- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു തവണ ഫോർമുല വൺ ലോക കിരീടം; 53 ഗ്രാൻ പ്രി വിജയങ്ങൾ; ഫോർമുല വണ്ണിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സെബാസ്റ്റ്യൻ വെറ്റൽ; വിരാമമിടുന്നത് ഒന്നര പതിറ്റാണ് നീണ്ട ഫോർമുല വൺ കരിയറിന്
ബുഡാപെസ്റ്റ്: ഫോർമുല വൺ മുൻ ലോകചാംപ്യൻ ജർമനിയുടെ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു. ആസ്റ്റൻ മാർട്ടിൻ താരമായ വെറ്റൽ സീസണിന്റെ അവസാനത്തോടെ കരിയർ അവസാനിപ്പിക്കും. 2010 മുതൽ തുടർച്ചയായി നാലു വർഷം ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്. സീസണിനൊടുവിൽ ഫോർമുല വണ്ണിൽനിന്ന് വിരമിക്കുമെന്നാണ് 35കാരനായ വെറ്റൽ അറിയിച്ചത്.
റെഡ്ബുളിനൊപ്പമായിരുന്നു 2010 മുതൽ 2013 വരെയുള്ള കിരീടനേട്ടങ്ങൾ. 2007ലാണ് അരങ്ങേറിയത്. 2010 ൽ അദ്യ വിജയം സ്വന്തമാക്കുമ്പോൾ ലോകകിരീടം നേടുന്ന പ്രായം കുറഞ്ഞ താരമായിരുന്നു വെറ്റൽ. വിരമിക്കൽ ബുദ്ധിമുട്ടേറിയ തീരുമാനമാണെന്നും ഏറെ ആലോചിച്ച ശേഷമാണു തീരുമാനമെടുത്തതെന്നും വെറ്റൽ വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.
'കഴിഞ്ഞ 15 വർഷമായി ഫോർമുല വണ്ണിൽ നിരവധി മികച്ച ആളുകളുമായി പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു, പരാമർശിക്കാനും നന്ദി പറയാനും ഒരുപാട് പേരുണ്ട്' -വെറ്റൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ആസ്റ്റൺ മാർട്ടിന്റെ ഡ്രൈവറാണ്, ഞങ്ങളുടെ ഫലങ്ങൾ പ്രതീക്ഷിച്ചത്ര മികച്ചതല്ലെങ്കിലും, ഒരു ടീമിന് ഏറ്റവും ഉയർന്ന തലത്തിൽ മത്സരിക്കാൻ ആവശ്യമായ എല്ലാം ഒരുമിച്ച് ചേർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിരമിക്കാനുള്ള തീരുമാനം എനിക്ക് ഏറെ ബുദ്ധിമുട്ടുള്ളതാണ്, അതിനെക്കുറിച്ച് ചിന്തിച്ച് ഞാൻ ഒരുപാട് സമയം ചെലവഴിച്ചു, പിതാവെന്ന നിലയിൽ എന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 35 വയസ്സുകാരനായ ജർമൻ താരം റെഡ്ബുളിനു പുറമേ ഫെറാറിക്കൊപ്പവും മത്സരിച്ചിട്ടുണ്ട്.
2010 മുതൽ 2013 വരെ തുടർച്ചയായി നാലു തവണയാണ് വെറ്റൽ ലോക ചാമ്പ്യനായത്. 53 ഗ്രാൻ പ്രി വിജയങ്ങളുമായി ലോക പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ലൂയിസ് ഹാമിൽട്ടൺ (103 വിജയങ്ങൾ), മൈക്കൽ ഷൂമാക്കർ (91) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
സ്പോർട്സ് ഡെസ്ക്