തിരുവനന്തപുരം: പുതുതലമുറ നിക്ഷേപകരുടെ ഇഷ്ടയിടമായ ക്രിപ്റ്റോകറൻസിയി വ്യാജന്മാരുടെ ഭീഷണിയിൽ.ഒറ്റനോട്ടത്തിൽ വ്യാജനാണെന്നു തിരിച്ചറിയാൻ കഴിയാത്ത ഇത്തരം ആപ്പുകൾ ഡൗൺലോഡു ചെയ്യുമ്പോൾത്തന്നെ അക്കൗണ്ടിൽനിന്നു പണം തട്ടാനാവശ്യമായ വിവരങ്ങൾ ശേഖരിച്ചിരിക്കും. അധികം വൈകാതെ ഇടപാടുകാരുടെ പണം നഷ്ടപ്പെടുകയും ചെയ്യും.ഇത്തരത്തിലാണ് തട്ടിപ്പ് നടക്കുന്നത്

നൂറ്റൻപ തിലേറെ വ്യാജ ട്രേഡിങ്ആപ്പുകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളുടെ ലോഗോയും പേരും ഉപയോഗപ്പെടുത്തിയാണു തട്ടിപ്പുകാർ ആപ്പുകൾ രൂപകല്പന ചെയ്യുന്നത്. ബ്രിട്ടനിലെ പ്രമുഖ സൈബർ സെക്യൂരിറ്റിക്കമ്പനി സോഫോസ് എന്ന സ്ഥാപനമാണ് വ്യാജ ആപ്പുകളെപ്പറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ക്രിപ്റ്റോകറൻസികളുടെ മൂല്യം അസാധാരണമായ വിധത്തിൽ കുതിച്ചുകയറുന്ന സാഹചര്യമുണ്ട്. ഇതിനാലാണു പുതുതലമുറനിക്ഷേപകർ ഈ മേഖലയിലേക്കുതിരിയുന്നത്. ഇതനുസരിച്ച് തട്ടിപ്പും പെരുകുകയാണ്.

സർക്കാരുകളുടെ നിയന്ത്രണമില്ലാതെ ലോകമാകെ ഓൺലൈനായി വിനിമയം ചെയ്യാവുന്ന കറൻസിയാണിത്. സങ്കീർണമായ ഗണിതശാസ്ത്രത്താലും കംപ്യൂട്ടർ എൻജിനിയറിങ്ങിനാലും നയിക്കപ്പെടുന്നതാണ് ക്രിപ്റ്റോകറൻസികൾ. ബിറ്റ്കോയിനാണ് ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയം. ഇന്ത്യ ഉൾപ്പെടെയുള്ള പലരാജ്യങ്ങളും ക്രിപ്റ്റോകറൻസികൾ അംഗീകരിച്ചിട്ടില്ല. എന്നാൽ, കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തടസ്സമില്ല.

ക്രിപ്റ്റോ കറൻസി ട്രേഡിങ്ങുമായി ബന്ധപ്പെട്ട പ്രമുഖ എക്സ്ചേഞ്ചുകൾ വിദേശരാജ്യങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. ഇവയുടെ വ്യാജപതിപ്പുകൾ വഴി ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെടുന്നവർക്കു നിയമനടപടിയുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്.