുകെ കിടക്കുന്നതാണ് കണ്ടതെന്ന് സമീപവാസിയും പ്രതികരിച്ചു. വാഹനാപകടമാണെന്ന് ആദ്യം കരുതിയത്. ഓടിയെത്തിയപ്പോഴാണ് സുബൈറിനെ വെട്ടേറ്റനിലയിൽ കണ്ടതെന്നും സമീപവാസി മാധ്യമങ്ങളോട് പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്റെ ഏരിയ നേതാവ് കൂടിയാണ് കൊല്ലപ്പെട്ട സുബൈർ. സംഭവമറിഞ്ഞ് നിരവധി എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ജില്ലാ ആശുപത്രിയിൽ എത്തിയത്. എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രതയിലാണ്.
മകനെ ആക്രമിച്ചത് കാറിൽനിന്നിറങ്ങിയ രണ്ടുപേരാണെന്ന് കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കർ പ്രതികരിച്ചു. രണ്ടുപേരെയാണ് താൻ കണ്ടതെന്നും അക്രമിസംഘത്തിൽ ബാക്കി എത്ര പേരുണ്ടെന്ന് താൻ കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 'ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. കാർ ഞങ്ങളുടെ വണ്ടിക്ക് നേരേയാണ് വന്നത്. വണ്ടിയിൽ ഇടിച്ചതോടെ ഞാൻ സൈഡിലേക്ക് മറിഞ്ഞുവീണു. ഇടിയുടെ ആഘാതത്തിൽ വണ്ടിയും അവനും അല്പം മുന്നോട്ടുപോയി റോഡിൽ വീണു. വീണതിന് ശേഷം അവർ അക്രമിക്കുകയായിരുന്നു. എന്നെ നോക്കി, എന്നെ ഒന്നും ചെയ്തില്ല. ശേഷം അവർ തിരിച്ച് മറ്റൊരു കാറിൽ പോയി. അക്രമിസംഘത്തിലെ രണ്ടുപേരെയാണ് ഞാൻ കണ്ടത്. ബാക്കി എത്ര പേരുണ്ടായിരുന്നുവെന്ന് കണ്ടില്ല. ഞാൻ എഴുന്നേൽക്കാൻ വയ്യാതെ കിടക്കുകയായിരുന്നു.'- അബൂബക്കർ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. പള്ളിയിൽനിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു സുബൈർ. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയത്. പിന്നാലെ പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. യുവാവിന്റെ കൈകളിലും കാലുകളിലും തലയിലും ഉൾപ്പെടെ വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽനിന്ന് വീണ് സുബൈറിന്റെ പിതാവിനും പരിക്കേറ്റു.
അതിനിടെ, ബിജെപി - സംഘപരിവാർ പ്രവർത്തകർക്ക് സംഭവവുമായി ബന്ധമില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞു. അന്വേഷണം പൂർത്തിയാകും മുമ്പ് സംഘപരിവാർ സംഘടനകൾക്കുമേൽ കുറ്റം ആരോപിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് പറഞ്ഞു. അതിനിടെ, പാലക്കാട്ടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി. ജാഗ്രത നിർദ്ദേശം നൽകി. സംഘർഷസാധ്യതയുള്ള മേഖലകളിൽ കൂടുതൽ പിക്കറ്റിങ് ഏർപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