- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നിശ്ചയവുമില്ലാതെ സെക്രട്ടറിയേറ്റിലെ ഫയൽ കൂമ്പാരങ്ങൾ; തീരുമാനം കാത്ത് കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷം ഫയലുകൾ; ഒാരോ ഫയലും ഒരു ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് ഉദ്യോഗസ്ഥരും
തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നത് 1.48 ലക്ഷം ഫയലുകൾ. അതേ, മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ 1.48 ജീവിതങ്ങൾ! വികസനം കൊട്ടക്കണക്കിന് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നു എന്ന് തള്ളി മറിക്കുന്ന ഭരണകാലത്താണ് ഫയലുകളിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടി കിടക്കുന്നത് പൊതുഭരണം, റവന്യു , തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രസംഗിച്ച് ഭരണം തുടങ്ങിയ മുഖ്യമന്ത്രിക്ക് ഫയലുകൾ തീർപ്പാക്കുന്നതിൽ മുന്നേറാൻ സാധിക്കുന്നില്ല എന്നാണ് കെട്ടി കിടക്കുന്ന ഫയലുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഫയലുകൾ കെട്ടി കിടക്കുന്നതിൽ മുഖ്യമന്ത്രി കടുത്ത നിരസത്തിലാണ്. ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി തുറന്ന് പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിൽ കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തിര നിർദ്ദേശം നൽകിയിരിക്കു കയാണ്. പതിനേഴായിരത്തോളം ഫയലുകളാണ് ധനകാര്യ വകുപ്പിൽ കെട്ടി കിടക്കുന്നത്.
ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചതോടെ പല ഫയലുകളിലും തീരുമാനമെടുക്കാൻ കഴിയാതെ വരുന്നതാണ് ധനകാര്യ വകുപ്പിൽ ഫയലുകളുടെ എണ്ണം കൂടാൻ കാരണം. സാമ്പത്തികം മെച്ചപ്പെടുന്ന മുറയ്ക്ക് ഫയലിലെ ആവശ്യം പരിഗണിക്കാം എന്ന സ്ഥിരം മറുപടി തയ്യാറാക്കി അയക്കുകയാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പിൽ കെട്ടി കിടക്കുന്നത് 11415 ഫയലുകളാണ്. സർവീസ് സംബന്ധമായ കാര്യങ്ങളാണ് ഇതിൽ കൂടുതൽ. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അപേക്ഷകൾ കൂടുതൽ എത്തുന്ന റവന്യൂ, തദ്ദേശസ്വയം ഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഫയൽ കുന്നു കൂടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും.
നിയമസംബന്ധമായ അഭിപ്രായങ്ങൾ തേടി വരുന്ന നിയമ വകുപ്പിൽ കെട്ടി കിടക്കുന്നത് 2400 ഫയലുകളാണ്. സെക്രട്ടേറിയേറ്റിൽ കൂടുതലും ഫയലുകൾ ഇ-ഫയലുകളാണ്. 2022 ജനുവരി മുതൽ ഏപ്രിൽ വരെ ഇ-ഫയലുകളുടെ എണ്ണം 81000 ആണ്. ഈ മാസം മാത്രം ഇ ഫയലുകൾ 27810 ആയി. സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണം , തീർപ്പ് കൽപിച്ചത്, കെട്ടികിടക്കുന്നതെത്ര എന്നിവയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലാണ്.എത്ര ഫയലുകൾ സെക്രട്ടേറിയേറ്റിൽ കെട്ടി കിടക്കുന്നു എന്ന് നിയമസഭയിൽ ചോദ്യം വരുമ്പോൾ സർക്കാർ പലപ്പോഴും ഉത്തരം തരാറില്ല. സ്ഥിരം തരുന്ന മറുപടി ' വിവരം ശേഖരിച്ചു വരുന്നു ' എന്നാണ്. ഇത് മനഃപൂർവ്വമാണ്.
സെക്രട്ടേറിയേറ്റിൽ വേറെ എന്ത് നടന്നില്ലെങ്കിലും ഒരു മാസം മുമ്പ് വരെയുള്ള ഫയൽ കണക്കുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തയ്യാറാക്കും. കെട്ടി കിടക്കുന്ന ഫയൽ വിശദാംശങ്ങൾ സംബന്ധിച്ച മറുപടി വന്നാൽ വിമർശനം ഉണ്ടാകും എന്ന ഭയത്താലാണ് മറുപടി നൽകാത്തത് . കെട്ടി കിടക്കുന്ന ഫയലുകൾ സംബന്ധിച്ചുള്ള വിവരവകാശ ചോദ്യത്തിനു പോലും മറുപടി നൽകാതെ ഉഴപ്പി കളിക്കാൻ മിടുക്കരാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലുള്ളത്. 4000 ത്തോളം ജീവനക്കാരാണ് സെക്രട്ടേറിയേറ്റിൽ ഉള്ളത്. മന്ത്രിമാരും പേഴ്‌സണൽ സ്റ്റാഫും അടക്കം 600 പേർ വേറെയും. മുൻ കാലങ്ങളിൽ മുഖ്യമന്ത്രിയായിരുന്നവരെല്ലാം ഫയലുകൾ തീർപ്പാക്കാൻ പരമാവധി ശ്രമിച്ചിരുന്നു.
ആഴ്ചയിൽ നാലു ദിവസം സെക്രട്ടേറിയേറ്റിൽ കർശനമായി മന്ത്രിമാർ ഉണ്ടായിരിക്കണമെന്ന് അന്നത്തെ ഇടതു വലതു മുഖ്യമന്ത്രിമാർ നിഷ്‌കർഷിച്ചിരുന്നു. രണ്ട് മാസം കൂടുമ്പോൾ ഓരോ വകുപ്പും ഫയൽ തീർപ്പാക്കൽ മേള നടത്തിയിരുന്നു. കോടതി സംബന്ധമായ തർക്കങ്ങൾ ഉള്ള ഫയലുകൾ മാത്രമാണ് അക്കാലത്ത് കെട്ടി കിടന്നിട്ടുള്ളത്. ഇന്നത്തെ പോലെ വീട്ടിലിരുന്ന് പോലും നോക്കാൻ സൗകര്യമുള്ള ഇ-ഫയലുകൾ അന്നില്ലായിരുന്നു എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ഓരോ ഫയലും ഓരോ ജീവിതമാണന്ന് ഓരോ വർഷവും ആവർത്തിച്ച് കെട്ടി കിടക്കുന്ന ഫയലുകൾ നോക്കി ഇരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. ഫയലിൽ കുരുങ്ങി ജീവിതം ജീവിച്ച് തീർക്കാൻ വിധിക്കപ്പെട്ടവരായി സംസ്ഥാനത്തെ ജനങ്ങളും.
മറുനാടന് മലയാളി ബ്യൂറോ