കോഴിക്കോട്: മുസ്ലിം ലീഗ് കോട്ടകൾ ചുവപ്പിക്കാനാണ് സിപിഐ(എം) നീക്കം. ഇതിനായുള്ള തന്ത്രപരമായ അടവ് സഖ്യങ്ങൾക്കായുള്ള കരുനീക്കം സിപിഐ(എം) തുടങ്ങി. അതിനിടെ എന്തുവന്നാലും തിരുവമ്പാടിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി മത്സരിക്കുമെന്ന നിലപാടിലാണ് മുസ്ലിം ലീഗും. ഈ സാഹചര്യമ മുതലെടുക്കാനും സിപിഐ(എം) സജീവമായുണ്ട്. തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെച്ചൊല്ലി മുസ്ലിം ലീഗും താമരശേരി രൂപതയുടെ പിന്തുണയുള്ള മലയോര വികസനസമിതിയും നിലപാടു കടുപ്പിച്ചതോടെയാണ് സിപിഐ(എം) നീക്കം. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ പിന്നോട്ടില്ലെന്നു ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

ലീഗ് സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥി രംഗത്തുവരുമെന്നാണു മലയോര വികസന സമിതിയുടെ നിലപാട്. ഇക്കാര്യത്തിൽ 12 ന് അന്തിമതീരുമാനമാകുമെന്നും സമിതി വക്താക്കൾ അറിയിച്ചു. ഈ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് സിപിഐ(എം) നീക്കം. എന്നാൽ കരുതലോടെ മാത്രമേ പ്രതികരിക്കൂ. തിരുവമ്പാടി സീറ്റിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ എം. ഉമ്മറിനെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കർഷകരുടെ വികാരം ഉൾക്കൊള്ളുന്ന സ്ഥാനാർത്ഥിയാണ് ഇവിടെ വേണ്ടതെന്നും കച്ചവടക്കാരായ ലീഗുകാർക്ക് കർഷകരുടെ വികാരം മനസിലാകില്ലെന്നുമാണു മലയോര വികസനസമിതിയുടെ ആരോപണം. ലീഗ് സ്ഥാനാർത്ഥിക്കെതിരേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് സമിതി ഭാരവാഹികൾ പരാതിപ്പെട്ടിരുന്നു. തിരുവമ്പാടി സീറ്റ് ഇത്തവണ കോൺഗ്രസിനു വിട്ടുകിട്ടിയില്ലെങ്കിൽ ലീഗിനു കനത്ത വില നൽകേണ്ടിവരുമെന്നു മലയോര വികസനസമിതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ സീറ്റിനുവേണ്ടി ആരും ഭീഷണിയുമായി രംഗത്തുവരേണ്ടെന്നു മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല വ്യക്തമാക്കി. ലീഗ് സംസ്ഥാന നേതൃത്വമാണ് അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അത് അങ്ങനെ തന്നെ നടക്കും. ജാതിയും മതവും പറഞ്ഞു ഭീഷണിപ്പെടുത്താൻ നടക്കുന്നവർ തിരൂരങ്ങാടിയിലെ ചരിത്രം മറന്നുപോകരുത്. ചരിത്രമൊന്നും ആരും ലീഗിനെ ഓർമിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ആൻണിക്കു മുഖ്യമന്ത്രിക്കസേരയിലെത്താൻ ഉറപ്പുള്ള സീറ്റ് നോക്കിനടന്നപ്പോൾ ലീഗാണ് തിരൂരങ്ങാടിയിലേക്കു സ്വാഗതം ചെയ്തതെന്നും ക്രിസ്ത്യൻ വിഭാഗത്തിന് ഇരുനൂറു വോട്ട് പോലുമില്ലാത്ത അവിടെനിന്ന് വൻഭൂരിപക്ഷത്തിനു ജയിച്ചാണ് അന്ന് ആന്റണി മുഖ്യമന്ത്രിയായതെന്നും ലീഗ് തുറന്നടിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു തിരുവമ്പാടി സീറ്റ് കോൺഗ്രസിനു തിരിച്ചുനൽകുമെന്ന് പറഞ്ഞ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഒപ്പിട്ടുനൽകിയ കടലാസ് തങ്ങളുടെ പക്കലുണ്ടെന്നും വേണ്ടിവന്നാൽ അതു പുറത്തുവിടുമെന്നും മലയോര വികസന സമിതിയും പറുന്നു. എന്നാൽ അത്തരമൊരു കത്തിനെക്കുറിച്ചു കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചെന്നും അങ്ങനെ ഒരു കത്തേ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പാണ്ടികശാല അറിയിച്ചു. ആരു സഹായിച്ചാലും ഇല്ലെങ്കിലും തിരുവമ്പാടി ലീഗിന്റെ ഉറച്ച സീറ്റാണെന്നും അവിടെ യു.ഡി.എഫ്. ജയിക്കുമെന്നും ഉമ്മർ പാണ്ടികശാല പറഞ്ഞു.

