മെൽബൺ: മെൽബണിലെ മലയാളികളെ ഞെട്ടിച്ച കൊലപാതക കേസിൽ വിചാരണ തുടരുമ്പോൾ പുറത്തുവരുന്നത് സോഫിയ-അരുൺ പ്രണയത്തിന്റെ കൂടുതൽ കഥകൾ. പുനലൂർ സ്വദേശിയായ ഭർത്താവ് സാമിനെ ഇരുവരും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തി എന്നാണ് കേസ്. സാമിനൊപ്പം താമസിക്കുമ്പോൾ തന്നെ അരുൺ കമലാസനനുമായി സോഫിയ ബന്ധം പുലർത്തിയിരുന്നു എന്ന് തെളിയിക്കുന്നതാണ് പ്രോസിക്യൂഷൻ പുറത്തുവിട്ട ഡയറിക്കുറിപ്പ് രൂപത്തിലുള്ള പ്രണയ ലേഖനങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

സുപ്രീംകോടതി ചീഫ് പ്രോസിക്യൂട്ടർ കെറി ജഡ്ഡ് ആണ് ഇരുവരുടെയും രഹസ്യ ഡയറിക്കുറിപ്പുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഡയറിക്കുറിപ്പിന്റെ കൂടുതൽ വിവരങ്ങളാണ് മാധ്യമങ്ങൾ വഴി പുറത്തുവന്നത്. ഓസ്‌ട്രേലിയൻ മാധ്യമങ്ങളെല്ലാം പ്രാധ്യാന്യത്തോടെ തന്നെ സാം എബ്രഹാം വധക്കേസ് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.

ഇരുവരും കൈവശം സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഡയറിക്കുറിപ്പ് ചീഫ് പ്രോസിക്യൂട്ടർ കോടതിയിൽ വായിച്ചു. സാമിന്റെ മരണത്തിന് രണ്ടു വർഷം മുമ്പേ തന്നെ ഇരുവരും തമ്മിൽ രഹസ്യബന്ധമുണ്ടായിരുന്നതായി ഡയറിക്കുറിപ്പുകൾ വെളിപ്പെടുത്തുന്നതായി കെറി ജഡ്ഡ് കോടതി മുമ്പാകെ വ്യക്തമാക്കി. 2013 ജനുവരി 28 മുതലുള്ള സോഫിയയുടെയും 2013 ജൂലൈ 9 മുതലുള്ള അരുൺ കമലാസനന്റെയും ഡയറിക്കുറിപ്പുകളാണ് പുറത്തുവിട്ടത്.

ഒരു ഇലക്ട്രോണിക് ഡയറി വാങ്ങിയതായും ഇതിന്റെ രഹസ്യം പിന്നീട് പറയാമെന്നും ജനുവരി 28 ന് സോഫിയ എഴുതി. എന്തുകൊണ്ടാണ് നമ്മൾ മറ്റൊരാളെ സ്‌നേഹിക്കുന്നത്. ചില ബന്ധങ്ങൾക്ക് വിശദീകരണം നൽകാനാവില്ല. നിന്റെ കരവലയത്തിൽ എനിക്ക് ഏറെ സന്തോഷവും സമാധാനവും ലഭിക്കുന്നു. എന്നെ ആലിംഗനം കൊണ്ട് മൂടൂ..ആ കരവലയത്തിൽ ഞാൻ എന്നെത്തന്നെ മറക്കട്ടെ. നിന്റെ കൈകളിൽ കിടന്ന് ഉറങ്ങാൻ, നിന്റേത് മാത്രമാകാൻ ഞാൻ ഏറെ കൊതിക്കുന്നു. ഞാൻ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്.ഞാൻ ഇയാളുടെ കൂടെ മടുത്തു. .എന്നിങ്ങനെ പോകുന്നു സോഫിയയുടെ ഡയറിക്കുറിപ്പുകൾ

സോഫിയയുമായുള്ള പ്രണയത്തിന് ആയിരത്തോളം പുസ്തകങ്ങൾ എഴുതിയാലും മതിയാകില്ലെന്ന് അരുൺ കമലാസനൻ ഡയറിയിൽ കുറിക്കുന്നു. എന്റെ അവസാനശ്വാസം വരെ നിന്റെ സ്‌നേഹത്തിനായി കൊതിക്കുന്നു. ഞാൻ നിനക്കായി കാത്തിരിക്കുന്നു. എനിക്കുറപ്പുണ്ട് നീ എന്റേത് മാത്രമാകും. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ... എന്നിങ്ങനെ പോകുന്നു അരുൺ കമലാസനന്റെ ഡയറിക്കുറിപ്പുകൾ.

