- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മുകുന്ദന്റെ എഎപി സ്നേഹത്തിന്റെ രഹസ്യമെന്താണ്?
വളരെ വൈകിയാണെങ്കിലും പ്രസിദ്ധ സാഹിത്യകാരനായ എം മുകുന്ദന് ആംആദ്മി പാർട്ടിയുടെ കരുത്തിനെയും സാധ്യതകളെയും പ്രസക്തിയെയും കുറിച്ച് ബോധ്യം വന്നു എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ അറിയുന്നതിൽ സന്തോഷം തോന്നുന്നു. ഡൽഹിയിൽ കെജ്രിവാളിന്റെ ആംആദ്മി നേടിയ താരതമ്യമില്ലാത്ത വിജയത്തെക്കുറിച്ച് ആർഎസ്എസ് ഉപയോഗിച്ച സുനാമി എന്ന രൂപകം കട
വളരെ വൈകിയാണെങ്കിലും പ്രസിദ്ധ സാഹിത്യകാരനായ എം മുകുന്ദന് ആംആദ്മി പാർട്ടിയുടെ കരുത്തിനെയും സാധ്യതകളെയും പ്രസക്തിയെയും കുറിച്ച് ബോധ്യം വന്നു എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ അറിയുന്നതിൽ സന്തോഷം തോന്നുന്നു. ഡൽഹിയിൽ കെജ്രിവാളിന്റെ ആംആദ്മി നേടിയ താരതമ്യമില്ലാത്ത വിജയത്തെക്കുറിച്ച് ആർഎസ്എസ് ഉപയോഗിച്ച സുനാമി എന്ന രൂപകം കടമെടുത്താണ് മുകുന്ദൻ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഇതും വളരെ വിചിത്രവും ശ്രദ്ധേയവുമായ കാര്യമാണ്. എന്തായാലും കേരളത്തിലും എഎപിക്ക് വമ്പിച്ച സാധ്യതയുണ്ടെന്ന് മുകുന്ദൻ സമ്മതിച്ചത് അദ്ദേഹത്തിന് ഇക്കാര്യത്തിൽ വൈകിയുണ്ടായ വിവേകത്തിന്റെ തെളിവാണ്.
എന്നാൽ അരാഷ്ട്രീയതയെന്നോ അപരാഷ്ട്രീയത എന്നോ വിളിക്കാവുന്ന ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. അതിന്റെ യുക്തിയോ പ്രസക്തിയോ മനസ്സിലാകുന്നില്ല. സിപിഎമ്മിന്റെ സംസ്ഥാന കോൺഗ്രസ്സിൽ എഎപിയുടെ വിജയത്തെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത് എന്നാണ് മുകുന്ദൻ പറഞ്ഞത്. ഇന്ത്യാ മഹാരാജ്യം മുഴുവൻ ഈ വിജയം ചർച്ച ചെയ്തത് മുകുന്ദൻ അറിയായ്കയില്ലല്ലോ. മറന്നുപോകാൻ മാത്രം കാലവുമായില്ല. ഇപ്പോൾ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ്സിൽ ഈ വിഷയം ചർച്ച ചെയ്യണമെന്ന് പറയുന്നത് മുകുന്ദനാണെങ്കിൽ പോലും തീർത്തും ബാലിശമായ കാര്യമാണ്.
അതേ സമയം മുകുന്ദന്റെ മുകളിൽ പറഞ്ഞ വാക്യത്തിൽ 'വി എസ്സിന്റെ കാര്യം ചർച്ച ചെയ്യുന്നതിനു പകരം' എന്ന ക്ലോസുകൂടി ചേർത്തിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ സംശയമുണ്ടാക്കുന്ന കാര്യമാണ്. എഎപിയോടുള്ള ആത്മാർത്ഥതകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളല്ല ഇത്. അത്ര നിരുപദ്രവകരവുമല്ല. മുകുന്ദന്റെ പ്രസ്താവനയ്ക്കു പിന്നിൽ ഒന്നല്ല രണ്ട് അജണ്ഡകൾ ഉണ്ടെന്ന് മനസ്സിലാക്കാൻ വലിയ വിഷമവുമില്ല. ആദ്യത്തെ അജണ്ഡ പിണറായി വിജയനുവേണ്ടിയുള്ള ഒരു ജാമ്യമെടുക്കലാണ്.
അതെങ്ങിനെ എന്ന് പരിശോധിക്കാം. 'വിജയശ്രീലാളിതനായി'ട്ടാണു വിജയൻ സെക്രട്ടറി സ്ഥാനമൊഴിയുന്നത് എന്നാണ് നാട്യമെങ്കിലും സിപിഐ(എം) എന്ന പ്രസ്ഥാനം ഇന്ന് പരാജയത്തിന്റെയും തകർച്ചയുടെയും പാതാളക്കുഴിയിൽ പെട്ടിരിക്കുകയാണ്. അതിന്റെ മുഖ്യകാരണം ഒന്നര പതിറ്റാണ്ടായി കേരളത്തിലെ പാർട്ടിയെ ഭരിക്കുന്ന വിജയന്റെ നയങ്ങളും ചെയ്തികളും അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രനേതൃത്വവുമാണ്. ഈഗോ പ്രശ്‌നമൊക്കെയുണ്ടെങ്കിൽ കൂടി വിജയനെതിരെ വി എസ് ഉയർത്തുന്ന ആരോപണങ്ങളും വെല്ലുവിളിയും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. വി എസ് രണ്ടും തീരുമാനിച്ചുള്ള നിലയുമാണ്. വിജയൻ പ്രതിക്കൂട്ടിലാകുമെന്നു തീർച്ച. ഈ സാഹചര്യങ്ങളെല്ലാം അറിയാവുന്നതുകൊണ്ടാണ് മുകുന്ദൻ വിജയനെ ജാമ്യത്തിലെടുക്കാനുള്ള ഈ ശ്രമം നടത്തുന്നത്. സംഘടനാ നേതൃത്വവും എന്നും അധികാരത്തോടൊപ്പം നിൽക്കുന്ന ചെറിയ ഓരാൾക്കൂട്ടവും ഒഴികെ യഥാർത്ഥ ഇടതുപക്ഷ ചിന്താഗതിക്കാരാരും തന്നെ വിജയന്റെ പിന്നിലില്ലെന്ന് പൊതുവേ കേരളീയർക്കെല്ലാം അറിവുള്ള കാര്യമാണ്.
പിണറായി വിജയനുവേണ്ടി മുകുന്ദൻ എന്തിന് ഈ ഒളിപ്രവർത്തനം നടത്തുന്നു എന്ന് ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കിൽ അവരുടെ ഓർമ്മകളെ അൽപ്പം പുറകോട്ടു കൊണ്ടുപോകണമെന്ന് അഭ്യർത്ഥിക്കുന്നു.
വിജയേട്ടനും മുകുന്ദൻ സഖാവും
ഫ്രഞ്ച് എമ്പസിയിൽ നിന്ന് വിരമിച്ച മുകുന്ദനെ തന്റെ പാർട്ടിയിലുള്ള മറ്റാരുടെയും വികാരങ്ങളെ മാനിക്കാെത ഡിവൈഎഫ്‌ഐ, പുക്കാസ-കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി പിണറായി വിജയൻ നിയമിച്ച കാലം. സിപിഎമ്മിലെ ഭൂരിപക്ഷം പേർക്കും മുകുന്ദനോട് അത്ര താൽപര്യമില്ലാതിരുന്നതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ - പ്രധാനപ്പെട്ടവയെല്ലാം - മദ്യവും ചരസും പ്രചരിപ്പിച്ച് യുവാക്കളെ വഴി തെറ്റിക്കുന്നവയാണെന്ന ശക്തമായ ആരോപണം ഉയർന്നിരുന്നു. രണ്ടാമത്തെ കാര്യം 'കേശവന്റെ വിലാപങ്ങൾ' എന്ന നോവലിലൂടെ സിപിഎമ്മിന്റെ ഏറ്റവും ആരാധ്യ നേതാവായ ഇഎംഎസിനെ വെട്ടിനിരത്തിയ ആളാണ് മുകുന്ദൻ എന്നതാണ്. ഈ നോവലിറങ്ങിയ കാലത്ത് നായനാരും ഇഎംഎസിന്റെ പുത്രനായ ഇഎം ശ്രീധരനും ചേർന്ന് ഇഎംഎസിനെ പുകഴ്‌ത്തുന്ന നോവലാണിത് എന്നൊക്കെപ്പറഞ്ഞ് തടയിട്ടുവെങ്കിലും നോവൽ വായിച്ച ബുദ്ധിയുള്ള അണികളെല്ലാം അതിലെ സത്യം മനസ്സിലാക്കിയിരുന്നു.
