തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനയുടെ രണ്ട് ദിവസത്തെ സമ്മേളനം പ്രമാണിച്ച് സർക്കാർ ചെലവിൽ അടിച്ചു പൊളി ആഘോഷം. ഒന്നര ലക്ഷത്തോളം ഫയലുകൾ സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുമ്പോഴാണി തോന്നിയവാസം. സി പി എം നിയന്ത്രണത്തിലുള്ള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ 49- മത് സംസ്ഥാന സമ്മേളനം ഇന്നും ( ചൊവ്വ ) നാളെ ബ്രുധൻ ) യുമായി നടക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് ചീഫ് സെക്രട്ടറിയുടെ അനുമതിയുമുണ്ട്. അതിൽ കൂടുതൽ എന്തു വേണം? ശമ്പളം മേടിച്ച് യൂണിയന്റെ സമ്മേളനം പൊടിപൊടിക്കാം. ഇതൊന്നുമറിയാതെ സെക്രട്ടറിയേറ്റിൽ ജീവിതാവശ്യങ്ങൾക്കായി ദൂരെ സ്ഥലങ്ങളിൽ നിന്ന് വന്നു പെടുന്നവർക്ക് ആളില്ലാ കസേരകൾ കണ്ട് മടങ്ങാം.

സെക്രട്ടറിയേറ്റിൽ 4000 ത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരിൽ 95 ശതമാനവും സി പി എം അനുഭാവികളായ ജീവനക്കാരാണ്. ഇവരെല്ലാം സമ്മേളനത്തിന്റെ പേര് പറഞ്ഞ് രണ്ട് ദിവസം സെക്രട്ടറിയേറ്റിന് വെളിയിലായിരിക്കും. സെക്രട്ടറിയേറ്റ്
സഖാക്കളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ഭരണത്തലവനായ മുഖ്യമന്ത്രി തന്നെ. ഓരോ ഫയലും ഓരോ ജീവനാണെന്നുള്ള അദ്ദേഹത്തിന്റെ സ്ഥിരം സുവിശേഷം ആവർത്തിക്കും. ഇതൊക്കെ എത്ര കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്ന മട്ടിൽ ജീവനക്കാരും. ഇങ്ങനെ കുത്തഴിഞ്ഞ അവസ്ഥയിലാണിവിടെ വികസനം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. ഓരോ മാസവും സർക്കാർ ജീവനക്കാരന് ശമ്പളം കൊടുക്കുന്ന വികസനം മാത്രം നടക്കുന്ന സംസ്ഥാനത്തെ ജീവനക്കാരാണ് അവരുടെ സംഘടനയുടെ സമ്മേളനത്തിനായി രണ്ട് ദിവസം സെക്രട്ടറിയേറ്റ് പൂട്ടിയിട്ടിരിക്കുന്നത്.

വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കുന്നത് പ്രത്യേക യജ്ഞമായി ഏറ്റെടുത്ത് മൂന്നുമാസംകൊണ്ട് പൂർത്തിയാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്ന വേളയിലാണി രണ്ട് ദിവസത്തെ സമ്പൂർണ സെക്രട്ടറിയേറ്റ് അടച്ചിടൽ സമ്മേളനം.

സെക്രട്ടറിയേറ്റിൽ മാത്രം കെട്ടിക്കിടക്കുന്നത് 1.48 ലക്ഷം ഫയലുകളാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണം, ആഭ്യന്തരം എന്നിവയ്ക്ക് പുറമേ ധനകാര്യം, ആരോ?ഗ്യം റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലും ഫയൽ തീർപ്പാക്കലിൽ യാതൊരു പുരോ?ഗമനവുമില്ല. ഫയൽ യജ്ഞം നടത്തുമെന്ന് പ്രഖ്യാപനം മുൻകൂറായി വന്നിട്ടുണ്ട്.

പൊതുഭരണ വകുപ്പിൽ 11,415 ഫയലുകൾ ചുവപ്പുനാടയിലാണ്. സർവീസ് സംബന്ധമായ കാര്യങ്ങളാണ് ഇതിൽ കൂടുതൽ. 17,000-ത്തോളം ഫയലുകളാണ് ധനകാര്യ വകുപ്പിൽ ഉറങ്ങുന്നത്. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചതോടെ പല ഫയലുകളിലും തീരുമാനമെടുക്കാൻ കഴിയാതെ വരുന്നതാണ് ധനകാര്യ വകുപ്പിൽ ഫയലുകളുടെ എണ്ണം കൂടാൻ കാരണം. സാമ്പത്തികം മെച്ചപ്പെടുന്ന മുറയ്ക്ക് ഫയലിലെ ആവശ്യം പരിഗണിക്കാം എന്ന സ്ഥിരം മറുപടി തയ്യാറാക്കി അയക്കുകയാണ് വകുപ്പിലെ ഉദ്യോഗസ്ഥർ.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അപേക്ഷകൾ കൂടുതൽ എത്തുന്ന റവന്യൂ, തദ്ദേശസ്വയം ഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഫയൽ കുന്നു കൂടുന്നത് പാവങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിയമസംബന്ധമായ അഭിപ്രായങ്ങൾ തേടി വരുന്ന നിയമ വകുപ്പിൽ കെട്ടിക്കിടക്കുന്നത് 2,400 ഫയലുകളാണ്. സെക്രട്ടേറിയേറ്റിൽ കൂടുതലും ഫയലുകൾ ഇ-ഫയലുകളാണ്. 2022 ജനുവരി മുതൽ ഏപ്രിൽ വരെ ഇ-ഫയലുകളുടെ എണ്ണം 81,000 ആണ്. മന്ത്രിമാരും പരിവാരങ്ങളും തൃക്കാക്കര കേന്ദ്രീകരിച്ചതോടെ ഈ മാസം മാത്രം ഇ ഫയലുകൾ 27,810 ആയി.
പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കുന്നുകൂടിയതോടെ അടിയന്തരമായി തീർപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. പുതിയ അധ്യയന വർഷം തുടങ്ങുന്നത് പ്രമാണിച്ച് ഫയൽ പരിഹാരത്തിന് ചില ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ മുഖ്യമന്ത്രിയടക്കം മറ്റുള്ള മന്ത്രിമാരിൽ നിന്ന് ഈ ശ്രമങ്ങൾ പോലും ഉണ്ടാവുന്നില്ല.

സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണമെത്ര?, തീർപ്പ് കൽപിച്ചത് എത്ര? കെട്ടികിടക്കുന്നതെത്ര? എന്നിവയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലാണ്. എത്ര ഫയലുകൾ സെക്രട്ടേറിയേറ്റിൽ കെട്ടിക്കിടക്കുന്നു എന്ന് നിയമസഭയിൽ ചോദ്യം വരുമ്പോൾ സർക്കാർ മനഃപൂർവം ഉത്തരം തരാറില്ല. സ്ഥിരം നൽകുന്ന മറുപടി ''വിവരം ശേഖരിച്ചു വരുന്നു'' എന്നാണ്. സെക്രട്ടേറിയേറ്റിൽ വേറെ എന്ത് നടന്നില്ലെങ്കിലും ഒരു മാസം മുമ്പ് വരെയുള്ള ഫയൽ കണക്കുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തയ്യാറാക്കുമെന്നിരിക്കെ, കെട്ടിക്കിടക്കുന്ന ഫയൽ വിശദാംശങ്ങൾ സംബന്ധിച്ച മറുപടി വന്നാൽ വിമർശനം ഉണ്ടാകും എന്ന ഭയത്താലാണ് മറുപടി നൽകാത്തത്. കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ചുള്ള വിവരവകാശ ചോദ്യത്തിനു പോലും മറുപടി നൽകാതെ ഉദ്യോ?ഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലെ ഉദ്യോ?ഗസ്ഥർ മൗനം പാലിക്കുകയാണ് പതിവ്.

സെക്രട്ടറിയേറ്റിൽ നിലവിൽ 4000-ത്തോളം ജീവനക്കാരാണുള്ളത്. മന്ത്രിമാരും പേഴ്‌സണൽ സ്റ്റാഫും അടക്കം 600 പേർ വേറെയും. ആഴ്ചയിൽ നാലു ദിവസം സെക്രട്ടേറിയേറ്റിൽ കർശനമായി മന്ത്രിമാർ ഉണ്ടായിരിക്കണമെന്ന് മുൻ മുഖ്യമന്ത്രിമാർ നിഷ്‌കർഷിച്ചിരുന്നു. രണ്ട് മാസം കൂടുമ്പോൾ ഓരോ വകുപ്പും ഫയൽ തീർപ്പാക്കൽ മേളകളും മുൻ സർക്കാരുകൾ നടത്തിയിരുന്നു. കോടതി സംബന്ധമായ തർക്കങ്ങൾ ഉള്ള ഫയലുകൾ മാത്രമാണ് അക്കാലത്ത് കെട്ടിക്കിടന്നിട്ടുള്ളത്. ഇന്നിപ്പോൾ, ഇ ഫയൽ സംവിധാനം വന്നതോടെ വീട്ടിലിരുന്ന് വേണമെങ്കിലും ഫയൽ നോക്കാനും പരിഹരിക്കാനും കഴിയുമെന്നിരിക്കെ ഇത്രയധികം ഫയലുകൾ കുന്നുകൂടുന്നതെങ്ങനെയെന്നാണ് ഭരണരം?ഗത്തെ വിദ?ഗ്ധർ ചോദ്യമുയർത്തുന്നത്.

രണ്ട് ദിവസത്തേക്ക് ജനങ്ങളാരും സെക്രട്ടറിയേറ്റിലേക്ക് വരേണ്ടതില്ലെന്ന് ഔദ്യോഗിക അറിയിപ്പു കൂടി പ്രഖ്യാപിച്ചിരുന്നെങ്കിൽ വഴി തെറ്റിപ്പോലും ആരും ആ പരിസരത്തേക്ക് വരില്ലാ എന്നുറപ്പാക്കാം. പണ്ടൊരിക്കൽ പ്രശസ്ത കവി ഡോ. ചെമ്മനം ചാക്കോ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ സ്വന്തം ആവശ്യങ്ങൾക്കായി പലവട്ടം കയറിയിറങ്ങുമ്പോൾ ആളില്ലാ കസേരകൾ കണ്ട് അദ്ദേഹം എഴുതിയ ' ആളില്ലാ കസേരകൾ ' എന്ന കവിത ചൊല്ലി സായൂജ്യ മടയാനാണ് മലയാളികളുടെ തലേ വിധി. 'കൈയിലെ കാശും കൊടുത്തീവിധം തേരാപ്പാരാ വയ്യെനിക്കെജീസ് ഓഫീസ് കയറുവാൻ ഭഗവാനേ...' എന്നായിരുന്നു കവിയുടെ വിലാപം ഈ അവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല.