രാജ്യത്ത് നടത്തിവന്ന നിയമലംഘകർക്കായുള്ള പരിശോധനകൾക്ക് റമ്ദാൻ മാസത്തിലും ഇളവില്ലെന്ന് കുവൈറ്റ് പൊലീസ് അറിയിച്ചു. രാജ്യത്ത് ട്രാഫിക് നിയമലംഘകരെയും ഇഖാമ നിയമ ലംഘകരെയും പിടികൂടാനുള്ള പരിശോധന കർശനമായി മുന്നേറുകയാണ്. റമദാനിൽ ഇതുവരെ 229 പേർ പിടിയിലായതായും അധികൃതർ അറിയിച്ചു.

ആറ് ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിലാണ് സ്‌പോൺസർ മാറി ജോലി ചെയ്തവർ, ഇഖാമ കാലാവധി തീർന്നവർ, മദ്യം മയക്കുമരുന്ന് കച്ചവടം നടത്തിയവർ, വഴിവാണിഭക്കാർ, അനധികൃത ഇന്റർനെറ്റ് നടത്തിപ്പുകാർ എന്നിവർ അടക്കം 229 പേർ പിടിയിലായത്.

പള്ളികളിലും കച്ചവട സ്ഥാപനങ്ങളിലും ഭിക്ഷാടനത്തിൽ ഏർപ്പെട്ടവരും പിടിയിലായിട്ടുണ്ട്. യാചന നടത്തുന്നവരെ പിടികൂടുന്നതിന് വേണ്ടി പള്ളികൾ കേന്ദ്രീകരിച്ചുള്ള പരിശോധന കർശനമാക്കിയതായും പിടിയിലായവരെ നാട് കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 33 വാഹനങ്ങൾ പിടികൂടുകയും 1384 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.

അതിനിടെ റമദാനിൽ പച്ചക്കറികൾ, പഴങ്ങൾ, മാംസം തുടങ്ങിയവക്ക് അമിത വില ഈടാക്കുന്നതായി കണ്ടത്തെിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി . ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, വാണിജ്യ വ്യവസായം എന്നീ വകുപ്പുകൾ സംയുക്തമായി വിപണിയിൽ നിരീക്ഷണം തുടരുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടിയതായും വാണിജ്യ വ്യവസായ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല സഖ്ര് അൽ അൻസി പറഞ്ഞു.