മുംബൈ: റിപ്പബ്ലിക് ദിനത്തിൽ ഐഎസ് ആക്രമണമുണ്ടാകുമെന്ന് രേഖപ്പെടുത്തിയ കുറിപ്പ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ കാർഗോ ഏരിയയിൽ നിന്ന് കണ്ടെടുത്തു. ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാനടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കാർഗോ ഏരിയയിലെ ടോയ്‌ലെറ്റിൽ നിന്നാണ് പേപ്പറിലെഴുതിയ നിലയിൽ കുറിപ്പ് കിട്ടിയത്. 2018 ജനുവരി 26ന് ഐഎസ് ആക്രമണം ഉണ്ടാകുമെന്നാണ് കുറിപ്പിലെ ഉള്ളടക്കം. വിവരമറിഞ്ഞയുടൻ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

പരിഭ്രാന്തി സൃഷ്ടിക്കാൻ വേണ്ടി മാത്രം ആരെങ്കിലും ചെയ്തതാവാം ഇതെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. 2015ലെ റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായും സമാനരീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്ന് ടോയ്‌ലെറ്റ് ഭിത്തികളിൽ എഴുതിയ നിലയിലായിരുന്നു സന്ദേശം. ദിവസവും നിരവധി പേർ വന്നുപോവുന്ന ഇടമായതിനാൽ ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുക സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാകും.