യർപോർട്ടുകളിലെ സുരക്ഷാ പരിശോധന ചിലപ്പോൾ മണിക്കൂറുകളോളം നീളുന്നതും യാത്രക്കാരുടെ മനംമടുപ്പിക്കുന്നതുമായ പ്രക്രിയയായി മാറാറുണ്ട്. എന്നാൽ വിമാനത്താവളങ്ങളിൽ ഓട്ടോമേറ്റഡ് കിയോസ്‌കുകൾ സുരക്ഷാ പരിശോധനയ്ക്കായി ഏർപ്പെടുത്തി പരിശോധന വെറും നാല് മിനുറ്റിനുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് നടപ്പിലായാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പകരം മെഷീനുകളായിരിക്കും യാത്രക്കാരെ ചോദ്യം ചെയ്യുകയെന്നും സൂചനയുണ്ട്. നിലവിൽ തീവ്രവാദ ആക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ ലോകമാകമാനമുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ പതിവിലുമധികം നീളുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് അധികൃതർ ഗൗരവമായി ആലോചിച്ച് വരുന്നത്.

ഇത്തരത്തിൽ സുരക്ഷാ പരിശോധന പതിവിലുമധികം സമയമെടുക്കുന്നതിനാൽ പാൽമയിലെ ഒരു എയർപോർട്ടിൽ ആയിരക്കണക്കിന് യാത്രക്കാർക്കാണ് വിമാനങ്ങളിൽ കയറാൻ സാധിക്കാതെ പോകുന്നത്. എന്നാൽ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഈ വക ബുദ്ധിമുട്ടുകൾ തീർത്തും ഇല്ലാതാകുന്നതിനാണ് വഴിയൊരുങ്ങുന്നത്. ഇതനുസരിച്ച് ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കിയോസ്‌ക് ബോർഡർ കൺട്രോളിൽ ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്രക്കാരെ പരിശോധിക്കുകയുമാണ് ചെയ്യുന്നത്. ഇതിലൂട കളവ് പറയുകയും കൃത്രിമത്വം കാട്ടുകയും ചെയ്യുന്ന യാത്രക്കാരെ എളുപ്പത്തിൽ പിടികൂടാൻ സാധിക്കുമെന്നും പുതിയ സംവിധാനത്തിന്റെ ഉപജ്ഞാതാക്കൾ അവകാശപ്പെടുന്നു.

നാല് മിനുറ്റിനുള്ളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാമെന്നതിന് പുറമെ ഈ സംവിധാനം 90 ശതമാനം വിജയപ്രദവും പഴുതുകൾ ഇല്ലാത്തതുമാണെന്നും തെളിഞ്ഞിട്ടുണ്ട്. ' നിങ്ങൾ ഇതിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ..?'പോലുള്ള ചോദ്യങ്ങളായിരിക്കും ഈ മെഷീൻ യാത്രക്കാരോട് ചോദിക്കുന്നത്. തുടർന്ന് മെഷീൻ ആളുകളുടെ കണ്ണും വോയിസ് പിച്ചും സ്‌കാൻ ചെയ്യുന്നതാണ്. ഇതിലൂടെ കളവ് പറയുന്നവരെ എളുപ്പം പൊക്കാൻ സാധിക്കും. മിസൗറിസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

അതിർത്തികൾ കടക്കുന്നതിന്റെ വിശ്വാസ്യതയും വേഗതയയും മെച്ചപ്പെടുത്തുന്നതിനാണിത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സുരക്ഷാ പരിശോധനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഇതിലൂടെ പരിഹരിക്കാനാവുമെന്നാണ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. നാഥൻ ടൈ്വമാൻ പറയുന്നത്. ഈ കിയോസ്‌ക് യാത്രക്കാരോട് ഒരിക്കലും വിവേചനത്തോടെ പെരുമാറില്ലെന്നും തികച്ചും ശാസ്ത്രീയമായ പരിശോധനയാണ് ഇതിലൂടെ നടക്കുകയെന്നും അദ്ദേഹം അവകാശപ്പെടുന്നു. പരിശോധനക്ക് ഇരിക്കുന്ന മനുഷ്യരോട് തുറന്ന് പറയുന്നതിനേക്കാൾ സുതാര്യമായി യാത്രക്കാർ ഈ ടെക്‌നോളജിയോട് എല്ലാം തുറന്ന് പറയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.