മുകുന്ദന്റെ നിയമനം വിജയനും മുകുന്ദനും ഗുണം ചെയ്യുന്നതായിരുന്നു. രണ്ടുപേരുടെയും പ്രതിഛായകളിൽ വിടവു വരുത്തുന്ന ചില ഘടകങ്ങൾ ഉണ്ടായിരുന്നു. മുകുന്ദന് രാഷ്ട്രീയം എന്ന വിഷയത്തോടു തന്നെ പ്രതേ്യകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തോടു പുഛമുള്ള എഴുത്തുകാരൻ എന്ന ഇമേജായിരുന്നു ഉള്ളത്. വിജയനാകട്ടെ പാർട്ടിരാഷ്ട്രീയമൊഴികെ സംസ്‌ക്കാരവും സാഹിത്യവുമൊക്കെയായി ഒരു ബന്ധവുമില്ല എന്ന ആരോപണത്തെ നേരിടാൻ വിഷമിക്കുന്ന കാലമായിരുന്നു. രണ്ടുപേരുടെയും വ്യക്തിത്വത്തിന്റെ ഡെഫിഷ്യൻസി പരിഹരിക്കപ്പെട്ടു എന്നതായിരുന്നു വിജയന്റെ തീരുമാനത്തിന്റെ ഗുണഫലം. വിജയേട്ടനും മുകുന്ദൻ സഖാവും എന്ന് ആളുകൾ കളിയാക്കിപ്പറഞ്ഞിരുന്നെങ്കിലും ഇരുവരും ചേർന്ന് കുറെക്കാലം മലയാളികളുടെ ഭൗതികവും ആത്മീയവുമായ മേഖലകളുടെ ഭരണം നടത്തി. വി എസ് നയിച്ച മൂന്നാർ ഓപ്പറേഷനെ കളിയാക്കുന്ന സാഹിത്യ രചനകൾ അക്കാലത്ത് മുകുന്ദൻ പ്രസിദ്ധീകരിച്ചിരുന്നതും കുറെ മലയാളികളെങ്കിലും ഓർമ്മിക്കുന്നുണ്ടാകും.
പത്രങ്ങളിലെല്ലാം വന്ന മുകുന്ദന്റെ പ്രസ്താവനയിലെ കാര്യങ്ങൾ അദ്ദേഹം ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു പറയുന്നുണ്ട്. സിപിഐ(എം) ആംആദ്മി പാർട്ടിക്കു പിന്തുണ പ്രഖ്യാപിക്കണമെന്നും വിഎസിന്റെ കാര്യം ചർച്ച ചെയ്യുന്നതിനുപകരം ആംആദ്മി പാർട്ടിയുടെ വിജയത്തിന്റെ കാര്യം ചർച്ച ചെയ്യണമെന്നുമാണ് അദ്ദേഹം ആവർത്തിക്കുന്നത്. ഇവിടെയാണ് മുകുന്ദന്റെ രണ്ടാമത്തെ അജണ്ഡ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎപിയും സിപിഎമ്മുമായി അടുക്കാൻ പോലും ചെയ്യാത്തത്ര വൈരുദ്ധ്യങ്ങളുടെണ്ടന്ന കാര്യം മായ്ച്ചുകളയാമെന്നാണ് മുകുന്ദൻ വിചാരിക്കുന്നത്. അതേസമയം വി എസ്, ആംആദ്മി പാർട്ടി രൂപമെടുത്തപ്പോൾ മുതൽ 2013 ലെ തിരഞ്ഞെടുപ്പു വിജയകാലത്ത് പ്രത്യേകിച്ചും ആ പാർട്ടിയെ അഭിനന്ദിച്ചിട്ടുള്ളതാണ്. അന്നത് വിജയനുൾപ്പെടെയുള്ള ഔദ്യോഗികപക്ഷ നേതാക്കളുടെ മുഖം കറുപ്പിക്കുകയും ചെയ്തു. തിരികെ കെജ്രിവാൾ വിഎസിനെ എഎപിയിൽ ചേരാൻ പരസ്യമായി ക്ഷണിച്ചതുമാണ്. വിഎസിന്റെ പക്ഷക്കാർ ഒരുപക്ഷേ താമസംവിനാ സിപിഐ(എം) വിട്ട് പുറത്തുവന്നേക്കുമെന്ന ഊഹവും ഇപ്പോൾ നിലവിലുണ്ട്. ഇതെല്ലാം മനസ്സിൽവച്ചുതന്നെയാണ് വിഎസിനെ തള്ളിയിട്ട് സിപിഐ(എം) ആംആദ്മിക്കു പിന്തുണ പ്രഖ്യാപിക്കണമെന്ന് മുകുന്ദൻ പറയുന്നത്. ചുരുക്കത്തിൽ ആംആദ്മിയുടെ ചൂലുകൊണ്ടു തന്നെ വിഎസിനെ തുടച്ചുമാറ്റി പിണറായിക്കു വഴിയൊരുക്കാനാണ് മുകുന്ദന്റെ ശ്രമം. ഇതു നടക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടൊന്നുമല്ല പക്ഷേ താൻ വിജയനുവേണ്ടി പ്രത്യുപകാരം ചെയ്യാൻ ശ്രമിക്കുന്നു എന്നു വരുത്തുകയെങ്കിലും ചെയ്യാമല്ലോ.
