കോട്ടയം: ഈ കുട്ടികൾക്ക് ഒന്നുമറിയില്ല. അനാഥത്തിന്റെ ചിറകിലാണ് അവർ. ഉമ്മയും ബാപ്പയും ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിൽ രാത്രിയാണ് മക്കൾക്ക് ഭക്ഷണം വാങ്ങിച്ചെത്താം എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

മക്കളായ പതിമൂന്നുകാരി ഫാത്തിമയും എട്ടുവയസ്സുകാരൻ മുഹമ്മദ് ബിലാലും ഉപ്പയ്ക്കും ഉമ്മയ്ക്കുമായി കാത്തിരുന്നു.രാത്രി വൈകിയിട്ടും വന്നില്ല. ഇതോടെ ഇരുവരും ആശങ്കയിലായി. ഇതോടെ ഹാഷിമിന്റെ പിതാവും കുടുംബാംഗങ്ങളും എത്തി കുട്ടികളെ കുമ്മനത്തെ വസതിയിലേക്ക് കൊണ്ടുപോയി.

അടുത്തിയിടെ വാങ്ങിയ വാഗണാർ കാറിലാണ് ഇരുവരും പുറത്തേക്ക് പോയത്. താൽക്കാലിക രജിസ്ട്രേഷനിലാണ്. നഗരത്തിൽ നഗരസഭയ്ക്കു സമീപമുള്ള റെസ്റ്റോറന്റിൽ നിന്നാണ് രാത്രി ഭക്ഷണം വാങ്ങാറ്.

ചെങ്ങളം അറുപറയിൽ നിന്നാണ് ഇരുവരും പോയത്. ചെങ്ങളം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവർ മക്കളില്ലാതെ അധിക ദൂരം പോകാറില്ല. പ്രത്യേകിച്ചും പുതിയ കാറിൽ. അത്ര ഡ്രൈവിങ് പരിചയവുമില്ല, ഇതാണ് ബന്ധുക്കളെ കടുത്ത ആശങ്കയിലാക്കുന്നത്.

ഇവരെ കാണാതായപ്പോൾ തന്നെ കുമരകം പൊലീസിൽ പരാതി നൽകി. ഡിവൈഎസ്‌പി എത്തി കാര്യങ്ങൾ തിരക്കി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 20 അംഗ സ്‌ക്വാഡ് തന്നെ രൂപീകരിച്ചാണ് പ്രവർത്തനം. പക്ഷേ അഞ്ചു ദിവസമാകുമ്പോഴും ഇരുവരെയും കുറിച്ച് തുമ്പില്ല. പൊലീസിനെ കൂടാതെ നാട്ടുകാരും അന്വേഷണത്തിലാണ്. ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ ഇതിനായി ഉപയോഗിക്കുന്നു. വാഗമൺ, പരുന്തുംപാറ അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചു.

ഇതിനിടെ ദമ്പതികളെ ട്രെയിനിൽ കണ്ടെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചു. കേസിൽ ആദ്യമായാണ് ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം പൊലീസിന് ലഭിക്കുന്നത്. കാണാതായ ഏപ്രിൽ ആറിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്നും ദമ്പതികൾ ട്രെയിനിൽ കയറിയെന്നും കോട്ടയം വരെ ഒരുമിച്ച് സഞ്ചരിച്ചുവെന്നും മലപ്പള്ളി സ്വദേശികളായ അദ്ധ്യാപക ദമ്പതികളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചു.

ഒപ്പം യാത്ര ചെയ്യുന്നവർ എന്ന നിലയ്ക്ക് ഇവരോടെ സംസാരിച്ചുവെന്നാണ് അദ്ധ്യാപക ദമ്പതികൾ പൊലീസിനെ അറിയിച്ചത്. എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോൾ കോട്ടയത്തിന് എന്ന് ആദ്യം മറുപടി നൽകി. കോട്ടയം സ്റ്റേഷൻ എത്തിയപ്പോൾ ഇറങ്ങുന്നില്ലേ എന്ന് തിരക്കി. അപ്പോൾ കൊല്ലത്തിന് പോകുന്നു എന്ന മറുപടിയാണ് നൽകിയത്. പിന്നീട് പത്രവാർത്തകൾ ശ്രദ്ധയിൽപെട്ടപ്പോഴാണ് പൊലീസിനെ ഇക്കാര്യം മല്ലപ്പള്ളിയിലെ ദമ്പതികൾ അറിയിച്ചത്. മല്ലപ്പള്ളിയിലെ വീട്ടിലെത്തി പൊലീസ് ഇവരിൽനിന്നും മൊഴി ശേഖരിച്ചു.

ഇരുവരേയും കാണാതായ ദിവസം തന്നെ പരാതി ലഭിച്ചതിനാൽ പൊലീസ് അതിർത്തി ചെക്കുപോസ്റ്റുകളിൽ വാഹനം സംബന്ധിച്ച വിവരം നൽകിയിരുന്നു. എന്നാൽ കേരളത്തിന്റെ ചെക്കുപോസ്റ്റ് കടന്ന് ഈ വാഹനം പോയിട്ടില്ലെന്ന ഉറപ്പിലാണ് പൊലീസ്. അതിനാൽ ഇവർ സംസ്ഥാനത്ത് തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഹാഷിമിന്റെ ഉമ്മ മരിച്ചശേഷം തീർത്തും നിരാശയിലും സങ്കടത്തിലുമായിരുന്നു ഹാഷിം. വീടിന് സമീപമുള്ള പലചരക്കു കട തുറക്കുന്നത് നിർത്തി. എപ്പോഴും കബറിൽ പോയി ഇരുന്ന് നെടുവീർപ്പിടുമായിരുന്നു. കൂടാതെ പ്രാർത്ഥനയും. നാട്ടുകാരും വീട്ടുകാരും ഇടപെട്ടതോടെ വീണ്ടും കട തുറന്നു. അതിനിടയിലാണ് തിരോധാനം. തിരുവനന്തപുരം ബീമാ പള്ളിയിൽ ഇവരെ കണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാൽ ഇവരെ അന്വേഷിച്ച് കുമരകം പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ അവരല്ലെന്ന് മനസിലായി. ഇവർ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലെയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു.

എന്നിട്ടും ഇതുവരെ അന്വേഷണത്തിന് കാര്യമായ തുമ്പില്ല. കൂടാതെ ബന്ധുഭവനങ്ങളിലെല്ലാം വിളിച്ച് ചോദിച്ചു. കൂടാതെ ഏർവാടി അടക്കമുള്ള തീർത്ഥാടക സ്ഥലങ്ങളിലും അന്വേഷിച്ചു. പക്ഷേ കണ്ടെത്താനായില്ല. കുടുംബത്തിന് സമീപം പലചരക്ക് കട നടത്തുന്ന ഇവർക്ക് സാമ്പത്തി ബാധ്യതയോ കടമോ ഉള്ളതായി അറിയില്ല.

ഇവർ പുറത്തുപോയെങ്കിലും മൊബൈൽ ഫോണോ, പഴ്സോ കൊണ്ടുപോയിട്ടില്ല. എവിടെപ്പോയാലും മൊബൈൽ ഫോൺ കയ്യിൽ കരുതുക ഹാഷിമിന്റെ സ്വഭാവമാണ്.എന്നാൽ അന്നു ഫോൺ കൊണ്ടുപോയില്ല. കൂടാതെ എടിഎം കാർഡും എടുത്തിട്ടില്ല. ഇവരുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. അതിനാൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുന്നോട്ടു പോകാനാണ് നാട്ടുകാരുട തീരുമാനം.

ഉമ്മയും ബാപ്പയും പോയതോടെ മക്കളായ ഫാത്തിമയും, മുഹമ്മദ് ബിലാലും തികഞ്ഞ ഏകാന്തതയിലായി. ഇതാദ്യമായാണ് ഇരുവരും ഇതുപോലെ മാറി നിൽക്കുന്നതെന്ന് അവർ പറയുന്നു. ഉമ്മയും ബാപ്പയും വീട്ടിൽ നിന്നും പോകേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് മക്കളുടെ പക്ഷം. പുതിയ കാർ വാങ്ങിയ ഇരുവരും മക്കളും ഒത്ത് ദീർഘയാത്രയ്ക്കുള്ള പരിപാടിയിലായിരുന്നു.