കോതമംഗലം: നട്ടുച്ചനേരത്ത് ഒരുബോട്ടുയാത്ര. തീരത്തുനിന്നും മുന്നൂറ് മീറ്റർ കടന്നാൽ കടലിലേക്ക് എടുത്തുചാട്ടം. പിന്നെ മണിക്കൂറുകളോളം അടിത്തട്ടിലെ എണ്ണിയാലൊടുങ്ങാത്ത സസ്യ-ജന്തുജാലങ്ങളേക്കുറിച്ചുള്ള പഠനം. കാടും കടലും രണ്ടല്ല ഒന്നാണെന്ന് തിരിച്ചറിവ് പകർന്ന്, ആൻഡമാൻ ദ്വീപുകളിൽ കടലിൽ വനംവകുപ്പ് ജീവനക്കാർക്കായി നടന്ന പരിശീലനക്കളരിയുടെ നേർസാക്ഷ്യമിങ്ങനെ.

ഈ മാസം നടന്ന പരിശീലന പരിപാടിയിൽ ആറ് സംസ്ഥാനങ്ങളിൽ നിന്നായി രണ്ടുവനിതകളുൾപ്പെടെ 12 വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തട്ടേക്കാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ മനുസത്യൻ, ഇടുക്കി വള്ളക്കടവ് ഫോറസ്റ്റ് റെയിഞ്ചോഫീസർ അജീഷ് എം എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്ത മലയാളികൾ. കാട്ടിലെ ജൈവവൈവിധ്യം എന്നപോലെ തന്നെ കടലിനടിയിലെ ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവ് വനംവകുപ്പ് ജീവനക്കാർക്ക് പകർന്നുനൽകുകയും ഇതിനാവാശ്യമായ പരിജ്ഞാനവും പരിശീലനവും ഇവർ്ക്ക് നൽകുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര വനം-വന്യജീവി വകുപ്പും ജർമ്മനിയിലെ ജിസ്സ് ഓർഗനൈസേഷനും ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ആദ്യം കാടുകാണാനിറങ്ങിയതിന്റെ നൂറിരട്ടി ആകാംക്ഷയും ആശങ്കയുമാണ് കടലിനടിയിലെ കാഴ്ചകൾ ആദ്യം കണ്ടപ്പോളുണ്ടായതെന്ന് മനു സത്യൻ വെളിപ്പെടുത്തി. ആൻഡമാൻ നിവാസികൾ ദൈവത്തേപ്പോലെ ആരാധിക്കുന്ന ദേശിയമൃഗം കടൽ പശുവിനെ അടുത്തു കാണാനായത് ഭാഗ്യമായി കരുതുന്നുവെന്നും മനു കൂട്ടിച്ചേർത്തു. കണ്ടൽ കാടുകളെയും പവിഴപ്പുറ്റുകളെയും ചുറ്റിപ്പറ്റിയുള്ള പഠനങ്ങളാണ് ക്യാമ്പിൽ പ്രധാനമായും നടന്നത്, കടലിലെ ജൈവവൈവിധ്യം നിലനിർത്തുന്നതിലും തീരസംരക്ഷണത്തിലും ഇവ വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നതായിരുന്നു പഠനക്ലാസുകൾ. കണ്ടൽ കാടുകളും പവിഴപ്പുറ്റുകളും കടൽ ക്ഷോഭത്തെ ഒരുപരിധിവരെ തടഞ്ഞുനിർത്തുമെന്നും ഇവയുടെ നാശം മത്സ്യസമ്പത്തിന്റെ അളവ് കുറയ്ക്കുമെന്നും ഇത് കടലിലെ ജൈവവൈവിധ്യത്തെ തകർക്കുമെന്നും ക്ലാസുകളിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി .

കടലിനടിയിലെ പവിഴപ്പുറ്റുകളിലും തീരത്തോടടുത്തു വളരുന്ന കണ്ടൽച്ചെടികൾക്കിടയിലും മുട്ടയിടുന്ന മത്സ്യ ഇനങ്ങൾ നിരവധിയുണ്ട്. ഇവ നശിപ്പിക്കപ്പെടുന്നതോടെ മത്സ്യങ്ങളിലെ വംശവർദ്ധന കാര്യമായി കുറയുമെന്നും കാലക്രമേണ കടലിൽ ഈ ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുമെന്നും ഇതുമൂലം പരസ്പര പൂരകങ്ങളായ കടലിലെ ജീവജാലങ്ങളുടെ ഭക്ഷ്യ- ആവാസവ്യവസ്ഥ തകരുമെന്നുമാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. ജിസ്സിലെയും കേന്ദ്ര വനം -വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദഗ്ധരാണ് ക്ലാസുകൾ നയിച്ചത്.

തീരത്തു നിന്നും 300 മീറ്റർ മുതൽ 400 മീറ്റർ വരെ അകലത്തിൽ 18 മീറ്റർ വരെ ആഴത്തിൽ സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മണിക്കൂറുകളോളം നേരം മുങ്ങിക്കിടന്നായിരുന്നു പഠനം. ഇതിനായി ക്യാമ്പിൽ പങ്കെടുത്തവർക്ക് ആദ്യഘട്ടത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും പിന്നീട് പരിശീലനവും നൽകി. ആൻഡമാൻ ഭരണകൂടത്തിന്റെ സ്‌കൂബി ഡൈവിങ് ലൈസൻസ് കരസ്ഥമാക്കുകയെന്നതായിരുന്നു പഠിതാക്കളുടെ പ്രധാനവെല്ലുവിളി. ഇതുണ്ടെങ്കിൽ മാത്രമേ ഇവിടെ കടലിൽ മുങ്ങിയുള്ള പഠന-പരിശീലന പരിപാടികൾക്ക് ബന്ധപ്പെട്ട അധികൃതർ അനുമതി നൽകു. ഇതിനുള്ള നടപടിക്രമങ്ങൾ സംഘാടകർ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി. ആൻഡമാൻ തീര സംരക്ഷണ അഥോറിറ്റി ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ യോഗ്യതകൾ വിലയിരുത്തിയ ശേഷം പഠിതാക്കളെ നേരിൽ കണ്ടാണ് ക്യാമ്പിൽ പങ്കടുത്തവർക്ക് ലൈസൻസ് നൽകിയത്.

പവിഴപ്പുറ്റുകളും കണ്ടൽകാടുകളും ധാരാളമുള്ളതിനാലാണ് ആൻഡമാൻ ദ്വീപ് പരിശീലനത്തിന് തിരഞ്ഞെടുക്കാൻ കാരണം. രാജ്യത്ത് 130 ഓളം മറൈൻ പ്രോട്ടക്ടഡ് ഏരിയകൾ നിലവിൽ വന്നിട്ടുണ്ട്. വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ തന്നെയാണ് കടലിലെ സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണകാര്യത്തിലും രാജ്യത്ത് നിലനിൽക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കാര്യമായ ബോധവൽക്കരണ പരിപാടികൾ രാജ്യത്ത് ഇനിയും നടപ്പിലായിട്ടില്ല. ആഗോള പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ ഇടപെടലാണ് ഇക്കാര്യത്തിൽ കർമ്മ രംഗത്തിറങ്ങാൻ കേന്ദ്ര വനം- വന്യജീവി വകുപ്പിന് പ്രചോദനമായത്.

ഈ വർഷം ജനുവരിയിൽ ഐ എഫ് എസുകാർക്കായി ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു, ആൻഡമാനിലെ പരിപാടിയുടെ സാമ്പത്തീക ബാധ്യത വഹിച്ചത് സംഘാടകരായ ജിസ്സ് ആയിരുന്നു.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