ഇരുവരും ഒരുമിച്ചുള്ള സി സി ടി വി ദൃശ്യങ്ങലും, സോഫിയ അരുണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ ലിസ്റ്റും പ്രോസിക്യൂട്ടർ കോടതിക്ക് മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്. 2014 ജനുവരിയിൽ കോമൺവെൽത്ത് ബാങ്കിൽ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അരുൺ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. ഈ തെളിവുകൾ ശരിയാണെന്ന് സോഫിയ സമ്മതിച്ചതിക്കുകയും ചെയത്ു.

ഇരുവരും തമ്മിൽ സംസാരിക്കാൻ പ്രത്യേകം സിം തന്നെ ഉപയോഗിച്ചിരുന്നു. അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചത്. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയത്. സാമിന്റെ മരണ ശേഷം 2016 മാർച്ചിൽ സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു. പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെയും ലേലോർ ട്രെയിൻ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത ശേഷം ട്രെയിൻ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നിൽ ഹാജരാക്കി.

ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിയാണ് ഇരുവരും സാം എബ്രഹാമിനെ വകവരുത്തിയത്. ഇത് സംബന്ധിച്ച നിർണായക തെളിവുകളും പുറത്തുവന്നു. 2015 ഒക്ടോബർ 14 നു രാവിലെ എപ്പിംഗിലെ വസതിയിൽ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിന്റെ സമീപത്തും നിന്നും ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

ആ രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയിരുന്നതായും, എന്നാൽ ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ തെളിവുകളൊന്നുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കേസിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. സോഫിയും അരുണും തമ്മലുള്ള അവിഹിത ബന്ധം തെളിയിക്കാൻ പോന്നതാണ് ഈ തെളിവുകൾ. സാമിന്റെ മൃതദേഹം പോസ്റ്മോർട്ടം നടത്തിയ ശേഷം ടോക്സിക്കോളജി റിപ്പോർട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ അംശം അപകടകരമായ അളവിൽ സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിന് രക്തത്തിൽ നിന്നും, ഒരു കിലോഗ്രാമിന് 28 മില്ലിഗ്രാം എന്ന കണക്കിന് കരളിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി ടോക്സിക്കോളജി റിപ്പോർട് പറയുന്നു. കൂടാതെ മയക്കി കിടത്താനുള്ള മരുന്നിന്റെ അംശവും പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഉറങ്ങും മുൻപ് സോഫിയ സാമിന് ഒരു ഗ്ലാസ് ഓറഞ്ച് ജോസ് നൽകിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഒരു ഗ്ലാസ് പിനീട് സാമിന് കുടിക്കാനായി അടുക്കളയിൽ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞതായി പ്രോസിക്യൂഷൻ ജൂറിയെ അറിയിച്ചു.

അതേസമയം അരുണും സോഫിയയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്നാണ് അരുണിന്റെ അഭിഭാഷകൻ വാദിച്ചത്. അരുൺ കൊലപാതകം നടത്തിയിട്ടില്ലെന്നും കൊലപാതകം നടത്താനായി അരുണും സോഫിയയുമായി ഒരു ധാരണയുമുണ്ടാക്കിയിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു. സാം ആത്മഹത്യ ചെയ്തതാണോ എന്ന സാധ്യതയെ കുറിച്ച് അന്വേഷിക്കണമെന്നും അരുണിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിക്ടോറിയൻ സുപ്രീം കോടതിയിലാണ് വിചാരണാ നടപടികൾ നടക്കുന്നത്.