തിരുവമ്പാടിയുമായി ബന്ധപ്പെട്ട് താമരശേരി രൂപതയുമായി തർക്കമുള്ള സ്ഥിതിക്ക് ആ സീറ്റ് വിട്ടുതരികയോ രൂപതയ്ക്കു കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ നിർത്തുകയോ വേണമെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കാൻ ലീഗ് തയാറല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റുകൾ ഇക്കുറി മാറില്ലെന്ന് മുമ്പേ വ്യക്തമാക്കിയിരുന്നതായി ലീഗ് നേതാക്കൾ സുധീരനെ അറിയിച്ചു. തിരുവമ്പാടി സിറ്റിങ് സീറ്റാണ്. അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുകയും ചെയ്തു. ഇനി സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അവർ അറിയിച്ചു. ലീഗിന്റെ പക്കലുള്ളതും വച്ചുമാറേണ്ടതുമായ സീറ്റുകളെക്കുറിച്ചും സുധീരനുമായി ചർച്ച നടന്നു.

അതിനിടെ മലപ്പുറത്തെ മുസ്ലിംലീഗിന്റെ കോട്ടകൾ പിടിക്കാൻ വ്യവസായ പ്രമുഖരെ രംഗത്തിറക്കാനും സിപിഐ(എം) തീരുമാനിച്ചു. താനൂർ, തിരൂർ, നിലമ്പൂർ അല്ലെങ്കിൽ ഏറനാട് നിയോജക മണ്ഡലങ്ങളിലാണ് വ്യവസായികളെ സ്വതന്ത്രരായി മത്സരിപ്പിക്കാനൊരുങ്ങുന്നത്. താനൂരിൽ മുൻ കെപിസിസി അംഗവും പ്രവാസി വ്യവസായിയുമായ വി.അബ്ദുറഹ്മാനെയും തിരൂരിൽ റിയൽ എസ്റ്റേറ്റ് വ്യവസായി ഗഫൂർ പി. ലില്ലീസിനെയുമാണ് കൊണ്ടുവരുന്നത്. ആര്യാടൻ മുഹമ്മദ് മത്സരരംഗത്തില്ലാത്ത പശ്ചാത്തലത്തിൽ നിലമ്പൂരിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പി.വി.അൻവറിനെ പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഏറനാട് മണ്ഡലത്തിൽ ലീഗിലെ പി.കെ. ബഷീറിനെതിരെ പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി 47,452 വോട്ട് നേടിയിരുന്നു. ലീഗ് കോട്ടയിൽ 11,000 വോട്ടിന്റെ ഭൂരിപക്ഷമേ പി.കെ. ബഷീറിന് നേടാനായുള്ളൂ. എൽ.ഡി.എഫ് ബാനറിൽ മത്സരിച്ച സിപിഐയിലെ അഷ്‌റഫ് കാളിയത്തിന് 2700 വോട്ടാണ് ലഭിച്ചത്. ഇടതുസ്വതന്ത്രനായി പി.വി.അൻവറിനെ മത്സരിപ്പിക്കാൻ സിപിഐ(എം) ശ്രമിച്ചെങ്കിലും സിപിഐ സീറ്റ് വിട്ടുകൊടുത്തില്ല. തുടർന്ന് സിപിഐ(എം) രഹസ്യമായി പി.വി.അൻവറിനെ പിന്തുണച്ചു. ഇത്തവണ സിപിഐയിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് സിപിഐ(എം). പി.വി.അൻവറിനെ ഏറനാട്ടോ നിലമ്പൂരിലോ മത്സരിപ്പിക്കാനാണ് ആലോചന. ഏറനാട്ടിൽ ഇത്തവണയും പി.കെ.ബഷീറാണ് ജനവിധി തേടുന്നത്.

തിരൂരിൽ വ്യവസായിയായ ഗഫൂർ ലില്ലീസിനെ മത്സരിപ്പിക്കാനുള്ള നീക്കം സിപിഐ(എം) പ്രാദേശിക നേതൃത്വങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന ഭാരവാഹി കൂട്ടായി ബഷീറിനെ മത്സരിപ്പിക്കണമെന്നാണ് എതിർക്കുന്നവരുടെ വാദം. തിരൂർ നഗരസഭയിൽ ഇത്തവണ ലീഗിനെ തറപറ്റിക്കാൻ സിപിഎമ്മിനൊപ്പം നിന്ന ജനകീയ വികസന മുന്നണിയുടെ ചെയർമാൻ കൂടിയാണ് ഗഫൂർ ലില്ലീസ്. ഇടതു സഹയാത്രികനാണ് ഗഫൂർ എന്ന് ചൂണ്ടിക്കാട്ടി എതിർപ്പുകളെ നേരിടാനാണ് പാർട്ടിയുടെ നീക്കം.

താനൂരിൽ ലീഗ് സിറ്റിങ് എംഎ‍ൽഎ അബ്ദുറഹിമാൻ രണ്ടത്താണിക്ക് 9431 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താനൂർ ഉൾപ്പെടുന്ന പൊന്നാനി മണ്ഡലത്തിൽ ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ മികച്ച മത്സരമാണ് അബ്ദുറഹ്മാൻ കാഴ്ചവച്ചത്. 2009ലെ ഇ.ടിയുടെ 82,684 വോട്ടിന്റെ ഭൂരിപക്ഷം 25,410 വോട്ടായി കുറച്ചു. വി. അബ്ദുറഹ്മാനിലൂടെ യു.ഡി.എഫ് വോട്ട് ചോർത്താനായത് ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്.