ടെക്‌സസ്: അമേരിക്കയിലെ വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിൽ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതായ സംഭവത്തിൽ പൊലീസിന് ഇനിയും വ്യക്തമായ ചിത്രം കിട്ടിയില്ല. അതിനിടെ വളർത്തച്ഛൻ എറണാകുളം സ്വദേശി വെസ്ലി മാത്യുവിന്റെ (37) മൂന്നു വാഹനങ്ങൾ അന്വേഷണസംഘം പിടിച്ചെടുത്തു. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്ത് ഇതിലൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായി സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിട്ടുണ്ട്. അതിനിടെ മൂന്നു വയസ്സുകാരി സരസ്വതിയെ(ഷെറിൻ) കാണാതായെന്ന വാർത്ത വിശ്വസിക്കാനാവാത്ത നിലയിലാണു ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രം അധികൃതർ. രണ്ടു വർഷം മുൻപ്, കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴാണു ദമ്പതികൾ ഇവിടെനിന്നു ദത്തെടുത്തത്. യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു. നേരത്തെ കേരളത്തിൽ നിന്നാണ് മലയാളി ദമ്പതികൾ കുട്ടികളെ ദത്തെടുത്തതെന്ന വാദം സജീവമായിരുന്നു.

വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ലാപ്‌ടോപ്പും മറ്റു രേഖകളും പിടിച്ചെടുത്തു. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വെസ്ലി പൊലീസിനെ അറിയിച്ചത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. അതിനിടെ ഷെറിനെ വെസ്ലി മാത്യു അപായപ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നു കൊച്ചിയിലെ ബന്ധുക്കൾ പറയുന്നു. കുഞ്ഞിനെ പുറത്തിറക്കി നിർത്തിയതല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നു വെസ്ലി ആണയിട്ടു പറഞ്ഞതായും അവർ വ്യക്തമാക്കി. വെസ്ലിസിനി ദമ്പതികൾക്കു കുഞ്ഞു പിറന്നപ്പോൾ ദത്തുപുത്രിയോടു സ്‌നേഹം കുറഞ്ഞെന്ന ആരോപണം തെറ്റാണെന്നും കുടുംബാംഗങ്ങൾ പറയുന്നു. കുഞ്ഞുണ്ടായി രണ്ടു വർഷത്തിനുശേഷമാണു ഷെറിനെ ദത്തെടുക്കുന്നതെന്ന് അവർ പറയുന്നു. കാണാതാകുന്നതിനു മുൻപു കുട്ടി നിന്ന മരച്ചുവട്ടിൽ ഇന്നലെ സമീപവാസികൾ ഒത്തുകൂടി പ്രാർത്ഥന നടത്തി.

മൂന്നുവർഷം മുൻപു ഗയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണു സരസ്വതിയെ ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രം കണ്ടെത്തിയത്. കുട്ടിയുടെ ഒരു കണ്ണ് ചെറുതായതിനാൽ കാഴ്ചക്കുറവുണ്ട്. സംസാരവൈകല്യവും ഒരു കൈയ്ക്കു സ്വാധീനക്കുറവുമുണ്ട്. ഡൽഹിയിലെ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി (സിഎആർഎ) വഴിയാണു ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. കുട്ടിയെ കാണാതായ വിവരം സിഎആർഎ ഇമെയിൽ വഴിയാണ് അറിയിച്ചത്. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതും സിഎആർഎയാണ്. കുട്ടിയെ കാണാതായ സംഭവത്തിൽ സർവ്വത്ര ദുരൂഹതാണ്. കുഞ്ഞിനെ വീട്ടിനുള്ളിൽ തന്നെ കൊലപ്പെടുത്തി വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്ന സംശയം എഫ് ബി ഐയ്ക്കുണ്ട്.

കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയൽവീടുകളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാറുകൾ പിടിച്ചെടുത്തത്. 1.6 കോടിയുടെ ജാമ്യത്തിൽ വിട്ടയച്ച വളർത്തച്ഛൻ വെസ്ലി മാത്യു (37) കൊലക്കേസിൽ പ്രതിയാകുമെന്നാണു പൊലീസ് നൽകുന്ന സൂചന. താമസിയാതെ മലയാളിയെ അറസ്റ്റ് ചെയ്തേക്കും. കുഞ്ഞിനു സംസാര, വളർച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാൾ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

മൂന്ന് വയസുമാത്രം പ്രായമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിർത്തിയതിന് പിന്നാലെ കുഞ്ഞിനെ കാണാതായെന്ന വിവരമാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് തെറ്റാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തുന്നത്. പാൽ കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുട്ടിയെ വീടിനു പുറത്തിറക്കി നിർത്തിയെന്നാണ് വെസ്ലി മാത്യു പൊലീസിന് ആദ്യം മൊഴി നൽകിയത്. 15 മിനിറ്റിനുശേഷം നോക്കിയപ്പോൾ കാണാതായെന്നും. കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിനുശേഷമാണു പൊലീസിനെ അറിയിച്ചത്. അതിനാൽ ആദ്യം മുതൽ വെസ്ലി മാത്യു പൊലീസ് നിരീക്ഷണത്തിലായിരുന്നു. പുറത്തു നിർത്തിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് എത്തുമ്പോൾ വളർത്തുമകളെ കാണാനില്ലെന്നുമായിരുന്നു മലയാളി ദമ്പതികളുടെ മൊഴി.

അതേസമയം, പുലർച്ചെ മൂന്നിനുണ്ടായ സംഭവം അഞ്ചുമണിക്കൂർ പിന്നിട്ട് എട്ടുമണിയോടെയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. അതോടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈൽ്ഡ് കെയർ വിഭാഗത്തിന്റെ സംരക്ഷണയിലാക്കുകയും ചെയ്തു. സർവെയ്‌ലൻസ് വീഡിയോകളുടെ പരിശോധനയും നടക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണാതായതിനെ പറ്റി തുമ്പൊന്നും കിട്ടിയതായി വിവരമില്ല. ഈ സാഹചര്യത്തിലാണ് കുട്ടി മരിച്ചിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. കുഞ്ഞിനെ നി്ർത്തിയതിന് അപ്പുറത്ത് ചെന്നായ്ക്കളെ ഇടയ്ക്ക് കാണാറുണ്ടായിരുന്നു എന്ന് വെസ്ലി മാത്യുവിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞിനെ ചെന്നായ്ക്കൾ അപായപ്പെടുത്തിയിരിക്കാമെന്ന സാധ്യത പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

തൊട്ടപ്പുറത്തായി റെയിൽവെ ട്രാക്കുമുണ്ട്. ഇവിടെയും കുഞ്ഞിന് അപകടം പറ്റിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ കുഞ്ഞിനെ കാണാതായെന്ന കാര്യം അറിയിക്കാൻ അഞ്ചുമണിക്കൂറോളം വൈകിയത് എന്തുകൊണ്ട് എന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിനിടെയാണ് പരിസര പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നും നിർണ്ണായക തെളിവുകൾ കിട്ടുന്നത്. കുഞ്ഞിന് മാനസിക വളർച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിർത്തിയതും എന്ന മൊഴിയാണ് പിതാവ് നൽകിയിട്ടുള്ളത്. ഇതും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.