- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭരണം തുടങ്ങിയതോടെ തനിസ്വരൂപം പുറത്തെടുത്ത് താലിബാൻ; സെക്കൻഡറി ക്ലാസുകളിൽ നിന്നും പെൺകുട്ടികളെ പുറത്താക്കി; പഠനം തുടരേണ്ടെന്ന് തിട്ടൂരം; വനിതാകാര്യ വകുപ്പിന് പകരം മതശാസനങ്ങൾ നടപ്പാക്കാൻ 'സദാചാര' വകുപ്പും
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്ന ആശങ്കകൾ നിലനിൽക്കെ സെക്കൻഡറി ക്ലാസുകളിൽ പെൺകുട്ടികൾക്ക് വിലക്ക്. അഫ്ഗാനിസ്താനിൽ ശനിയാഴ്ചയാണ് സെക്കൻഡറി ക്ലാസുകൾ ആരംഭിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഇരുന്ന ക്ലാസിലിപ്പോൾ ആൺകുട്ടികൾ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടികൾ ഇനി പഠിക്കേണ്ട എന്നാണ് താലിബാന്റെ തിട്ടൂരം.
സ്ത്രീകൾക്ക് പഠനത്തിന് സ്വാതന്ത്ര്യം നൽകുമെന്നതടക്കം ലോകത്തിന് നൽകിയ വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തിയാണ് താലിബാൻ തനിസ്വരൂപം കാട്ടുന്നത്. തങ്ങൾ മാറിയെന്ന് പറഞ്ഞ് ആ്ചകൾക്കു മുമ്പ് അധികാരത്തിലെത്തിയ താലിബാൻ 1990-കളിലെ ദുർഭരണത്തിലേക്ക് തിരിച്ചുപോവുകയാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
ക്ലാസുകളിൽ ആൺകുട്ടികളും ആൺ അദ്ധ്യാപകരും മാത്രം മതിയെന്നാണ് താലിബാന്റെ ഉത്തരവ്. ഇതോടെ പെൺകുട്ടികളില്ലാതെയാണ് ക്ലാസുകൾ ആരംഭിച്ചത്. സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു താലിബാന്റെ പ്രസ്താവന. പെൺകുട്ടികളെ മാറ്റിനിർത്തുന്ന കാര്യം അതിൽ പറഞ്ഞിരുന്നില്ല. എന്നാൽ, ക്ലാസ് തുടങ്ങിയപ്പോൾ കാര്യങ്ങൾ ആകെ മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
സെക്കൻഡറി ക്ലാസുകൾ പുനരാരംഭിക്കുന്നുവെന്ന താലിബാന്റെ പ്രസ്താവന കേട്ട്് സന്തോഷത്തിലായിരുന്ന ആയിരക്കണക്കിന് പെൺകുട്ടികളാണ് വീടുകളിൽ തന്നെ അടച്ചിടപ്പെടുന്നത്. ആൺ കുട്ടികളും പുരുഷ അദ്ധ്യാപകരും മാത്രം സ്‌കൂളിൽ പോയാൽ മതിയെന്ന താലിബാന്റെ ശാസന നിലവിൽ വന്നതോടെ വിദ്യാഭ്യാസത്തിനുള്ള പെൺകുട്ടികളുടെ അവകാശവും അവസരവുമാണ് ഇല്ലാതാവുന്നത്.
എല്ലാം തകർന്നെന്ന തോന്നലാണ് ഇപ്പോഴെന്ന് ഒരു സ്‌കൂൾ പെൺകുട്ടിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ''ഡോക്ടറാവാനായിരുന്നു എന്റെ ആഗ്രഹം. എല്ലാം ഇല്ലാതായി. ജീവിതം ഇരുളടഞ്ഞതായി.''പെൺകുട്ടി പറയുന്നു.
രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ''എന്റെ മാതാവ് നിരക്ഷരയായിരുന്നു. അതിനാൽ, എപ്പോഴും പിതാവും മറ്റുള്ളവരും ഉമ്മയെ പരിഹസിക്കുമായിരുന്നു. എന്റെ മകൾക്ക് ആ അവസ്ഥ വരില്ലെന്നായിരുന്നു കരുതിയത്. എന്നാൽ, അതും ഇല്ലാതാവുകയാണ്. ''ഒരു രക്ഷിതാവിന്റെ വാക്കുകൾ.
