- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യാന്മറിലെ പട്ടാള അട്ടിമറിയെ അപലപിക്കാനാകാതെ യുഎൻ സുരക്ഷാ സമിതി; കൂടുതൽ സമയം ആവശ്യപ്പെട്ട് ചൈനയും റഷ്യയും; മ്യാന്മറിലെ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിന് വ്യക്തമായ സൂചന നൽകണമെന്ന് ക്രിസ്റ്റ്യൻ ബർഗെനർ; സുരക്ഷാ കൗൺസിൽ ചർച്ച തുടരുകയാണെന്നും റിപ്പോർട്ട്; ഓങ് സാൻ സൂ ചി എവിടെയെന്നതിന് ഇനിയും വ്യക്തതയില്ല
ന്യൂയോർക്ക്: മ്യാന്മറിലെ പട്ടാള അട്ടിമറിയെ അപലപിക്കാനുള്ള സംയുക്ത പ്രസ്താവന പാസാക്കാനാകാതെ യുഎൻ സുരക്ഷാ സമിതി. മ്യാന്മറിലെ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി അവതരിപ്പിച്ച പ്രമേയം സംബന്ധിച്ച് കൂടുതൽ സമയം അനുവദിക്കണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെടുകയായിരുന്നു. അതേസമയം, നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. "ചൈനയും റഷ്യയും കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്," ഒരു നയതന്ത്രജ്ഞൻ എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു. " പ്രസ്താവന ഇപ്പോഴും ചർച്ചയിലാണ്," മറ്റൊരു നയതന്ത്രജ്ഞൻ സ്ഥിരീകരിച്ചു.
"ജനാധിപത്യത്തെ പിന്തുണച്ച് വ്യക്തമായ സൂചന നൽകണം" എന്നായിരുന്നു 15 അംഗ കൗൺസിൽ യു.എന്നിന്റെ പ്രത്യേക സ്ഥാനപതി ക്രിസ്റ്റ്യൻ ബർഗെനർ ആവശ്യപ്പെട്ടത്. "സൈന്യം അടുത്തിടെ സ്വീകരിച്ച നടപടികളെ ഞാൻ ശക്തമായി അപലപിക്കുന്നു, മ്യാന്മറിലെ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിന് വ്യക്തമായ ഒരു സൂചന നൽകണമെന്ന് നിങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു," ബർഗെനർ കൗൺസിലിൽ പറഞ്ഞു.
" സമീപകാല തിരഞ്ഞെടുപ്പിന്റെ ഫലം നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) യുടെ തകർപ്പൻ വിജയമായിരുന്നു," അവർ പറഞ്ഞു. "വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള സൈന്യത്തിന്റെ നിർദ്ദേശം നിരുത്സാഹപ്പെടുത്തണം." അട്ടിമറിയെ അപലപിക്കുകയും നിയമവാഴ്ചയെയും മനുഷ്യാവകാശങ്ങളെയും മാനിക്കാനും സൈന്യം നിയമവിരുദ്ധമായി തടങ്കലിലാക്കിയവരെ മോചിപ്പിക്കാനും ബ്രിട്ടൻ തയ്യാറാക്കിയ സാധ്യമായ പ്രസ്താവനയെക്കുറിച്ച് സുരക്ഷാ കൗൺസിൽ ചർച്ച നടത്തുന്നുണ്ടെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു. അത്തരം പ്രസ്താവനകൾ സമവായത്തിലൂടെ അംഗീകരിക്കേണ്ടതുണ്ട്.
അതേസമയം, എത്രയും വേഗം ഭരണം രാഷ്ട്രീയ നേതൃത്വത്തെ തിരികെ ഏൽപിക്കണമെന്നും തടവിലാക്കിയ നേതാക്കളെ വിട്ടയ്ക്കണമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടും മ്യാന്മൻ സൈന്യത്തിന് കുലുക്കമില്ല. പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യാന്തര തലത്തിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മ്യാന്മർ പ്രശ്നം. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും അതിനു യുഎസിന്റെ നേതൃത്വവും പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബൈഡൻ ആദ്യം നേരിട്ടത് റഷ്യയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളാണ്. അതു പക്ഷേ, വർഷങ്ങളായുള്ള പ്രശ്നങ്ങളുടെ തുടർച്ചയാണ്. പുതിയൊരു പ്രതിസന്ധി ഉയർന്നുവന്നതു മ്യാന്മറിലാണ്. ഉപരോധം ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ ബൈഡൻ നൽകിയിട്ടുണ്ട്. ഇതേസമയം, മ്യാന്മറിനെതിരെ നടപടികളിലേക്കു കടന്നാൽ അതു മുതലെടുക്കുക ചൈന ആയിരിക്കുമെന്ന മറുവാദവും ഉയരുന്നുണ്ട്. മ്യാന്മറിലെ നിക്ഷേപത്തിൽ ഇപ്പോൾത്തന്നെ ചൈനയാണു രണ്ടാം സ്ഥാനത്ത് (ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ).
