കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ തടവുകാരിൽ അസ്വസ്ഥത പടരുന്നു. ഇതോടെ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ് ജയിലിലെ തടവുകാരുടെ അവസ്ഥ. ജയിലിലെ വി.ഐ.പികളായി പരിഗണിക്കപ്പെടുന്ന രാഷ്ട്രീയ തടവുകാരുടെ സെല്ലിലടക്കം കഴിഞ്ഞ മാസം തുടർച്ചയായി ഏഴു ദിവസത്തോളമാണ് ജയിൽ സെല്ലുകളിൽ റെയ്ഡു നടന്നത്.

സെല്ലുകളിൽ നിന്നും ഒന്നും ലഭിക്കാത്തതിനാൽ ജയിൽ വളപ്പിൽ ചരിത്രത്തിലാദ്യമായി ജെ.സി.ബി ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു' ഇതോടെയാണ് ജയിൽ വളപ്പിൽ കുഴിച്ചിട്ട മൊബൈൽ ഫോൺ സെറ്റുകൾ, ബാറ്ററി, പവർ ബാങ്ക്, കഞ്ചാവ് പൊതികൾ എന്നിവ കണ്ടെത്തിയത്. സാധാരണ തടവുകാർക്കായി കഞ്ചാവ് പൊതികൾ ചില നേരങ്ങളിൽ അജ്ഞാതർപുറത്തു നിന്നും എറിഞ്ഞു കൊടുക്കാറുണ്ടെങ്കിലും ഇപ്പോഴതും നിലച്ചിരിക്കുകയാണ്.

പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കണ്ണുർ സെൻട്രൽ ജയിലിൽ മയക്കുമരുന്ന് കേസിൽ റിമാൻഡിലായ പ്രതികളാണ് അതിക്രമം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിവിധ മയക്കുമരുന്ന് കേസുകളിൽ , കാസർകോട് ജില്ലയിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്യപ്പെട്ട പ്രതികളായ യുവാക്കളാണ് ജയിലിലും പുറത്തും മയക്കു മരുന്ന് ഉപയോഗിക്കാൻ ലഭിക്കാത്തതിനെ തുടർന്നാണ് മാനസിക വിഭ്രാന്തി കാണിച്ചത.

മയക്കുമരുന്ന് കേസിൽ റിമാൻഡിലായ കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർ അക്രമാസക്തരായത് ജയിലിനകത്തും പുറത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി ആംബുലൻസ് തകർത്ത സംഭവത്തിൽ കണ്ണൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട് സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അസ്‌ക്കറലി എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം സെപ്റ്റംബർ 30 നാണ് കേസിനാസ്പദമായ സംഭവം.എൻ ഡി പിഎസ് ആക്ട് പ്രകാരം റിമാൻഡ് ചെയ്ത പ്രതികളായ മുഹമ്മദ് ഇർഫാനും മുഹമ്മദ് അസ്‌ക്കറലിയും മയക്കുമരുന്ന് ലഭിക്കാത്തതിനെ തുടർന്ന് വിഡ്രോവൽ സിൻഡ്രം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആംബുലൻസ് കൊണ്ടു പോകുന്നതിനിടെയാണ് ഇരുവരും വീണ്ടും അക്രമാസക്തരായി ആംബുലൻസിന്റെ ചില്ലുകൾ തകർത്തത്. തുടർന്ന് ഇവരെ ബലം പ്രയോഗിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇരുവർക്കുമെതിരെ ആംബുലൻസ് തകർത്തതിന് കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്.ചൊവ്വാഴ്ച പുലർച്ചെ സെൻട്രൽ ജയിലിലെ തടവുകാരനായ തിരുവനന്തപുരം സ്വദേശിയും വിഡ്രോവൽ സിൻഡ്രം പ്രകടിപ്പിച്ച് ടൈൽസ് കൊണ്ട് കൈ ഞരമ്പ് മുറിച്ചതായും വിവരമുണ്ട്.

ജയിൽ അധികൃതർ ഉടൻതന്നെ ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും തുടർചികിത്സകൾക്കായി മനോരോഗ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതായാണ് വിവരം. എൻ ഡി പി എസ് ആക്റ്റ് പ്രകാരം റിമാൻഡിൽ ആവുന്ന പ്രതികളിൽ ഭൂരിഭാഗവും വിഡ്രോവൽ സിൻഡ്രം പ്രകടിപ്പിക്കാറുണ്ട്. ഈ അവസരത്തിൽ ഇവർ സ്വയം ചുമരിൽ തലയിടിച്ച് പരിക്കേൽപ്പിക്കുക, ടൈൽസ് പോലുള്ള വസ്തുക്കൾ കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുക, എന്നിവ ഉൾപ്പെടെ ചെയ്യാറുണ്ട്. ഇത് ജയിലിലെ ഉദ്യോഗസ്ഥർക്കാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.ഇതിനിടയിൽ ജയിലിൽ കഞ്ചാവ് വരവും മൊബൈൽ ഫോൺ ഉപയോഗവും നിലച്ചതോടെ മറ്റു തടവുകാരും അസ്വസ്ഥരാണ്. കഴിഞ്ഞ മാസം ജയിൽ സെല്ലുകളിലും വളപ്പിലും നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ കഞ്ചാവും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.