- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയുടെ തീരങ്ങളിൽ കടലാക്രമണം; വെള്ളത്തിലായ പ്രദേശങ്ങളിൽ വെള്ളം വറ്റിക്കുന്നത് നാളെയും തുടരും
ആലപ്പുഴ: കഴിഞ്ഞ ദിവസം രാത്രിയിൽ ആലപ്പുഴ ജില്ലയിലുണ്ടായ കടലാക്രമണത്തിൽ വെള്ളത്തിലായ പ്രദേശങ്ങളിൽ വെള്ളം വറ്റിക്കുന്നത് ഫയർ ഫോഴ്സിന്റെ സഹായമുപയോഗിച്ച്. വെള്ളം വറ്റിക്കുന്ന പ്രവൃത്തി നാളെയും തുടരും. വെള്ളം ഒഴുകി പോകാൻ ഓട വേണമെന്നുള്ളതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. തോട്ടപ്പള്ളി മുതൽ ചേർത്തല വരെയുള്ള തീരങ്ങളിലാണ് ഇന്നലെ രാത്രി മുതൽ കടൽ ആഞ്ഞടിച്ചത്.
രാത്രിയായതിനാൽ പല കുടുംബങ്ങളും എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായിരുന്നു. രാവിലെ കടൽ നേരിയ തോതിൽ ശാന്തമായെങ്കിലും വീടുകളുടെ മുറ്റത്തു ചെളിയും വെള്ളവും ഇപ്പോഴുമുണ്ട്. ഒപ്പം മഴയുമെത്തിയതോടെ ആശങ്കയിലാണ് തീര ദേശവാസികൾ. പുറക്കാട്, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക് ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. പാതിരപ്പള്ളി ചെട്ടിക്കാട് ഭാഗത്തും മാരാരിക്കുളത്തും കടൽ ക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. മാരാരിക്കുളത്ത് വീട് തകർന്നു. പല വീടുകളിലും ചെളിയും വെള്ളവും നിറഞ്ഞിരിക്കുകയാണ്. ആളുകളെ ബന്ധു വീടുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ സുരക്ഷ മുൻ നിർത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ജില്ലയിൽ കനത്ത കടൽക്ഷോഭമുണ്ടായ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പുത്തൻനട പ്രദേശങ്ങളിൽ കലക്ടർ എ. അലക്സാണ്ടർ സന്ദർശനം നടത്തി. ചിലസ്ഥലങ്ങളിൽ കടൽ ഭിത്തി പൊളിഞ്ഞിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികൾ അടിയന്തിരമായി പൂർത്തിയിക്കാനും കൂടുതൽ കല്ല് എത്തിച്ച് കടൽ ഭിത്തി നിർമ്മിക്കാനും മേജർ ഇറിഗേഷൻ വകുപ്പിന് കലക്ടർ നിർദ്ദേശം നൽകി. കടൽഭിത്തിയോട് ചേർന്ന് താമസിക്കുന്നവർ എത്രയും വേഗം അവിടെ നിന്നും മാറി താമസിക്കണമെന്ന് നിർദ്ദേശിച്ചു. പുനർഗേഹം പദ്ധതി വഴി ഇവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇപ്രകാരം മാറ്റി പാർപ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം പരിശോധിച്ച് ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും കലക്ടർ പറഞ്ഞു.
അതേ സമയം പുത്തൻ നടഭാഗത്ത് പുലിമുട്ടില്ലാത്തതാണ് ഈ പ്രദേശത്ത് കടൽക്ഷോഭം നാശനഷ്ടമുണ്ടാകാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. നിലവിലുള്ള കടൽ ഭിത്തിക്ക് മുകളിലൂടെയാണ് തിരമാല ആഞ്ഞടിച്ചത്. കടൽക്ഷോഭം ഉണ്ടായ ചേർത്തല താലൂക്കിലെ ഒറ്റമശ്ശേരി, അന്ധകാരനഴി പ്രദേശങ്ങളിലും ജില്ലാ കലക്ടർ സന്ദർശനം നടത്തി. ഇവിടെ കടൽഭിത്തിയില്ലാത്ത സ്ഥങ്ങളിൽ നിർമ്മിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ പുരോഗമിച്ചു വരികയാണെന്ന് കലക്ടർ പറഞ്ഞു.
മറുനാടന് ഡെസ്ക്