ന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആയ മുരളീ തുമ്മാരുകുടി. ചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുരളി മറുനാടനിൽ എഴുതിയ ലേഖനത്തിന് ആയിരക്കണക്കിന് ഷെയർ ആണ് ലഭിച്ചത്. മഹാദുരന്തങ്ങൾ ഉണ്ടാകുന്നിടത്തൊക്കെ രക്ഷകരാകേണ്ടുന്ന ആശുപത്രികൾ എന്തുകൊണ്ട് വില്ലന്മാരാകുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് മറുനാടൻ മലയാളിക്ക് വേണ്ടി മാത്രം തയ്യാറാക്കിയ ഈ ലേഖനത്തിലൂടെ മുരളി - എഡിറ്റർ.

ചെന്നൈയിലെ പ്രളയത്തിനിടക്ക് വന്നിരുന്ന ഒരു വാർത്ത നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവിടെ ഒരു ആശുപത്രിയിൽ താഴത്തെ നിലകൾ മുങ്ങി എന്നും, വിദ്യുശക്തി തകരാറിൽ ആയതിനാൽ ഒക്‌സിജൻ നിലച്ചു രോഗികൾ മരിച്ചു എന്നതും ആയിരുന്നു ആ വാർത്ത. മരണകാരണവും മരിച്ചവരുടെ എണ്ണത്തെ പറ്റിയും ഒക്കെ പിന്നെ വേറെ വേറെ റിപ്പോർട്ടുകൾ വന്നു. അതിലെ ശരി തെറ്റുകൾ നോക്കുക എന്നതല്ല, ഈ ലേഖനത്തിന്റെ ഉദ്ദേശം. ദുരന്ത സമയത്ത് ആശുപത്രികൾ തകരുന്നത് അസാധാരണം അല്ല. നേപ്പാളിലെ ഭൂമി കുലുക്കത്തിൽ ആശുപത്രികൾ ഉൾപ്പടെ ആയിരത്തോളം ആരോഗ്യ കേന്ദ്രങ്ങൾ ഉപയോഗ ശൂന്യം ആയി. പാക്കിസ്ഥാനിലെ ഭൂകമ്പത്തിൽ അനവധി ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും ജീവ ഹാനി നേരിട്ടു. ജപ്പാനിലെ സുനാമിയിലും കടൽ തീരത്തുള്ള ആശുപത്രികൾ തകര്ന്നിരുന്നു. അതുകൊണ്ട്, ഇതെല്ലാം എവിടെയും സംഭവിക്കാവുന്നതെ ഉള്ളൂ, അതിൽ നിന്നും നാം എന്ത് പഠിക്കണം എന്നതാണ് ലേഖനത്തിന്റെ വിഷയം.

ദുരന്തകാലത്ത്, അത് ഭൂമികുലുക്കം ആവട്ടെ, സുനാമി ആവട്ടെ വെള്ളപ്പൊക്കം ആവട്ടെ, ദുരന്തം ഉണ്ടാകുമ്പോൾ ആശുപത്രി തന്നെ തകരുക എന്നത് ഒരു ഡബിൾ ട്രാജഡി ആണ്. സാധാരണ ദുരന്തത്തിൽപ്പെട്ടവരെ രക്ഷപെടുത്തുന്ന സ്ഥലമാണല്ലോ ആശുപത്രി. അവിടെത്തന്നെ ദുരന്തം സംഭവിക്കുക എന്നുവച്ചാൽ?. അതുകൊണ്ട് തന്നെ സമൂഹത്തിന്റെയും, വിദഗ്ദ്ധരുടെയും അധികാരികളുടെയും പ്രത്യേക ശ്രദ്ധ ഇവിടെ വേണം. The most expensive hospital is the one that fails എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഇക്കാര്യത്തെ പറ്റി പറഞ്ഞത്.


ദുരന്തം നേരിടാൻ അത്യാവശ്യം ആയ കമ്മ്യുണിക്കേഷൻ സംവിധാനങ്ങൾ , എയർപ്പോർട്ടുകൾ എന്നിങ്ങനെ ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആയിട്ടാണ് ദുരന്തലഘൂകരണ വിദഗ്ദ്ധർ ആശുപത്രികളേയുംകാണുന്നത്. കാരണം വ്യക്തമാണല്ലോ. ഏതെങ്കിലും ദുരന്തം ഉണ്ടായിക്കഴിഞ്ഞാൽ പരിക്കേറ്റവരെ ആദ്യം എത്തിക്കുക എന്നത് ആശുപത്രിയിലേക്കാണ്. അതുകൊണ്ടുതന്നെദുരന്തം ഉണ്ടായാൽ ആശുപത്രികൾക്ക് നാശം ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക തയ്യാറെടുപ്പുകൾ എടുക്കേണ്ടതാണ്. അതുകൊണ്ട് തന്നെ 2008-2009 കാലഘട്ടത്തിൽ സുരക്ഷിതമായആശുപത്രി എന്നതായിരുന്നു ഐക്യരാഷ്ട്ര ദുരന്തലഘുകരണ സംഘത്തിന്റെ ഒരു കാംപെയ്ൻ തന്നെ.

[BLURB#1-VL]പല തരത്തിലാണ് അപകടസമയത്ത് ആശുപത്രികൾ ബാധിക്കപ്പെടുന്നത്. ദുരന്തത്തിൽ ആശുപത്രിയിലെ ഡോക്ടർമാർക്കോ മറ്റു ജീവനക്കാര്‌ക്കോ പരിക്ക് പറ്റുകയോ ജീവന നഷ്ടപ്പെടുകയോ ചെയ്തു എന്ന് വരാം. ആശുപത്രികെട്ടിടം വെള്ളം കേറിയോ തകര്‌ന്നോ ഉപയോഗശൂന്യമായി എന്നുവരാം. ആശുപത്രിയിലെ ഉപകരണങ്ങളും സംവിധാനങ്ങളും (ഉദാ:ഓപ്പറേഷൻ തിയേറ്റർ) കേടുപാടായി എന്നുവരാം. ആശുപത്രിയിലെ വൈദ്യുതി സംവിധാനം തകരാറിൽ ആയാൽ പല ജീവൻ രക്ഷ സംവിധാനങ്ങളും ഉപയോഗിക്കാൻ പറ്റാതെ വരികയും പാഴായിപ്പോവുകയും ഒക്കെ ചെയ്യാം. ആശുപത്രിയിലേക്കുള്ള വഴി ദുർഗ്ഗമം ആകാം, എന്നിങ്ങനെ പല കാരണം കൊണ്ടും അവസരങ്ങളിൽ എല്ലാം ദുരിതബാധിതർക്കുവേണ്ട സഹായങ്ങൾ ചെയ്യാൻ ആശുപത്രിക്ക് പറ്റാതെ വരും. ഇതിനെല്ലാംഎതിരെ നാം ആശുപത്രിയെ സജ്ജമാക്കണം.

[BLURB#2-VR] സ്വിറ്റ്‌സർലാന്റിലെ ഡാവോസിൽ, ദുരന്തത്തിനു തയ്യാറെടുക്കുന്ന ആശുപത്രി, ഞാൻ കേരളത്തിലെ ദുരന്തനിവാരണ സെക്രട്ടറിയായിരുന്ന ശ്രീമതി നിവേദിത ഹരനുമായിസന്ദർശിച്ചിട്ടുണ്ട്. ഒരു കുന്നിന്റെ താഴ്‌വരയിൽ ആണ് ആശുപത്രി. മണ്ണിടിഞ്ഞു വീഴുന്നതോ മഞ്ഞു കൂട്ടമായി താഴേക്കു പതിക്കുന്നതോ (അവലാഞ്ച്) ആണ് ദാവോസിലെ പ്രധാന പ്രശ്‌നം. അവിടുത്തെ വേറെ ഓപ്പറേഷൻതിയേറ്റർ, വേറെ വാർഡുകൾ, വേറെ വേറെ കിണർ, വേറെ കാന്റീൻ, വേറെ ഓക്‌സിജൻ, വേറെ ജനറേറ്റർ, എന്നിങ്ങനെ എല്ലാം. ഫോൺ ബന്ധം തകരാറിൽ ആയാൽ മറ്റുള്ളവരെ ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ, കൂടാതെ അപകടത്തിൽ ഡോക്ടർമാർ ആരെങ്കിലും മരിച്ചാൽ പുതിയ ആളുകളെ സ്വിറ്റ്‌സർലാന്റിലെ മറ്റിടത്തുനിന്ന് എത്തിക്കാനുള്ളസംവിധാനവും റെഡി.

സ്വിറ്റ്‌സർലാന്റ് ഇത്തരം കാര്യങ്ങളിൽ അല്പം ശ്രദ്ധ കൂടുതൽ ഉള്ള രാജ്യമാണ്. അടുത്ത കാലം വരെ ഇവിടെ ഉണ്ടാക്കുന്ന ഓരോ വീടിനടിയിലും, ന്യൂക്ലിയർയുദ്ധംഉണ്ടായാൽ സുരക്ഷിതമായിരിക്കാൻ പാകത്തിന് ഒരു ബങ്കർ വേണമെന്ന് നിർബന്ധമായിരുന്നു. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണവും വെള്ളവും അവിടെ എപ്പോഴുംസ്റ്റോക്കുവക്കുകയും ഒക്കെ വേണം. ഇതൊക്കെ നല്ല കാര്യം ആണെങ്കിലും നമ്മുടെ സാഹചര്യത്തിൽ അല്പം ചെലവേറിയതാണ്. അതുകൊണ്ടുതന്നെ കൂടുതൽപ്രായോഗികമായ ചില നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുന്നു. എന്ന് വച്ച് സ്വിസ്സിലെ മുന്കരുതലുകളെ തള്ളിക്കളയരുത്, നമുക്കും കാശൊക്കെ ഉണ്ടാകുന്ന മുറക്ക് കൂടുതൽ കൂടുതൽ മുൻകരുതലുകൾ എടുക്കണം.

സ്ഥാനം കാണുമ്പോൾ: ദുരന്തസാധ്യത കണക്കിലെടുത്തുവേണം ആശുപത്രിക്ക് സ്ഥാനം കാണാൻ. സുനാമി വരാനിടയുള്ള കടൽത്തീരത്തോ മണ്ണിടിച്ചിലുള്ള മലഞ്ചെരുവിലോഒന്നും ആശുപത്രി സ്ഥാപിക്കരുത്. അപകടങ്ങൾ ഉണ്ടാകാനിടയുള്ള വ്യവസായങ്ങളുടെ തൊട്ടു ചേർന്നും വെള്ളം പൊങ്ങാനിടയുള്ള ചതുപ്പുനിലത്തിലും ഒക്കെ ആശുപത്രിസ്ഥാപിക്കുന്നത് ആശുപത്രിക്ക് നാശം ഉണ്ടാക്കും എന്നു മാത്രമല്ല അത്യാവശ്യ സമയത്ത് ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യും.

ഇപ്പോൾ നാം സ്ഥാപിച്ചിരിക്കുന്ന ആശുപത്രികൾ ആ സ്ഥലങ്ങളിൽ സംഭവിക്കാനിടയുള്ള അപകടങ്ങളുടെ സാഹചര്യത്തിൽ ഒന്നു വിലയിരുത്തുന്നത് നല്ലതാണ്. ഉദാഹരണത്തിന് കായൽത്തീരത്തുള്ള ആശുപത്രിയാണെങ്കിൽ, അവിടെ വെള്ളം പൊങ്ങാൻ സാധ്യതയുണ്ട്. അപ്പോൾ അവിടുത്തെ ജനറേറ്റർ ബേസ്!മെന്റിലോ തറനിരപ്പിലോആണെങ്കിൽ വേറെ ഒരു ബാക്ക്അപ് സംവിധാനംകൂടി ഉണ്ടാക്കണം. വിലയുള്ള ഉപകരണങ്ങളും ഓപ്പറേഷൻ തിയേറ്ററും ഒന്നും ഗ്രൗണ്ട്ഫ്‌ലോറിൽ ഉണ്ടാക്കരുത്. വെള്ളംപൊങ്ങി വന്നാൽ ആളുകളെ ഒഴിപ്പിക്കാനുള്ള സംവിധാനവും പദ്ധതികളും ഉണ്ടായിരിക്കുകയും വേണം.

