മെൽബൺ: തീവ്രവാദ ഭീഷണിയെത്തുടർന്ന് രാജ്യത്തെ 54 സ്‌കൂളുകളിൽ സുരക്ഷ കർശനമാക്കുന്നു. ഇവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുകയും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് സ്‌കൂളുകൾ കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 54 സ്‌കൂളുകളിൽ സുരക്ഷാ സന്നാഹം സജ്ജമാക്കുന്നത്.

ഭീകരാക്രമണം, എത്‌നിക്ക് വയലൻസ് എന്നിവ നടക്കാൻ സാധ്യതയുള്ള സ്‌കൂളുകൾക്കാണ് സുരക്ഷ കർശനമാക്കുന്നത്. സ്‌കൂളുകളുടെ സുരക്ഷയ്ക്കായി 18 മില്യൺ ഡോളറിന്റെ ധനസഹായം നീതിന്യായ വകുപ്പ് മന്ത്രി മൈക്കിൾ കീനൻ പ്രഖ്യാപിച്ചിട്ടുണ്ട്. 54 സ്‌കൂളുകളിലേയും കുട്ടികളുടെ സുരക്ഷയ്ക്കായി മാത്രമാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഫെഡറൽ സർക്കാർ സ്‌കൂളുകളിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതും സ്‌കൂൾ സുരക്ഷയ്ക്കായി ധനസഹായം ഏർപ്പെടുത്തുന്നു. സുരക്ഷ കർശനമാക്കിയ സ്‌കൂളുകളിൽ പകുതിയിലേറേയും ഇസ്ലാമിക്, യഹൂദ സ്‌കൂളുകളാണ്. ഇതിൽ 29 എണ്ണം ന്യൂ സൗത്ത് വേൽസിലും 15 എണ്ണം വിക്ടോറിയയിലുമാണ്. സർക്കാർ സ്‌കൂളുകളും സ്വതന്ത്ര മാനേജ്‌മെന്റ് സ്‌കൂളുകളും ഇക്കൂട്ടത്തിൽപെടുന്നുണ്ട്.

അതേസമയം ഏതെങ്കിലും സ്‌കൂളിനു നേരെ പ്രത്യേക ഭീകരാക്രമണ ഭീഷണി നിലവിൽ ഇല്ലെന്നും പക്ഷേ,  മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് സർക്കാർ സുരക്ഷ ഏർപ്പെടുത്തുന്നതെന്നും കീനൻ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾ സുരക്ഷിതമായ അന്തരീക്ഷത്തിൽ പഠനം നടത്തേണ്ടത് അവരുടെ അവകാശമാണെന്നും അതിനുള്ള അവസരം സർക്കാർ ചെയ്തുകൊടുക്കുകയാണെന്നും സിഡ്‌നിയിൽ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കീനൻ പറഞ്ഞു. വംശീയമോ വർഗീയമോ ആയ എല്ലാവിധ ആക്രമണങ്ങളിൽ നിന്നും സ്‌കൂളുകൾക്ക് സംരക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ധനസഹായം നൽകുന്നത്. സെക്യൂരിറ്റി ഗാർഡുകളുടെ നിയമനം, സിസിടിവി ക്യാമറകൾ, ലൈറ്റിങ്, സുരക്ഷാ മതിലുകൾ എന്നിവയ്ക്കുള്ള ചെലവിലേക്കാണ് 18 മില്യൺ ഡോളർ.

കഴിഞ്ഞ വർഷം പടിഞ്ഞാറൻ സിഡ്‌നിയിലെ ഒരു സ്‌കൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് കൊടി ഉയർത്തുകയും ക്രിസ്ത്യാനികൾക്കു നേരെ വധഭീഷണി ഉയരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകൾക്ക് സർക്കാർ ധനസഹായം ഏർപ്പെടുത്തിയത്. ചില സ്‌കൂളുകളിൽ നിന്ന് തീവ്രവാദികൾ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടോ എന്ന സംശയവും ഇടയ്ക്ക് ബലപ്പെട്ടിരുന്നു. ഔവർ ലേഡി ഓഫ് ലെബനോൻ ചർച്ച്, സിഡ്‌നി വെസ്റ്റിലെ ഹാരീസ് പാർക്കിലുള്ള ദ മാരോനൈറ്റ് കോളേജ് ഓഫ് ദ ഹോളി ഫാമിലി എന്നിവിടങ്ങളിൽ സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളതായി ന്യൂ സൗത്ത് വേൽസ് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരേ വധഭീഷണി ഉയർന്നിട്ടുള്ളതായാണ് കണ്ടെത്തിയത്. കൂടാതെ സിഡ്‌നിലെ കിഴക്കൻ പ്രവിശ്യയിലുള്ള ഒരു യഹൂദ സ്‌കൂൾ ബോംബ് പ്രൂഫ് മതിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.