തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ പഞ്ചിങ് ഏർപ്പെടുത്തി നാലുദിവസം പിന്നിട്ടപ്പോൾതന്നെ പൊളിക്കാനുള്ള നീക്കങ്ങളും തകൃതി. ആദ്യദിവസത്തെ പഞ്ചിങ് ചടുലത തുടർന്നുള്ള ദിവസങ്ങളിലുണ്ടായില്ല. സെക്രട്ടേറിയറ്റിൽ ഇന്നലെ കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയത് 3009 പേർ. ബുധനാഴ്ച കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയത് 2873 പേരായിരുന്നു. അതിനിടെ സെർവർ തകരാർ മൂലം പലർക്കും ഹാജർ രേഖപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായെന്നും പല തവണ ശ്രമിച്ച ശേഷമാണു സാധിച്ചതെന്നും ജീവനക്കാർ പരാതിപ്പെട്ടു. പഞ്ചിങിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ.

സെക്രട്ടേറിയേറ്റിൽ ഇ-ഗവേണൻസ് പദ്ധതി ഒട്ടും കാര്യക്ഷമമല്ല. അതുകൊണ്ടുതന്നെ ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താനും കഴിയില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ വാദിക്കുന്നു. പിണറായി സർക്കാരിന്റെ നീക്കത്തെ ഇടതു പക്ഷം അനുകൂലിക്കുന്നില്ല. എന്നാൽ പുതിയ തീരുമാനത്തിലൂടെ സർവ്വീസ് സംഘടനകളിൽ സിപിഎം അനുകൂല സംഘടനയുടെ പിടി അയയുമെന്ന വിലയിരുത്തൽ സജീവമാണ്. എല്ലാ സർക്കാർ ഓഫീസിലും ബയോ മെട്രിക് പഞ്ചിങ് ഏർപ്പെടുത്തുമെന്ന സൂചനകളും ഉണ്ട്. അതുകൊണ്ട് തന്നെ എങ്ങനേയും സെക്രട്ടറിയേറ്റിലെ സംവിധാനത്തെ പൊളിക്കാനാണ് നീക്കം. ഇതിന് ഇടത് സംഘടനകളും കൂട്ടുനിൽക്കുന്നതായി സൂചനയുണ്ട്.

സെർവർ തകരാർ മൂലം പലർക്കും ഹാജർ രേഖപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായെന്നും പല തവണ ശ്രമിച്ച ശേഷമാണു സാധിച്ചതെന്നും ജീവനക്കാർ പരാതിപ്പെട്ടു. പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം അനുസരിച്ച്, ഇന്നലെ രാവിലെ 10.15നു മുൻപായി 3009 പേർ ഹാജർ രേഖപ്പെടുത്തിയപ്പോൾ 536 പേർ വൈകിയാണ് എത്തിയത്. 951 പേർ ഹാജർ രേഖപ്പെടുത്തിയിട്ടേയില്ല. അതേസമയം, വിരമിച്ചവരുടെ പേരുകൾ പോലും ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ തുടരുകയാണെന്നും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിനെ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ കുറ്റപ്പെടുത്തുന്നു.

പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം അനുസരിച്ച്, ഇന്നലെ രാവിലെ 10.15നു മുൻപായി 3009 പേർ ഹാജർ രേഖപ്പെടുത്തിയപ്പോൾ 536 പേർ വൈകിയാണ് എത്തിയത്. 951 പേർ ഹാജർ രേഖപ്പെടുത്തിയിട്ടേയില്ല. സെക്രട്ടേറിയറ്റ് സേവനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് ഒരിക്കൽ പഞ്ചിങ് ഏർപ്പെടുത്തിയിരുന്നെങ്കിലും അതും പരാജയപ്പെടുത്തിയിരുന്നു. ഇപ്പോൾ പഞ്ചിങ് കൃത്യസമയത്തു നടക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ള മുങ്ങൽ പരിശോധിക്കാൻ സംവിധാനമില്ല. ഇതു വെല്ലുവിളിയായി തുടരുന്നു. പലരും പഞ്ച് ചെയ്ത് മുങ്ങുന്നതായാണ് പരാതി. പഞ്ചിങ് രീതി അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ.

