- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശുചിമുറിയിൽ കുടുങ്ങി; വീട്ടുകാരെ അറിയിക്കാതെ മറച്ചുപിടിച്ചും മറുപടി നൽകാതെയും സ്‌കൂൾ അധികൃതരുടെ ഒളിച്ചുകളി; ബാലാവകാശ കമ്മിഷന് പരാതിയുമായി രക്ഷിതാക്കൾ
മാഹി: മാഹി പാറക്കൽ ജി. എൽ.പി സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിനി ശുചിമുറിയിൽ കുടുങ്ങിയതായി പരാതി. സ്‌കൂൾ അധികൃതരുടെ അശ്രദ്ധ ചൂണ്ടിക്കാണിച്ച് രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനും ചൈൽഡ് ലൈനിനും പരാതി നൽകി. ബാത്ത് റൂമിന്റെ ഡോർ അടഞ്ഞു പോയതിനാൽ കുട്ടി കുടുങ്ങി പോവുകയായിരുന്നു. ഇതോടെ കുട്ടി പേടിച്ച് കരച്ചിലും തുടങ്ങി.
ഏറെ നേരം കഴിഞ്ഞാണ് തൊട്ടടുത്ത ക്ലാസിലെ ടീച്ചർ കരച്ചിൽ കേൾക്കുന്നത്. ടീച്ചർ ഓടിയെത്തി കുട്ടിയെ പുറത്തേക്ക് ഇറക്കി. അപ്പോഴെക്കും കുട്ടി പേടിച്ചുവിറച്ചിരുന്നു. എന്നാൽ ഈ സംഭവം കുട്ടിയെ കൊണ്ടുപോവാൻ വന്ന രക്ഷിതാക്കളെ അറിയിക്കാതെ സ്‌കൂൾ അധികൃതർ മറച്ചുപിടിച്ചുവെന്നാണ് പരാതി.
വീട്ടിലെത്തിയ കുട്ടി ഭയപ്പെട്ടു നിൽക്കുന്നത് കണ്ടു കൂടെപഠിച്ചിരുന്ന ബന്ധുവായ മറ്റൊരുകുട്ടിയാണ് വിവരം പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ചു ചോദിക്കാൻ വീട്ടുകാർ സ്‌കൂൾ അധികൃതരെ ഫോൺവിളിച്ച് അന്വേഷിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ ഫോൺ അറ്റൻഡ് ചെയ്യാനോ തിരിച്ചു വിളിക്കാനോ തയ്യാറായില്ലെന്നാണ് പരാതി.
ഭയം വിട്ടുമാറാത്തതിനാൽ ഇതിനു ശേഷം കുട്ടി സ്‌കൂളിൽ പോകാൻ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് സ്‌കൂൾ അധികൃതർക്കെതിരെ രക്ഷിതാക്കൾ പരാതി നൽകാൻ തീരുമാനിച്ചത്.
സ്‌കൂൾ അധികൃതരുടെ അനാസ്ഥയെ തുടർന്ന് കുട്ടിക്ക് മാനോവിഷമവും ഭീതിയും അനുഭവിക്കേണ്ടി വന്നുവെന്നാണ് രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനും ചൈൽഡ് ലൈൻ അധികൃതർക്കും നൽകിയ പരാതിയിൽ പറയുന്നത്.