ഓങ് സാൻ സൂ ചി എവിടെയെന്നും വ്യക്തതയില്ല
രാജ്യതലസ്ഥാനമായ നെയ്പീതോയിലാണു ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചി (75) യെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നു റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും സൈന്യം മൗനം പാലിക്കുകയാണ്. രാജ്യം പൂർണമായും പട്ടാള നിയന്ത്രണത്തിലാണെന്നു റിപ്പോർട്ടുകൾ. ഓങ് സാൻ സൂ ചി എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു തരത്തിലുള്ള സൂചനയും ലഭ്യമല്ല.
മ്യാന്മർ സ്വാതന്ത്ര്യസമര നായകനും രാഷ്ട്രപിതാവുമായ ഓങ് സാനിന്റെ മകളായി 1945ലാണ് സൂ ചിയുടെ ജനനം. സൂ ചിക്കു വെറും രണ്ടു വയസ്സുള്ളപ്പോൾ, 1947 ജൂലൈയിൽ ഓങ് സാൻ വധിക്കപ്പെട്ടു. ആറുമാസം കൂടി കഴിഞ്ഞ് 1948 ജനുവരിയിൽ രാജ്യം സ്വതന്ത്രമായി. ഇന്ത്യയിലെ ബർമീസ് സ്ഥാനപതിയായി സൂ ചിയുടെ അമ്മ 1960ൽ നിയോഗിക്കപ്പെട്ടു (ബർമ എന്ന രാജ്യം മ്യാന്മർ എന്ന ഔദ്യോഗിക പേരിലേക്കു മാറുന്നത് 1989ലാണ്). 15 വയസ്സുകാരി സൂ ചിയും അമ്മയ്ക്കൊപ്പം ഡൽഹിയിലെത്തി പഠനം തുടർന്നു. സ്വതന്ത്ര ബർമയിൽ അപ്പോഴേക്കും ജനാധിപത്യം അസ്തമിച്ചുതുടങ്ങിയിരുന്നു. 1962ൽ പട്ടാള അട്ടിമറി നടന്നു. പ്രതിപക്ഷ പാർട്ടികളെയെല്ലാം നിരോധിച്ചു. ഭരണ, സാമ്പത്തിക മേഖലകളെല്ലാം സൈന്യത്തിന്റെ നുകത്തിനു കീഴിലായി.
ഡൽഹിയിൽനിന്ന് ഉപരിപഠനത്തിനായി ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിലെത്തിയ സൂ ചി, അവിടത്തെ ചരിത്രവിഭാഗത്തിലെ മൈക്കൽ ആരിസിനെ വിവാഹം കഴിച്ചു. ഭർത്താവും അലക്സാണ്ടർ, കിം എന്നീ രണ്ടു മക്കളുമായി ബ്രിട്ടനിൽ താമസമാക്കിയ സൂ ചി, രോഗബാധിതയായ അമ്മയെ കാണാനാണ് 1988ൽ മ്യാന്മറിലേക്കു തിരിച്ചെത്തുന്നത്. പട്ടാളഭരണത്തിൽ പിടഞ്ഞ്, സാമ്പത്തികമായി തകർന്നടിഞ്ഞ മ്യാന്മറിലെ ജനാധിപത്യപ്പോരാട്ടത്തിന്റെ തീച്ചൂളയിലേക്കായിരുന്നു സൂ ചിയുടെ മടങ്ങിവരവ്. അച്ഛന്റെ മകളാണു താനെന്നു പ്രഖ്യാപിച്ച അവർ പിന്നീടു സമരനേതൃത്വം ഏറ്റെടുത്തു. 1988 ഓഗസ്റ്റിലെ ‘8888 പ്രക്ഷോഭത്തിൽ' (8–8–88 എന്ന തീയതിയുടെ സൂചകം) 5000 പേരാണു കൊല്ലപ്പെട്ടത്. തൊട്ടടുത്തമാസം സൂ ചി നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) എന്ന രാഷ്ട്രീയപ്പാർട്ടിക്കു രൂപം നൽകി.