തലസ്ഥാനത്തു ജീവിക്കുന്നവർക്കു പ്രഭാതസവാരിക്കും സായാഹ്നസവാരിക്കും ഇറങ്ങുമ്പോൾ പഞ്ച് ചെയ്യണമെന്ന ആഹ്വാനം ജീവനക്കാർക്ക് ചില സംഘടനകൾ നൽകിയിട്ടുണ്ട്. ജീവനക്കാരിൽ നല്ലൊരു വിഭാഗം ട്രെയിനിൽ വരുന്നവരാണ്. ട്രെയിനുകൾ വൈകുന്നതിനാൽ അവർക്ക് ഈ സമയക്ലിപ്തത പാലിക്കാനാവില്ലെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ വലിയൊരു വിഭാഗം ജീവനക്കാരും പഞ്ചിങിന് എതിരാണ്. ഈ സാഹചര്യം മുതലെടുത്ത് പദ്ധതി അട്ടിമറിക്കാനാണ് നീക്കം. പഞ്ചിങിന് ശേഷവും ഗുണകരമായതൊന്നും സംഭവിച്ചില്ലെന്ന് വരുത്താനാണ് നീക്കം. പ്രത്യക്ഷത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ രാവിലെ പഞ്ച് ചെയ്ത് മുങ്ങുകയെന്ന തന്ത്രമാണു പലരും പയറ്റുന്നത്.

പഞ്ചിങ് കർശനമാക്കി വേണ്ടിവന്നാൽ ശമ്പളം പിടിക്കുക എന്നതു ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ അധ്യക്ഷനായ 10-ാം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ ശിപാർശയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണു റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതെങ്കിലും നടപ്പാക്കിയില്ല. ജീവനക്കാരുടെ എതിർപ്പ് ഭയന്നായിരുന്നു ഇത്. പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ചതോടെ മൂന്നുദിവസം തുടർച്ചയായി വൈകിവരുന്നവരുടെ ശമ്പളം കുറവുചെയ്യും. ഇ.കെ. നായനാർ സർക്കാരിന്റെ കാലത്താണ് ഇതിനുമുമ്പു സെക്രട്ടേറിയറ്റിൽ പഞ്ചിങ് ഏർപ്പെടുത്തിയത്.

അന്ന് ഇടതനുകൂല സർവീസ് സംഘടനകൾപോലും എതിർത്തു. സെക്രട്ടേറിയറ്റ് ഫാക്ടറിയാണോ എന്നായിരുന്നു ചോദ്യം! പിന്നീട് പഞ്ചിങ് മെഷീനുകൾ കേടാക്കുകയും തകർക്കുകയുമൊക്കെ ചെയ്തു. ഈ തന്ത്രം പുറത്തെടുക്കുന്നവരെ പിടിക്കാൻ പിണറായി സർക്കാർ രഹസ്യ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇപ്പോഴത്തെ നീക്കങ്ങൾ. തുടർന്നും പഞ്ചിങ് ഉണ്ടായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല. ഇപ്പോൾ പഞ്ചിങ്ങിനെതിരേ ഇടതുപക്ഷ യൂണിയനുകൾ ശക്തമായി രംഗത്തില്ലെങ്കിലും യു.ഡി.എഫ്. അനുകൂല സംഘടനകൾ പ്രതിഷേധത്തിലാണ്.

പുതിയ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തിയ ആദ്യദിവസം ഗുണകരമായ മാറ്റമുണ്ടായിരുന്നു. ആകെ 4,497 ജീവനക്കാരുള്ളതിൽ 3050 പേർ രാവിലെ 10.15-നു മുമ്പ് ഹാജർ രേഖപ്പെടുത്തി. 946 പേർ വൈകിയാണു ഹാജർ രേഖപ്പെടുത്തിയത്. 501 പേർ ഹാജർ രേഖപ്പെടുത്തിയതുമില്ല. കഴിഞ്ഞ ഡിസംബർ 28-നു കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയതു വെറും 1047 പേരായിരുന്നു, 2150 പേർ വൈകി.