കോഴിക്കോട്: എരഞ്ഞിമാവിലെ ഗെയിൽ വിരുദ്ധ സമരം അക്രമാസക്തമായതിന്റെ ഏറ്റവും വലിയ ഗുണം അനുഭവിക്കുന്നത് ഗെയിൽ തന്നെയാണ്. ഇന്ന് ആ മേഖലയിൽ ഗെയിലിന്റെ ജോലികൾ നിർബാധം തുടരുകയാണ്. പൊലീസിനെ പേടിച്ച് ആമേഖലയിലേക്ക് ആരും തരിഞ്ഞുനോക്കുന്നില്ല. ആദ്യഘട്ടത്തിൽ സമരത്തിൽ സജീവമായിരുന്ന ജമാഅത്തെ ഇസ്‌ലാമിയും വെൽഫയർ പാർട്ടിയുമെല്ലാം പൊലീസ് നടപടിയുണ്ടായതോടെ സമരത്തിൽ നിന്ന് വലിഞ്ഞതോടെ അറസ്റ്റിലായവർക്ക് നിയമസഹായത്തിനുപോലും ആളില്ലാത്ത അവസ്ഥയാണ്. ആകെയുള്ള ആശ്വാസം മുഖ്യമന്ത്രി നഷ്ടപരിഹാര തുക ഇരട്ടിയാക്കിയത് മാത്രമാണ്. എന്നാൽ സമരക്കാരുടെ മുഖ്യആവശ്യമായ അലൈന്മെന്റ് മാറ്റലും, ഭൂമിക്ക് വിപണി വില നൽകലും സർക്കാർ അംഗീകരിച്ചിട്ടുമില്ല.

എരഞ്ഞിമാവിലെ ഗെയിൽ സമരവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരിൽ 13 പേർ ഇപ്പോഴും ജയിലിലാണ്. നിർദിഷ്ട ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടുപോകുന്നതിനെതിരെ ജനകീയ സമരസമിതി നടത്തിവന്ന പ്രക്ഷോഭത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് 35ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ല അതിർത്തിയായ എരഞ്ഞിമാവിലെ മലപ്പുറം ഭാഗത്തുനിന്ന് അറസ്റ്റിലായ 13 പേരാണ് ഇതേവരെ ജാമ്യം ലഭിക്കാതെ മഞ്ചേരി സബ് ജയിലിൽ കഴിയുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് അറസ്റ്റിലായ 21 പേർക്കും കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മഞ്ചേരി ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കാത്തത് സമരസമിതി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ആക്ഷേപമുണ്ട്. നവംബർ ഒന്നിന് പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടിയുടെ ഭാഗമായാണ് ഇവർ അറസ്റ്റിലായത്.

ഗെയിൽ സമരസമിതിയുമായും ജനപ്രതിനിധികളുമായും വ്യവസായ മന്ത്രി എ.സി. മൊയ്തീൻ നടത്തിയ ചർച്ചയിൽ കേസിൽ കുടുങ്ങിയവരുടെ കാര്യത്തിൽ തീരുമാനമെടുപ്പിക്കാൻ നേതാക്കൾക്കൊന്നും കഴിഞ്ഞില്ല. മാത്രവുമല്ല, കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നവർക്കു നേരെ മറ്റൊരു വധോദ്യമകേസ് കൂടി ചാർത്തിക്കൊടുക്കാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസ് നടപടി ഉണ്ടായപ്പോൾ സമരസമിതി നേതാക്കളൊക്കെ ഓടിയൊളിച്ചതായും ആക്ഷേപമുണ്ട്.

ഒന്നരമാസമായി നടന്നുവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പിന്തുണ നൽകിയും പിന്തുണ പ്രഖ്യാപിച്ചും യു.ഡി.എഫ് നേതാക്കളും മതനേതാക്കളും ദിവസവും എത്തിയിരുന്നു. എന്നാൽ, കേസിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ വേണ്ടത്ര നടപടിയുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംഭവദിവസം വൈകീട്ട് പൊലീസ് പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എം.ഐ. ഷാനവാസ് എംപി മുക്കം പൊലീസ് സ്‌റ്റേഷനിൽ സത്യഗ്രഹം നടത്തിയെങ്കിലും ഇവരെ വിട്ടില്ലെന്ന് മാത്രമല്ല പൊലീസ് ലാത്തിച്ചാർജിൽ ഒപ്പമുണ്ടായിരുന്നവർക്ക് ഭീകര മർദനമേൽക്കേണ്ടിവരുകയും ചെയ്തു.

ഗെയിലിന്റെ സ്ഥലമേറ്റെടുക്കൽ ജോലി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അതിവേഗം തുടരുകയുമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് വി എം. സുധീരൻ മാത്രമാണ് സമരത്തിന് പൂർണ പിന്തുണ അറിയിച്ച്് പ്രക്ഷോഭക്കാരോട് ഒപ്പം നിൽക്കാൻ തയാറായത്. എന്നാൽ, ഗാന്ധിയൻ മാർഗത്തിൽ നിരാഹാര സമരം നടത്താൻപോലും പിന്നീട് സമരസമിതി നേതൃത്വം തയാറായിട്ടില്ല.

അതിനിടെ നഷ്ടപരിഹാരം ഇരട്ടിയാക്കിയത് അടക്കം ഗെയിൽ ഇരകൾക്കായിജ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്ന് എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ വ്യക്തമാക്കിയിട്ടുണ്ട്.സമരസമിതിയുടെ മുഖ്യ ആവശ്യം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നതും ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വില നൽകണമെന്നുമായിരുന്നു.

ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. ഗെയിൽ മുമ്പ് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. കേന്ദ്രസർക്കാർ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ വിപണിവിലയുടെ നാലിരട്ടിയാണ് കൊടുക്കുന്നത്. ഗെയിലിൽനിന്ന് ഇത് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം,ഇരകളുടേയും സമരസമിതിയുടേയും ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയാറായത് നല്ല തുടക്കമാണെന്നും ഗഫൂർ കുറുമാടൻ പറഞ്ഞു.