തടവുകാലത്തെ സമാധാന നൊബേൽ
1990ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയതോടെ ഭരണം കൈമാറാൻ വിസമ്മതിച്ച സൈന്യം സൂ ചിയെ തടവിലാക്കി. പിന്നീടുള്ള 20 വർഷത്തിനിടെ പല തവണയായി 15 വർഷത്തിലേറെ സൂ ചിക്കു തടവുജീവിതം തന്നെയായിരുന്നു. ഇതിനിടയിൽ 1991ൽ സൂ ചിക്കു ലഭിച്ച നൊബേൽ സമാധാന സമ്മാനം മ്യാന്മർ ജനാധിപത്യപ്പോരാട്ടത്തിനുള്ള അംഗീകാരമായി.
2003ൽ സൂ ചിയുടെ അനുയായികളായ 70 പേർ വധിക്കപ്പെട്ടു. സൈന്യത്തിന്റെ സിൽബന്തികളായ യുഎസ്ഡിഎ എന്ന സംഘമായിരുന്നു ഇതിനു പിന്നിൽ. ഇതുതന്നെയാണ് പിന്നീട് യുഎസ്ഡിപി (യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി) എന്ന പേരിൽ സൈന്യത്തിന്റെ സ്വന്തം രാഷ്ട്രീയ സംഘടനയായി മാറിയത്. 2010ൽ സൂ ചിയെ വിട്ടയയ്ക്കുന്നതിനു തൊട്ടുമുൻപു നടത്തിയ തിരഞ്ഞെടുപ്പ് എൻഎൽഡി ബഹിഷ്കരിച്ചതിനാൽ സൈന്യത്തിന്റെ സ്വന്തമായ യുഎസ്ഡിപിക്കു ഭരണം എളുപ്പത്തിൽ കിട്ടി. 2012ലെ ഉപതിരഞ്ഞെടുപ്പിൽ 44 സീറ്റുകളിലേക്കു മത്സരിച്ച എൻഎൽഡി എല്ലാം പിടിച്ചെടുത്ത് കരുത്തുകാട്ടി; സൂ ചി പാർലമെന്റിലെത്തി പ്രതിപക്ഷനേതാവായി. 2015ൽ എൻഎൽഡി ഉജ്വലവിജയം നേടി; സ്റ്റേറ്റ് കൗൺസിലർ എന്ന പദവി സ്വീകരിച്ചു.
ഓങ് സാൻ സൂ ചിയുടെ മോചനത്തിനായി ഐക്യരാഷ്ട്ര സംഘടനയും ലോകരാഷ്ട്രങ്ങളും സമ്മർദം ചെലുത്തുമ്പോൾ രാജ്യത്ത് നിയന്ത്രണം കടുപ്പിക്കുകയാണ് സൈന്യം. സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ് (64) ഭരണം ഏറ്റെടുത്തതായി സൈനിക ടിവി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. രോഹിൻഗ്യ മുസ്ലിംകൾക്കെതിരെ 2017 ൽ സൈന്യം നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘന കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന മിൻ ഓങ് ലെയ്ങ്ങിന്റെ ഭരണത്തിൽ രോഹിൻഗ്യ മുസ്ലിംകളുടെ സുരക്ഷ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയും ലോകരാഷ്ട്രങ്ങളും ആശങ്കയിലാണ്.
മ്യാന്മറിൽ ദുരിത ജീവിതം നയിക്കുന്ന, അവശേഷിക്കുന്ന ആറു ലക്ഷത്തോളം വരുന്ന രോഹിൻഗ്യ മുസ്ലിംകളെ മിൻ ഓങ് ലെയ്ങ്ങിന്റെ കീഴിലുള്ള പട്ടാളഭരണം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക പങ്കുവച്ച് ഐക്യരാഷ്ട്ര സംഘടന രംഗത്തു വന്നു കഴിഞ്ഞു. 2017 ൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ റാഖൈനിൽ സൈന്യം നടത്തിയ വംശീയ അതിക്രമങ്ങളെത്തുടർന്ന് ഏഴു ലക്ഷത്തിലേറെ രോഹിൻഗ്യ മുസ്ലിംകളാണു പലായനം ചെയ്യേണ്ടിവന്നത്. ഈ നടപടിക്കു നേതൃത്വം നൽകിയതു ലെയ്ങ്ങായിരുന്നു. മ്യാന്മറിൽ അവശേഷിക്കുന്ന രോഹിൻഗ്യകളെ അഭയാർഥികളാക്കി മാറ്റുന്നതിന് പട്ടാള അട്ടിമറി കാരണമാകുമോയെന്ന് ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും ഭയപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