ഇടുക്കി: മുല്ലപ്പെരിയാറിൽ വൻ സുരക്ഷ വീഴ്ച നടന്നതായി റിപ്പോർട്ട്. ഡാമിൽ ഒരു സംഘം അനധികൃതമായി സന്ദർശനം നടത്തിയെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേരള പൊലീസിൽ നിന്നും വിരമിച്ച രണ്ട് എസ് ഐമാർ അടക്കം നാല് പേരാണ് സന്ദർശനം നടത്തിയതെന്നാണ് വിവരം. തമിഴ്‌നാടിന്റെ ബോട്ടിലാണ് ഇവർ നാല് പേരും എത്തിയത്. എന്നാൽ ഇവരെ പൊലീസ് തടഞ്ഞില്ല. സംഭവം വിവാദമായതോടെ നാല് പേർക്കെതിരെയും പൊലീസ് കേസടുത്തു.

ഞായറാഴ്ചയാണ് ഇങ്ങനെയൊരു സംഭവം നടന്നത്. മലയാളികളായ ഇവർ തമിഴ്‌നാടിന്റെ ഡാം സന്ദർശിച്ച് മടങ്ങുകയായിരുന്നു. ഡൽഹി പൊലീസിൽ ഇപ്പോൾ സർവീസിലുള്ള ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ മകനുമാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ. കൂടാതെ ഇവരോടൊപ്പം തമിഴ്‌നാട്ടിലെ എക്സിക്യുട്ടീവ് എഞ്ചിനിയറും സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവർ ഡാം സന്ദർശിച്ചതെന്നാണ് വിവരം. ഇവരുടെ പേരുകൾ ഡാമിന്റെ എൻട്രി ലിസ്റ്റിൽ ചേർത്തിട്ടില്ല. ഇത് സന്ദർശനത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. മുല്ലപ്പെരിയാറിന്റെ ചുമതലയുള്ള പൊലീസ് ഡിവൈഎസ്‌പി ഉൾപ്പടെയുള്ളവർ ഇക്കാര്യം വൈകിയാണ് അറിഞ്ഞത്.

നേരത്തെ മുല്ലപ്പെരിയാർ വിഷയം ചർച്ചയായിരുന്ന സമയത്ത് എം പിയായ ഡീൻ കുര്യാക്കോസിനും മുൻ ജലസേചന മന്ത്രി എൻ കെ പ്രേമചന്ദ്രനും ഡാം സന്ദർശിക്കാനുള്ള അനുമതി സർക്കാർ നിഷേധിച്ചിരുന്നു. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് ഇവർക്ക് സന്ദർശനാനുമതി നിഷേധിച്ചത്.

അതേസമയം, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന സമയത്താണ് കേരള പൊലീസിന്റെ വീഴ്ച. അവിടെ കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്നും കേന്ദ്രസേന സുരക്ഷ ഒരുക്കണമെന്നുമാണ് തമിഴ്‌നാട് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.