തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ കൂടിയായ സംഘടനാ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിവാദം. ഈ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതായാണ് ആരോപണം. പൊലീസിലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സെക്രട്ടറിയേറ്റിൽ ഉന്നത ഉദ്യോഗസ്ഥനാണ് ആരോപണ വിധേയൻ എന്നാണ് സൂചന. പരാതിക്കാരി കീഴ് ഉദ്യോഗസ്ഥയും. ഇതേ നേതാവിനെതിരെ 2 വർഷം മുൻപും സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കു പരാതി ലഭിച്ചെങ്കിലും, സംഘടനാ നേതാക്കൾ ഇടപെട്ട് പ്രശ്നം ഒതുക്കി.

അതേസമയം, ഉദ്യോഗസ്ഥനെ മനഃപൂർവം കേസിൽ കുടുക്കാനാണ് വ്യാജ പരാതി ഉന്നയിച്ചതെന്നാണ് സംഘടനയുടെ പ്രതികരണം. കേസ് അട്ടിമറിക്കാൻ ശ്രമം സജീവമാണ്. സംഭവം അറിഞ്ഞതോടെ സ്പെഷ്യൽ ബ്രാഞ്ച് വിഷയത്തിൽ ഇടപെട്ടു. ഇന്റലിജൻസ് ഉന്നതനു വിവരം കൈമാറി. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചെന്നാണ് അറിയുന്നത്.

ഉദ്യോഗസ്ഥ രണ്ടു ദിവസം മുൻപാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് പരാതി നൽകിയത്. ജോലിക്കിടെ അടുത്തെത്തിയ നേതാവ് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. സംഭവത്തെക്കുറിച്ച് സെക്രട്ടേറിയറ്റിൽ ഊമക്കത്തും പ്രചരിച്ചു. ആരോപണവിധേയനായ നേതാവിനും കത്തു ലഭിച്ചു.

ഈ കത്ത് പുറത്തായതോടെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് പ്രാഥമികമായി കൈമാറി. പരാതി പൊലീസിനു കൈമാറിയിട്ടില്ല. പരാതി ലഭിച്ചാലുടൻ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് കന്റോൺമെന്റ് പൊലീസിനു ലഭിച്ച നിർദ്ദേശം.

അതിനിടെ, സംഭവം ഒതുക്കിത്തീർക്കാൻ നീക്കം തുടങ്ങി. പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ഉദ്യോഗസ്ഥയോട് ചിലർ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥ തയാറായില്ല.