കോതമംഗലം: ഇക്കാഴ്ച കണ്ടാൽ ആരുമൊന്ന് ഭയക്കും. ബെൽറ്റോ, വടമോ ഇല്ല. ചാടി നടന്നും അള്ളിപ്പിടിച്ചും കയറി നിർമ്മാണം. പിടിവിടട്ടാൽ..അതാലോചിക്കാൻ പോലും കാഴ്ചക്കാർക്ക് കഴിയുന്നില്ല. പെരിയാർവാലിയുടെ ഭൂതത്താൻകട്ട് അണക്കെട്ടിന്റെ അറ്റകുറ്റപണികൾ പുരോഗമിക്കുമ്പോഴാണ് ഈ കടുത്ത സുരക്ഷാവീഴ്ച.

ഷട്ടറുകളെ മോട്ടറുകളുമായി ബന്ധിപ്പിക്കുന്ന ചങ്ങല സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൂറ്റൻ ചങ്ങലകൾ ബന്ധിപ്പിക്കാൻ ജീവനക്കാർ ഷട്ടറിന്റെ ഭാഗത്തേക്കിറങ്ങുന്നത് കാഴ്ചക്കാരിൽ അമ്പരപ്പ് ഉളവാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.പാലത്തിൽ നിന്നും തൂണുവഴി അള്ളിപ്പിടിച്ച് ഇറങ്ങുകയാണ് ആദ്യപടി. പിന്നെ ചാടി ഷട്ടറിന്റെ മേൽഭാഗത്ത് നിലയുറപ്പിക്കും .തുടർന്ന് താഴേക്ക്. ഇടയ്ക്ക് ബാലൻസ് തെറ്റിയാൽ ജലാശയത്തിലോ പാലത്തിന്റെ തൂണിനോട് ചേർന്നുള്ള കോൺക്രീറ്റ് തറയിലോ ആവും പതിക്കുക.

ഷട്ടറിനോട് ചേർന്ന ഭാഗത്ത് ജലാശയത്തിൽ അടിയൊഴുക്ക് ശക്തമാണ്.ഇതുകൊണ്ടുതന്നെ ഇവിടെ നീന്തലറിയാവുന്നവർ വീണാൽ പോലും രക്ഷപെടുന്നതിന് സാധ്യത കുറവാണ്. മറുവശത്ത് തറയിൽ പതിച്ചാലും സ്ഥിതി ഏതാണ്ട് ഇതു തന്നെ.അപകടത്തിൽ പെടുന്ന ആൾ പൂർവ്വസ്ഥിതിയിൽ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വിരളവും.

ഡാമിലെത്തുന്ന മീൻ പിടുത്തക്കാരിൽ ഒരു വിഭാഗവും ഷട്ടറിന്റെ അരികിലൂടെ തൂങ്ങിയിറങ്ങിയാണ് താഴ്ഭാഗത്തെത്തുന്നത്.നിരവധി വാച്ചർമാരും ഉദ്യോഗസ്ഥരും കാൺകെയാണ് ജീവൻപന്താടിയുള്ള മീൻപിടുത്തമെന്നതാണ് വാസ്തവം.അസിസ്റ്റന്റ് എഞ്ചിനിയർ ഉൾപ്പടെയുള്ളവർ നോക്കുകുത്തികളായി നിൽക്കെയാണ് സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപറത്തി കരാറുകാരൻ ജോലി ചെയ്യിക്കുന്നതെന്നത്.നേരത്തെ ഷട്ടറിൽ ഇടിച്ച് ഫൈബർ ബോട്ട് തകർന്നതിനെത്തുടർന്ന് ജലാശയത്തിൽ അകപ്പെട്ട ന്യായാധിപൻ മരണപ്പെട്ടിരുന്നു.