ബിലാസ്പൂർ: മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മർദ്ദിച്ചു. മഹാവീർ എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിലെ സിപത് പട്ടണത്തിലാണ് ഒരു സംഘം ആളുകൾ ചേർന്ന് സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി മർദ്ദിച്ചത്. പൊലീസ് സ്ഥലത്തെത്തി മഹാവീറിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രതികൾ മഹാവീറിനെ അധിക്ഷേപിക്കുകയും ദയയ്ക്കായി കരയുകയും യാചിക്കുകയും ചെയ്യുമ്പോൾ വടികൊണ്ട് മർദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തം. മറ്റൊരു വീഡിയോ ദൃശ്യങ്ങളിൽ മഹാവീറിനെ മരത്തിൽ കെട്ടിത്തൂക്കിയിരിക്കുന്നത് കാണാം. അയാൾ നിലവിളിക്കുകയും സഹായത്തിനായി കേഴുകയും ചെയ്യുമ്പോഴും പ്രതികൾ മർദ്ദിക്കുന്നത് തുടരുകയാണ്.

ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഈ ആഴ്ച ആദ്യം മോഷണം നടത്താൻ മഹാവീർ തന്റെ വീട്ടിൽ കയറിയെന്നും എന്നാൽ വീട്ടുകാർ കൈയോടെ പിടികൂടിയെന്നും പ്രതികളിലൊരാളായ മനീഷ് പൊലീസിനോട് പറഞ്ഞതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വികാസ് കുമാർ പറഞ്ഞു.

മഹാവീർ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയതിനാലാണ് മർദ്ദിച്ചതെന്നാണ് മനീഷ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ് എച്ച് ഒ അറിയിച്ചു. ഇരു കക്ഷികളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മുന്നറിയിപ്പ് നൽകി വിട്ടയക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് മനീഷും സംഘവും മഹാവീറിനെ പിടിച്ച് മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചത്. ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീ വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ വന്ന് ഒരു സംഘം ആളുകൾ മഹാവീറിനെ മർദിക്കുന്നതായി അറിയിക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ പറഞ്ഞു.