ആശുപത്രിയുടെ നിർമ്മാണം: സാധ്യമായ ദുരന്തങ്ങൾ നേരിടാൻ സജ്ജമായിരിക്കണം ആശുപത്രിയുടെ നിർമ്മാണം. ഭൂകമ്പസാധ്യതയുള്ള സ്ഥലത്ത് ഭൂകമ്പത്തിൽ തകരാത്തതരത്തിൽ കെട്ടിടം ഉണ്ടാക്കണം. ഉള്ള കെട്ടിടങ്ങളിൽ മെച്ചപ്പെടുത്തൽ (retrofitting) നടത്തി അപകടസാധ്യത കുറക്കണം. പഴയ പല ആശുപത്രികളും മരംകൊണ്ടുനിർമ്മിച്ചതാണ്. അവിടെ അഗ്‌നിബാധക്കുള്ള സാധ്യത ഉണ്ട്. അപ്പോൾ അഗ്‌നിശമന സംവിധാനങ്ങൾ കൃത്യമായും ഉണ്ടായിരിക്കണം. ഉപയോഗിക്കാൻ ജീവനക്കാർക്ക്പരിശീലനം ഉണ്ടായിരിക്കുകയും വേണം.

എമർജൻസി മാനേജ്‌മെന്റ് സിസ്റ്റം: ആശുപത്രികൾ അപകടസമയത്ത് പ്രവർത്തിക്കുന്നതിന് പരിചയമുള്ളവർ ആണെങ്കിലും ആശുപത്രിക്ക് അപകടം വന്നാൽ എന്തുചെയ്യണം എന്നതിനെപ്പറ്റി സൂക്ഷ്മമായി ചിന്തിച്ച് കൃത്യമായ തയ്യാറെടുപ്പുകൾ വേണം. രോഗികളുടേയും ആശുപത്രി ജീവനക്കാരുടേയും ജീവൻ എങ്ങനെ രക്ഷിക്കും, വൈദ്യുതി നിലച്ചാൽ എന്ത് ബാക്ക് അപ്പ് ഉണ്ട്, വാർത്താവിനിമയ സംവിധാനം എങ്ങനെ തകരാറിലാവാതെ നോക്കും, അതിനു എന്തു ബാക്ക് അപ്പ് (ഒരു ഹാം ഹാം റേഡിയോ സംവിധാനം ഉണ്ടാകുന്നത് നല്ലതാണ്). ആശുപത്രിയിലെ വിലകൂടി ഉപകരണങ്ങൾ എങ്ങനെ സംരക്ഷിക്കും എന്നിങ്ങനെ ഉള്ള കാര്യങ്ങൾഎല്ലാം മുൻകൂർ ആലോചിച്ച് പ്രത്യേകിച്ച് പദ്ധതികൾ ഉണ്ടാക്കണം. ഇടക്കിടക്ക് മോക്ക് ഡ്രിൽ നടത്തി നോക്കുകയും വേണം.

ജീവനക്കാരെ പിശീലിപ്പിക്കണം: മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും. പക്ഷെ, ദുരന്തസമയത്ത്അവർ സ്വന്തം ജീവൻ രക്ഷിക്കാൻകൂടെ ബാധ്യസ്ഥരാണ്. അതിനുവേണ്ടി പരിശീലനം ജീവനക്കാർക്ക് പ്രത്യേകം നല്കണം. അപകട സമയത്ത് ഡോക്ടർമാർ സ്ഥലം വിട്ടു എന്നതാണ് പല ദുരന്തതിലെയും പ്രധാന പരാതി. ഏതു സാഹചര്യത്തിൽ ആര് ആശുപത്രി വിട്ടുപോകും, ബാക്കി നിൽക്കുന്നവർക്ക് എന്ത് സഹായം ചെയ്യും എന്നുള്ളകാര്യത്തിൽ ഒക്കെ മുൻകൂർ ആലോചിച്ച ഒരു പദ്ധതി ഉണ്ടാക്കുന്നത് അപകടസമയത്തെ കൺഫ്യൂഷനും പിൽക്കാലത്തെ പഴിചാരലും ഒക്കെ ഒഴിവാക്കാൻ സഹായിക്കും

ആശുപതികൾ തമ്മിലുള്ള സംയോജനം: കേരളത്തിൽ നമുക്ക് സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലും അനവധി വലുതും ചെറുതും ആയ ആശുപത്രികൾ ഉണ്ട്. അപകട സമയത്ത് ഇവയെല്ലാം ഒറ്റെക്കെട്ടായി പ്രവർത്തിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. ഇത് രോഗികളെ പരസ്പരം മാറ്റുന്നതോ ഡോക്ടർമാരെ കൂടുതൽ സ്വീകരിക്കുന്നതോ ഒക്‌സിജൻ പോലുള്ള അത്യാവശ്യ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതോ ഒക്കെ ആവാം. ഇതിനെല്ലാം മുൻകൂട്ടി തന്നെ പദ്ധതി ഉണ്ടാക്കിയാൽ അപകടം വരുമ്പോൾ എളുപ്പത്തിൽ കാര്യങ്ങൾ നടപ്പിലാക്കാം.

ചെന്നൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് രണ്ടു കാര്യങ്ങൾ ചെയ്യാം. ഒന്നാമത് കേരളത്തിലെ എല്ലാ ആരോഗ്യസംവിധാനതിന്റെയും അപകട സാധ്യതയും മുൻകരുതലുകളും ആരോഗ്യവകുപ്പ് ഒരു സർവേ നടത്തി കണ്ടു പിടിക്കുക. ഒരു ലളിതമായ ചോദ്യാവലി കൊണ്ട് എളുപ്പത്തിൽ ആശുപത്രിയിൽ ഉള്ളവർക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളൂ. അതെ സമയത്ത് തന്നെ കേരളത്തിലെ അപകട സാധ്യത ഉള്ള സ്ഥലങ്ങൾ (അത് ഭൂകമ്പം പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ മൂലമോ മനുഷ്യർ ഉണ്ടാക്കിയ സംവിധാനങ്ങളിൽ വരുന്ന അപകടമോ ആവാം) മാപ്പ് ചെയ്യുക. അപകട സാധ്യത കൂടിയതും എന്നാൽ വേണ്ടത്ര സുരക്ഷിതവും അല്ലാത്ത ആശുപത്രികൾ കേന്ദ്രീകരിച്ചു ആദ്യം പരിഹാരങ്ങൾ നടത്തുക. അതെ സമയം തന്നെ എല്ലാ ആരോഗ്യ സംവിധാനങ്ങളും പാലിക്കേണ്ട മിനിമം ദുരന്ത പ്രതിരോധ പദ്ധതികൾക്ക് ഒരു മാർഗ്ഗ രേഖ ഉണ്ടാക്കുക. ചെന്നയിലെ ദുരന്തത്തിൽ നിന്നും നമ്മുടെ ആരോഗ്യ വകുപ്പ് ഇത്രയും ഒക്കെ പഠിച്ചാൽ അതൊരു വലിയ പുരോഗതി ആയിരിക്കും. ഇതൊക്കെ ചെയ്യാതെ ചെന്നൈയിലേക്ക് തുണിയും പണവും അയച്ച് അപകടം എല്ലാം ഇപ്പോഴും മറ്റുള്ളവര്ക്ക് വരുന്നതാണെന്ന് വിചാരിച്ചു നാം ഇരിക്കുന്നത് മണ്ടത്തരം ആണ്. ഇതൊന്നും നാം ഇപ്പോഴേ ചെയ്തില്ലെങ്കിൽ അപകടം വന്നു കഴിഞ്ഞു സങ്കടപ്പെട്ടിട്ടോ കുറ്റപ്പെടുത്തിയിട്ടോ കാര്യം ഇല്ല.