പ്രത്യയശാസ്ത്രത്തിന്റെ ഭാണ്ഡക്കെട്ടുകളില്ല; രാഷ്ട്രീയ പാർട്ടിയുടെ പ്രൗഡിയോ ആഭിജാത്യമുദ്രകളോ ഇല്ല എന്നൊക്കെപ്പറഞ്ഞ് എഎപിയെ ആക്ഷേപിക്കുകയും രാഷ്ട്രീയപാർട്ടിയായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരാണ് സിപിഐ(എം)കാർ. സിപിഎമ്മിന്റെ പിന്തുണ കാട്ടുന്നത് ഗുണത്തേക്കാളേറെ ദൂഷ്യമായിരിക്കും ചെയ്യുന്നത് എന്ന തിരിച്ചറിവുള്ളവരുമാണ് എഎപി. ഇതിന്റെ കാരണം അവരുടെ അഹന്തെയാന്നുമല്ല. ജനങ്ങളുടെ മനസ്സിൽ കോൺഗ്രസ്സിനേക്കാൾ അധ:പതിച്ചവരാണ് സിപിഐ(എം) എന്ന് ജനങ്ങൾക്കറിയാവുന്നതുപോലെ അവർക്കും അറിയാം എന്നേയുള്ളൂ. സുനാമി അടിച്ചതുപോലുള്ള തിരഞ്ഞെടുപ്പു വിജയം നേടിയപ്പോഴും കെജ്രിവാൾ ആദ്യം പറഞ്ഞത് നമ്മൾ അഹങ്കരിക്കരുത് എന്നാണ്. സിപിഎമ്മിന് ഇന്ത്യൻ തലസ്ഥാനത്തുള്ള വോട്ടിന്റെ ദയനീയമായ എണ്ണം ഈയിടെ വെളിവായല്ലോ. തങ്ങൾ മത്സരിക്കാത്ത ഇടങ്ങളിലൊക്കെ എഎപിക്ക് നിരുപാധിക പിന്തുണയും ഡൽഹിയിൽ സിപിഐ(എം) വാഗ്ദാനം ചെയ്തിരുന്നു. കെജ്രിവാളിന്റെയും പിണറായി വിജയന്റെയും ശരീരഭാഷ തന്നെ ധ്രുവങ്ങളുടെ അന്തരമുള്ളതാണ്.
കൃത്യമായി പറഞ്ഞാൽ മുകുന്ദന്റെ പുതിയ രാഷ്ട്രീയ ഇടപെടലിന് രണ്ടു ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് തന്റെ പഴയ വിജയേട്ടനോടുള്ള വിധേയത്വം പ്രകടിപ്പിക്കുക. രണ്ട് വിഎസിന്റെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെയും പ്രാധാന്യം കുറച്ചുകാണിക്കാൻ ശ്രമിക്കുക. ഇതല്ലാതെ ആംആദ്മി പാർട്ടിയുടെ ആശയങ്ങളോ അവർ നേടിയ വിജയത്തോടോ മുകുന്ദന് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെന്ന് തോന്നുന്നില്ല. സിപിഐ(എം) ആത്മപരിശോധന നടത്തുമെന്നോ അതിലൂടെ ഒരു തിരിച്ചു വരവ് നടത്തുമെന്നോ മുകുന്ദൻ കരുതുന്നതായും തോന്നുന്നില്ല.