തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ തന്നെ അധിക്ഷേപിച്ചെന്ന പരാതിയുമായി പിജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎ പ്രസിഡന്റ് ഡോ. അജിത്ര. സമരവുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസുമായി ചർച്ചക്കെത്തിയപ്പോഴാണ് ജീവനക്കാരൻ അപമര്യാദയോടെ പെരുമാറിയതെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധമാണ് ജീവനക്കാരൻ പെരുമാറിയതെന്നും ഡോ. അജിത്ര പറഞ്ഞു

സ്ത്രീകൾ കസേരയിൽ കാല് ഉയർത്തി ഇരിക്കാൻ പാടിലെന്നാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ താക്കീത്.ഇന്ന് 12 മണിക്കായിരുന്നു ഡോ.അജിത്ര അഡീഷ്ണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാനായി എത്തിയത്. ആശാ തോമസിനെ കാണാനായി പുറത്ത് കാത്തിരുന്നപ്പോഴാണ് അജിത്ര കാൽ കയറ്റിവച്ച് ഇരുന്നത്. അപ്പോഴാണ് ഐഡി കാർഡ് ഇട്ട സെക്രട്ടേറിയറ്റ് ജീവനക്കാരൻ അജിത്രയുടെ എടുത്ത് എത്തിയത്. 'വലിയ ആളുകൾ വരുന്ന സ്ഥലമാണ് ഇതെന്നും കാൽ കയറ്റി വയ്ക്കരുതെന്നും ' ജീവനക്കാരൻ പറഞ്ഞു. സ്ത്രീകൾ കാൽ കയറ്റി വയ്ക്കാൻ പാടില്ലേ എന്ന് അജിത്ര മറു ചോദ്യം ഉന്നയിച്ചപ്പോൾ തുണിയുടുക്കാതെ നടക്കുമോ എന്നായിരുന്നു', എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ജീവനക്കാരന്റെ പേരറിയാതെ താൻ അവിടെ നിന്നും എഴുന്നേൽക്കില്ലെന്നും ഡോ. അജിത്ര വ്യക്തമാക്കി.

അഡീഷ്ണൽ ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയ, പിജി ഡോക്ടർമാരുടെ സമരം മുന്നിൽ നിന്ന് നയിച്ച തനിക്ക് ഇതാണ് അനുഭവമെങ്കിൽ മറ്റ് സാധാരണക്കാരായ സ്ത്രീകൾക്ക് എന്തെല്ലാം കേൾക്കേണ്ടി വരുമെന്ന് അജിത്ര ചോദിക്കുന്നു.

ഡോ. അജിത്രയുടെ വാക്കുകൾ:

കെഎംപിജിഎ സംസ്ഥാന പ്രസിഡന്റാണ് ഞാൻ. ഡോക്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ് മാഡം അപ്പോയിന്മെന്റ് നൽകിയത് പ്രകാരമാണ് സെക്രട്ടറിയേറ്റിൽ എത്തിയത്. എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഒരു കസേരയിൽ ഇരുന്നു.

കാലിനുമേൽ കാല് കയറ്റിവച്ചാണ് ഇരുന്നത്. അപ്പോൾ ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരൻ വന്ന് സെക്രട്ടറിയും ഐഎഎസും ഒക്കെ വരുന്ന സ്ഥലമാണ് കാൽ ഇങ്ങനെ പൊക്കിവെയ്ക്കാൻ പാടില്ല. ഒരു സ്ത്രീയല്ലേ?, എന്ന് പറഞ്ഞു. കാല് പൊക്കിവച്ചാൽ എന്താണ് സ്ത്രീകൾ കാല് പൊക്കിവെയ്ക്കാൻ പാടില്ലേ എന്ന് ചോദിച്ചു. അപ്പോൾ, എന്നാൽ പിന്നെ തുണി ഉടുക്കാതെ നടക്കു എന്നാണ് ആ ജീവനക്കാരൻ പറഞ്ഞത്. എന്റെ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ടാണ് ജീവനക്കാരൻ പെരുമാറിയത്. ഇത്തരത്തിൽ എന്നെ അപമാനിച്ചയാളുടെ പേര് കിട്ടാതെ ഇവിടെ നിന്നും എവിടേയ്ക്കും പോകില്ല. ഇവിടെ ഇരുന്ന് പ്രതിഷേധിക്കും.