ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ ആസൂത്രകനെന്ന് കരുതുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗാർത്ഥികൾക്ക് ആർമി ട്രെയിനിങ് നൽകുന്ന പരീക്ഷാകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ റെയിൽവേ പൊലീസ് ഫോഴ്‌സിന് കൈമാറും.

ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സൈന്യത്തിലേക്കുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഉദ്യോഗാർത്ഥികളാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. അവകാശപ്പെട്ട ജോലി ലഭിക്കാനായി പ്രതിഷേധിക്കണമെന്ന് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ആഹ്വാനം ലഭിച്ചു.

തുടർന്ന് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെത്തിലേക്കെത്തിയത്. ഏഴ് ഗെയ്റ്റുകളിലൂടെ സ്റ്റേഷനുള്ളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ പാർസൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം കത്തിച്ചു. മൂന്ന് ട്രെയിനുകൾക്കും തീവെച്ചു. റെയിൽ പാളങ്ങൾക്ക് കേടുവരുത്തുകയും ഓഫീസ് തകർക്കുകയും ചെയ്തിരുന്നു.

സെക്കന്തരാബാദിൽ 20 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. സെക്കന്തരാബാദിൽ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയിൽവേ പൊലീസിന്റെ റിപ്പോർട്ട്. അ?ഗ്‌നിപഥ് പ്രതിഷേധത്തെത്തുടർന്നുണ്ടായ അക്രമങ്ങൾ ചെറുക്കാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സെക്കന്തരാബാദ് അക്രമങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.