കൊളംബോ: ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊളംബോയിൽ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്‌ത്താൻ ശ്രമിച്ച സൈനികൻ വിജിത റോഹന വിജെമുനി വീണ്ടും അറസ്റ്റിൽ. ശ്രീലങ്കാ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇക്കഴിഞ്ഞ 26ാം തീയതിക്കകം മരിക്കുമെന്നു ഫേസ്‌ബുക്കിൽ പ്രവചനം നടത്തിതിനാണ് വിജെമുനിയെ അറിസ്റ്റു ചെയ്തത്.

ഇന്ത്യ-ലങ്ക സമാധാനക്കരാർ ഒപ്പിടാൻ 1987ൽ ലങ്കയിലെത്തിയ രാജീവ് അന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. വധശ്രമത്തിനു തടവുശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങിയ വിജെമുനി ജ്യോതിഷിയായി കഴിയുകയായിരുന്നു. പ്രസിഡന്റിനെതിരായ പ്രചാരണം ഏതെങ്കിലും ആക്രമണ പദ്ധതിയുടെ ഭാഗമാകാമെന്നും വിശദമായി അന്വേഷിക്കണമെന്നും സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇയാളെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടത് 1987ൽ കൊളംബോയിൽ വച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടര വർഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട് ഇദ്ദേഹം. പ്രസിഡന്റ് സിരിസേന അസുഖം വന്നോ അപകടത്തെ തുടർന്നോ ജനുവരി 27നകം മരിക്കുമെന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോകൾ ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സർക്കാർ നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു ഈ പോസ്റ്റുകൾ.

വിജമുനിയുടെ തുടരെത്തുടരെയുള്ള ഇത്തരം പോസ്റ്റുകൾക്ക് പിന്നിൽ വധശ്രമത്തിനുള്ള പദ്ധതികളുണ്ടെന്ന ആശങ്കയിലായിരുന്നു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും പ്രവചനങ്ങളും നവമാദ്ധ്യമങ്ങളിൽ ഇട്ടതിന്റെ പേരിലാണ് അറസ്റ്റ്. കൊളംബോ കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

1987 ൽ കൊളംബോയിൽ ശ്രീലങ്കൻ നാവികസേനയുടെ ഗാർഡ് ഓഫ് ഹോണർ സ്വീകരിക്കുന്ന വേളയിൽ രാജീവ് ഗാന്ധിയെ തോക്കുകൊണ്ട് ആക്രമിക്കാൻ അന്ന് നാവിക സേനായിലുണ്ടായിരുന്ന വിജെമുനി ശ്രമിച്ചിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രാജീവ് ഗാന്ധി അന്ന് രക്ഷപ്പെട്ടത്. ഇതേത്തുടർന്ന് രണ്ടര വർഷം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചു. ജയിൽ മോചിതനായ വിജെമുനി 2000 ത്തിലെ പാർലമെന്റ് ഇലക്ഷനിൽ മത്സരിച്ചു. അതിനു ശേഷമാണ് ജ്യോത്സനായത്.