2201-ൽ താലിബാൻ അധികാരത്തിൽനിന്നും പുറത്തായ ശേഷം അഫ്ഗാനിസ്താനിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് മുമ്പൊന്നുമില്ലാതിരുന്ന പ്രാധാന്യമാണ് ലഭിച്ചത്. സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം പൂജ്യത്തിൽനിന്നും 25 ലക്ഷമായാണ് അന്നുയർന്നത്. വനിതാ സാക്ഷരതാ നിരക്ക് ഇരട്ടിയായി. ഈ നേട്ടങ്ങൾ കൂടുതലും നഗരങ്ങളിലായിരുന്നുവെങ്കിലും മാറ്റം പ്രകടമായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക നിയമപ്രകാരം നിലനിർത്തും, സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള വേർതിരിവ് അവസാനിപ്പിക്കും, സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ല എന്നതടക്കം ആഴ്ചകൾക്കു മുമ്പ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം താലിബാൻ കാറ്റിൽ പറത്തി. സ്ത്രീകളെയും പെൺകുട്ടികളെയും എല്ലാത്തിൽനിന്നും പുറത്തുനിർത്തുന്ന പഴയ ഭീകര ഭരണത്തിലേക്കാണ് അഫ്ഗാനിസ്താൻ ഇപ്പോൾ മടങ്ങിപ്പോവുന്നത്.
അഫ്ഗാനിസ്താനിലെ വനിതാകാര്യ വകുപ്പ് വെള്ളിയാഴ്ച താലിബാൻ അടച്ചുപൂട്ടിയിരുന്നു. ഇതിനു പകരമായി മതശാസനങ്ങൾ കർശനമായി നടപ്പാക്കുന്ന 'സദാചാര' വകുപ്പാണ് നിലവിൽ വരുകയെന്നുംറോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 1996-2001 കാലത്ത് താലിബാൻ മതപൊലീസിങ് വകുപ്പ് കൊണ്ടുവന്നിരുന്നു. തെരുവുകളിൽ താലിബാൻ പറയുന്ന കർശന മത-സദാചാര വ്യവസ്ഥകൾ നടപ്പാക്കിയിരുന്നത് ഈ വകുപ്പായിരുന്നു. അതാണിപ്പോൾ തിരിച്ചുവന്നിരിക്കുന്നത്.
അതേ സമയം അഫ്ഗാനിലെ മനുഷ്യരുടെ അവസ്ഥ തീർത്തും പരിതാപകരമാണെന്നും ഉടൻ അന്താരാഷ്ട്രതലത്തിൽ സഹായമെത്തണമെന്നും യു.എൻ. അഭയാർത്ഥി വിഭാഗം തലവൻ ഫിലിപ്പോ ഗ്രാൻഡി ആവശ്യപ്പെട്ടു.
'അഫ്ഗാനിലെ മനുഷ്യാവകാശ രക്ഷാ പ്രവർത്തനങ്ങൾ അത്യന്തം ദുഷ്‌ക്കരമാണ്. പല പ്രവിശ്യകളിലേയും ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്തവരുടെ എണ്ണം ലക്ഷക്കണക്കിനാണ്. മരുന്നുകളും താമസൗകര്യങ്ങളും ഇല്ലാതെ നിരവധിപേരാണ് കഷ്ടപ്പെടുന്നത്. അഫ്ഗാനിലെ അവസ്ഥയെ ലോകം തിരിച്ചറിയണം. അടിയന്തിര സഹായം നൽകേണ്ട സമയമാണിത്.' ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
താലിബാനാണോ മറ്റേതെങ്കിലും ഭരണകൂടമാണോ ഭരിക്കുന്നത് എന്നതല്ല മനുഷിക പ്രശ്നങ്ങളുടെ അടിസ്ഥാനം എന്ന് ഫിലിപ്പോ ചോദ്യത്തിനുത്തരമായി പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളും മരുന്നും ഭക്ഷണങ്ങളും സന്നദ്ധപ്രവർത്തകരേയും നൽകി അഫ്ഗാനിലെ പ്രതിസന്ധിപരിഹരിക്കാൻ തയ്യാറാവുകയാണ് വേണ്ടതെന്നും ഫിലിപ്പോ നിർദ്ദേശിച്ചു. ഒന്നരക്കോടിയിലധികം പേർക്ക് അടിയന്തിര സഹായം ആവശ്യമുണ്ട്. മൂന്നരക്കോടി ജനങ്ങളാണ് സ്വന്തം വീട് നഷ്ടപ്പെട്ട് അലയുന്നതെന്നും ഫിലിപ്പോ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്