ന്യൂഡൽഹി: പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്കുൾപ്പെടെ കാറിലെ മുഴുവൻ യാത്രക്കാർക്കുമുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹന നിർമ്മാതാക്കളോട് നിർദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതുസംബന്ധിച്ച കരടുമാർഗരേഖ ഈ മാസം പുറത്തിറക്കും. യാത്രാവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിക്കഴിഞ്ഞു.

പിന്നിലെ സീറ്റിൽ നടുവിലിരിക്കുന്നയാൾക്കും സാധാരണ സീറ്റ്‌ബെൽറ്റ് ഏർപ്പെടുത്താൻ നിർമ്മാതാക്കളോടു നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സീറ്റുകളിൽ വിമാനങ്ങളിലേതു പോലുള്ള ബെൽറ്റുകളാണുള്ളത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഒട്ടുമിക്ക കാറുകളിലും മുന്നിലിരിക്കുന്നവർക്കും പിന്നിലിരിക്കുന്ന രണ്ടുപേർക്കും മാത്രമാണ് വൈ ആകൃതിയിലുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെൽറ്റ് ഇപ്പോഴുള്ളത്. ചുരുക്കം ചില വാഹനനിർമ്മാതാക്കളാണ് നടുവിലെ സീറ്റിലും ഇതു പിടിപ്പിക്കുന്നത്. ചില കാറുകളിൽ ലാപ് ബെൽറ്റ് അല്ലെങ്കിൽ വയറിനുമുകളിലൂടെ ധരിക്കുന്ന ബെൽറ്റുകളാണ് പിന്നിലിരിക്കുന്നവർക്കായി നൽകുന്നത്.

പിന്നിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും കുറ്റകരവുമല്ല. പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ പിന്നിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. എട്ടുപേർക്കു സഞ്ചരിക്കാവുന്ന കാറിൽ ആറു എയർ ബാഗ് എങ്കിലും നിർബന്ധമായുണ്ടാകണമെന്ന് ജനുവരി 14-ന് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു; ഒക്ടോബർ ഒന്നുമുതൽ ഈ നിയമം നിലവിൽവരും.

1959-ൽ സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോയാണ് ത്രീ പോയന്റ് സീറ്റ് ബെൽറ്റ് ആദ്യമായി വാഹനത്തിൽ നൽകിയത്. വോൾവോ പി.വി 544 എന്ന മോഡലിലാണ് ഇത് ആദ്യം ഒരുക്കിയതെന്നാണ് റിപ്പോർട്ട്. പിന്നീട് ഇത് മറ്റ് വാഹന നിർമ്മാതാക്കളും ഉപയോഗിക്കുകയായിരുന്നു. നിൽസ് ബോഹ്ലിൻ എന്നയാളാണ് ത്രീ പോയന്റ് സീറ്റ് ബെൽറ്റ് വികസിപ്പിച്ചതെന്നാണ് വിവരം. ... ഷേപ്പിലുള്ള ഈ സീറ്റ് ബെൽറ്റ് ഇന്ന് മിക്ക വാഹനങ്ങളിലും ഒരുക്കുന്നുണ്ട്.

സുരക്ഷാ സൗകര്യങ്ങൾക്കനുസരിച്ച് സ്റ്റാർ റേറ്റിങും നൽകുമെന്ന് മന്ത്രി അറിയിച്ചു. വാഹനം നിയന്ത്രണം വിടാതിരിക്കാൻ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനം ഏർപ്പെടുത്തും. മുൻപിൽ വാഹനമോ കാൽനടയാത്രക്കാരനോ ഉണ്ടെങ്കിൽ ഇടിക്കാതിരിക്കാൻ മുന്നറിയിപ്പു നൽകുകയും ഓട്ടമാറ്റിക്കായി ബ്രേക്ക് അമർത്തുകയും ചെയ്യുന്ന അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സംവിധാനം ഭാവിയിൽ നിർബന്ധമാക്കും.

ഡ്രൈവർ ഉറങ്ങിപ്പോവുന്നതു തടയാനുള്ള മുന്നറിയിപ്പു സംവിധാനം, ഡ്രൈവർക്കു കാണാൻ പറ്റാത്ത വിധം വശങ്ങളിലുള്ള വാഹനത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന സംവിധാനം, സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ലെയ്‌നിൽ നിന്ന് വാഹനം മാറിപ്പോയാൽ മുന്നറിയിപ്പു നൽകുന്ന സംവിധാനം എന്നിവയും ഭാവിയിൽ ഏർപ്പെടുത്തും. ഇലക്ട്രിക് വാഹനങ്ങളുടെ എൻജിന് ശബ്ദം നൽകുന്ന സംവിധാനമേർപ്പെടുത്താനും നിർദേശമുണ്ട്. കാൽനടക്കാർ, സൈക്കിൾ യാത്രികർ തുടങ്ങിയവർ കേൾക്കാനാണിത്.

സർക്കാർ പുറത്തിറക്കിയിട്ടുള്ള റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 14 ശതമാനം മരണങ്ങൾക്കും കാരണം സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതാണ്. സീറ്റ് ബെൽറ്റ് ഉപയോഗിച്ചിക്കുന്നത്. സീറ്റ് ബെൽറ്റുകളുടെ ഉപയോഗം ഗുരുതരമായ റോഡ് അപകടങ്ങളിൽ പോലും രക്ഷപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നുമാണ് വിലയിരുത്തലുകൾ. സുരക്ഷ വർധിപ്പിക്കുന്നതിനായാണ് വാഹനത്തിൽ ആറ് എയർബാഗുകളും നിർബന്ധമാക്കുന്നത്.