തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിൽ പൊലീസ്, അതിനിടെ പൂർണമായി കത്തിനശിച്ചതു വിജ്ഞാപനങ്ങളടക്കം 25ൽ താഴെ മാത്രം ഫയലുകളെന്നും കണ്ടെത്തി. അതായത് വിലപ്പെട്ടതൊന്നും കത്തിപോയില്ല. സ്വർണ്ണ കടത്തിലെ ഫയലുകൾ എല്ലാം സുരക്ഷിതമാണെന്നാണ് ദുരന്തനിവാരണ കമ്മിഷണർ ഡോ.എ.കൗശികന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ സമിതിയുടെ പ്രാഥമിക നിഗമനം. ചീഫ് സെക്രട്ടറിയാണു സമിതിയെ നിയോഗിച്ചത്. ഓണം കഴിഞ്ഞ് സർക്കാരിനു റിപ്പോർട്ട് നൽകും.

ഭാഗികമായി നൂറിലേറെ ഫയലുകൾ കത്തിയിട്ടുണ്ട്. സുപ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു വിലയിരുത്തൽ. ഗസ്റ്റ് ഹൗസ് മുറി ബുക്കിങ്ങിന്റേത് അടക്കമുള്ള രേഖകളാണു കത്തിയതെന്നാണ് നിഗമനം. കത്തിയ ഫയലുകളുടെ എണ്ണം കുറച്ചുകാണിക്കാനും പൊതുഭരണവകുപ്പിലെ സിപിഎം അനുകൂല സംഘടനയിലുള്ളവർ ശ്രമിക്കുന്നുണ്ട്. അതിനിടെ കത്തിയ ഫയലുകളും മറ്റു കടലാസ് ഫയലുകളും സ്‌കാൻ ചെയ്തു നമ്പറിട്ടു സീൽ ചെയ്ത അലമാരകളിൽ സൂക്ഷിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

ആരോപണം ഒഴിവാക്കാൻ എല്ലാം വിഡിയോയിൽ പകർത്തുന്നുണ്ട്. അപകടത്തെക്കുറിച്ചു ഗ്രാഫിക്‌സ് വിഡിയോ തയാറാക്കും. തീ പടർന്നതിന്റെ കാരണം വിശദീകരിക്കാനാണു വിഡിയോ തയാറാക്കുന്നത്. ദുരന്തനിവാരണ കമ്മിഷണർ ഡോ.എ. കൗശികന്റെ നേതൃത്വത്തിൽ ഇന്നലെയും ജീവനക്കാരുടെ മൊഴിയെടുത്തു. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ, അഡീഷനൽ പ്രോട്ടോക്കോൾ ഓഫിസർ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് അറിയിച്ചതനുസരിച്ചാണു സ്ഥലത്ത് എത്തിയതെന്നാണ് അഡീഷനൽ പ്രോട്ടോക്കോൾ ഓഫിസർ രാജീവന്റെ മൊഴി.

അട്ടിമറി സ്ാധ്യത പൊലീസും കാണുന്നില്ല. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണു അറിയുന്നത്. തീപിടിച്ച ഓഫിസിൽ സിസിടിവി ക്യാമറകളില്ല. പകരം ഓഫിസിലേക്കെത്തുന്ന വഴികളിലെ ക്യാമറകളാണു പൊലീസ് പരിശോധിച്ചത്.

ജീവനക്കാരന്റെ കോവിഡ് ബാധയെ തുടർന്ന് അണു നശീകരണത്തിന് ഓഫിസ് അടച്ച ശേഷം അവിടേക്ക് ആരും എത്തിയിട്ടില്ലെന്നു പൊലീസ് പറയുന്നു. തീ അണയ്ക്കാനായി ഫയർ ഫോഴ്‌സ് ജീവനക്കാരാണ് ആദ്യമെത്തിയെന്നാണു നിഗമനം. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ പൊലീസ് അന്തിമ റിപ്പോർട്ട് നൽകൂ.

എന്നാൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസറടക്കം ക്വാറന്റീനിൽ പോയ ചില ജീവനക്കാർ തീപിടിച്ച സമയത്ത് ഓഫിസിനു സമീപം ഉണ്ടായിരുന്നെന്ന ആരോപണം സജീവമാണ്. ഇതേ കുറിച്ച് കൂടുതൽ പേരുടെ മൊഴിയെടുത്ത് പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം. ആരോപണം ശരിയെന്ന് കണ്ടാൽ അസിസ്റ്റൻ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ കോവിഡ് ലംഘനത്തിന് കേസ് വരും.